കോട്ടയത്ത് രോഗമുക്തയ്ക്ക് വീണ്ടും കൊവിഡ്, കേരളത്തിലാദ്യം, ആശങ്ക

By Web TeamFirst Published Jul 2, 2020, 7:43 PM IST
Highlights

കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലുള്ളവരെ ഡിസ്ചാർജ് ചെയ്യാനുള്ള പ്രോട്ടോക്കോൾ ആരോഗ്യവകുപ്പ് ഭേദഗതി ചെയ്ത് ഒരു ദിവസത്തിനകമാണ് കൊവിഡ് മുക്തയ്ക്ക് വീണ്ടും രോഗം സ്ഥിരീകരിക്കുന്നത്. രണ്ട് തവണ നെഗറ്റീവാകാതെ ഡിസ്ചാർജ് ചെയ്യേണ്ട എന്നത് ഒരു തവണയാക്കി കുറച്ചിരുന്നു.

കോട്ടയം: കൊവിഡ് മാറി വിദേശത്ത് നിന്ന് തിരികെ എത്തിയ ഇരുപത്തിയേഴുകാരിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചത് കോട്ടയത്ത് ആശങ്കയാകുന്നു. വിദേശത്ത് വച്ച് നടത്തിയ ടെസ്റ്റിൽ നെഗറ്റീവായ ശേഷമാണ് യുവതി നാട്ടിൽ തിരികെ എത്തിയത്. പിന്നീട് നാട്ടിൽ നിരീക്ഷണത്തിൽ തുടരവേ നടത്തിയ പരിശോധനയിലാണ് വീണ്ടും പോസിറ്റീവായത്. 

ഷാര്‍ജയിൽ നിന്ന്  ജൂണ്‍ 19-നാണ് പായിപ്പാട് സ്വദേശിനിയായ യുവതി എത്തിയത്. അവിടെ വച്ച് തന്നെ ഇവർക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഷാര്‍ജയിൽ വച്ച് മെയ് 10-ന് രോഗം സ്ഥിരീകരിച്ച ശേഷം അവിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. പിന്നീട് ജൂണ്‍ മൂന്നിന് നടത്തിയ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. അതിന് ശേഷമാണ് ഇവർ നാട്ടിലെത്തിയത്. പിന്നീട് നാട്ടിൽ നിരീക്ഷണത്തിൽ കഴിയവേ വീണ്ടും രോഗലക്ഷണങ്ങൾ വന്നതോടെയാണ് ഇവരുടെ പരിശോധന നടത്തിയത്.

കോട്ടയം ജില്ലയിൽ ഇന്ന് ഒമ്പത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ മൂന്ന് പേർ വിദേശത്ത് നിന്നും അഞ്ച് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരിൽ അഞ്ചിൽ നാല് പേരും ഒരേ കുടുംബത്തിൽ പെട്ടവരാണ്. മുംബൈയിൽ നിന്ന് എത്തിയ മറിയപ്പള്ളി സ്വദേശിക്കും കുടുംബത്തിനുമാണ് രോഗം സ്ഥിരീകരിച്ചത്. വിമാനമാർഗം മക്കൾക്കും ഭാര്യയ്ക്കും ഒപ്പം എത്തിയതായിരുന്നു ഇദ്ദേഹം. ഭാര്യയ്ക്കും രണ്ട് മക്കൾക്കും രോഗം സ്ഥിരീകരിച്ചുവെന്നതും ആശങ്കയേറ്റുകയാണ്.

കോട്ടയത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരും ഹോം ക്വാറന്‍റയിനിലായിരുന്നു. വിദേശത്ത് ചികിത്സയ്ക്കുശേഷം കോവിഡ് മുക്തയായി നാട്ടിലെത്തിയ യുവതിയും ഒരു കുടുംബത്തിലെ നാലു പേരും രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു.  ഏഴു പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. 

ആരോഗ്യപ്രവർത്തകയ്ക്ക് രോഗം

കോട്ടയം പള്ളിക്കത്തോട് നേരത്തേ കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകയുടെ സഹപ്രവർത്തകയ്ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. പൊന്‍കുന്നത്തെ അരവിന്ദ ആശുപത്രിയെന്ന സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ആരോഗ്യപ്രവർത്തകരാണ് ഇരുവരും. രണ്ട് പേർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.

ഒരാൾ ഈ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന നഴ്സും രണ്ടാമത്തെയാൾ ഫാർമസിസ്റ്റുമാണ്. ഇതോടെ അരവിന്ദ ആശുപത്രിയുടെ ഒപി, കാഷ്വാലിറ്റി വിഭാഗങ്ങൾ അടച്ചു. ഡോക്ടർമാർ അടക്കം 140-ഓളം പേർ ഈ ആശുപത്രിയുമായി ബന്ധപ്പെട്ട് ഇവരുടെ സമ്പർക്കപ്പട്ടികയിലുണ്ട്. 

ഈ സ്വകാര്യ ആശുപത്രിയിലെ എല്ലാ ജീവനക്കാരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. ആദ്യം രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിനിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ സാമ്പിള്‍ പരിശോധന നടത്തിവരികയാണ്. ഇങ്ങനെ നടത്തിയ പരിശോധനയിലാണ് യുവതിയുടെ സഹപ്രവര്‍ത്തകയായ പൊന്‍കുന്നം സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചത്.

രണ്ടു പേരുടെയും പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാവര്‍ക്കും ആരോഗ്യ വകുപ്പ് ക്വാറന്‍റയിന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവര്‍ ക്വാറന്‍റയിനില്‍ കഴിയുന്നു എന്ന് ഉറപ്പാക്കാന്‍ നടപടിയും സ്വീകരിച്ചിട്ടുണ്ട്. ആശുപത്രിയില്‍ അടിയന്തരമായി അണുനശീകരണം നടത്തും. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലാത്ത ജീവനക്കാരെ നിയോഗിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളോടെ ആശുപത്രി തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

click me!