കൊവിഡ് ബാധിച്ച ബ്രിട്ടീഷ് പൗരൻ താമസിച്ച ഹോട്ടലിലെ ജീവനക്കാരുടെ സ്രവങ്ങൾ പരിശോധനക്ക് അയച്ചു

By Web TeamFirst Published Mar 17, 2020, 6:23 PM IST
Highlights

വിദേശ ടൂറിസ്റ്റുകളെ തടയുന്നതും താമസിക്കാൻ ഇടം കിട്ടാത്തതും ശ്രദ്ധയിൽപ്പെട്ടതോടെ ഇവർക്കായി മൂന്നാറിലെ ബജറ്റ് ഹോട്ടൽ മാറ്റിവച്ചെന്ന് ജില്ലകളക്ടർ അറിയിച്ചു

ഇടുക്കി: കൊവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻ താമസിച്ച മൂന്നാർ ടീകൗണ്ടി ഹോട്ടലിൽ പനി ബാധിച്ച ആറ് ജീവനക്കാരുടെ സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചു. ജില്ലയിൽ 173 പേർ നിരീക്ഷണത്തിലാണ്. നീരീക്ഷണത്തിനുള്ള വിദേശികളെ പുറത്ത് വിടുന്ന ഹോട്ടൽ ഉടമകൾക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും ജില്ല ഭരണകൂടം അറിയിച്ചു.

മൂന്നാർ കെടിഡിസി ടീ കൗണ്ടി ഹോട്ടലിലെ 75 ജീവനക്കാരിൽ ആറ് പേർക്കാണ് പനിയും ചുമയുമുള്ളത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും മുൻ കരുതൽ എന്ന നിലയ്ക്കാണ് ആറ് പേരുടെ സ്രവം കൊവിഡ് പരിശോധനയ്ക്ക് അയച്ചത്. രോഗസാധ്യതയുള്ളവരുമായി സമ്പർക്കം പുലർത്തിയ 17 പേർ നിരീക്ഷണത്തിലാണ്. 

ടീ കൗണ്ടി റിസോട്ടുമായി ബന്ധപ്പെട്ട 81 പേരും നിരീക്ഷണത്തിലുണ്ട്. ഇതിനിടെ ജില്ലയിലെത്തുന്ന വിദേശ ടൂറിസ്റ്റുകളെ തടയുന്നതും താമസിക്കാൻ ഇടം കിട്ടാത്തതും ശ്രദ്ധയിൽപ്പെട്ടതോടെ ഇവർക്കായി മൂന്നാറിലെ ബജറ്റ് ഹോട്ടൽ മാറ്റിവച്ചെന്ന് ജില്ലകളക്ടർ അറിയിച്ചു.

വിനോദസഞ്ചാരം നിരോധിച്ച ശേഷവും ജീപ്പ് സവാരിയും മറ്റും നടത്തുന്നത് ജില്ലഭരണകൂടത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവർക്കെതിരെ നടപടി എടുക്കും. സഞ്ചാരികൾക്ക് ഇരുചക്ര വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നവ‍ർക്ക് എതിരെയും നടപടിയുണ്ടാകും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവരുടെ ടൂറിസം ലൈസൻസ് റദ്ദ് ചെയ്യുമെന്നും ജില്ല ഭരണകൂടം അറിയിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!