
തിരുവനന്തപുരം: ഉറവിടമറിയാത്ത കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മേയർ വി ശ്രീകുമാർ അറിയിച്ചു. നഗരത്തിലെ മുഴുവൻ മാർക്കറ്റിലും കർശന നിയന്ത്രണം ഏർപ്പെടുത്തും. ലോട്ടറി ജീവനക്കാരന് രോഗം പിടിപ്പെട്ടത് അപകടകരമായ സാഹചര്യമാണ്. നിലവിലെ സാഹചര്യത്തിൽ നഗരം ആകെ അടച്ചിടില്ലെന്നും മേയർ പറഞ്ഞു.
പാളയത്തെ സാഫല്യം കോംപ്ലക്സ് ഏഴ് ദിവസത്തേക്ക് അടച്ചിടും. സാഫല്യം കോംപ്ലക്‌സ് പരിസരത്തു വഴിയോര കച്ചവടം അനുവദിക്കില്ല. സാഫല്യം കോംപ്ലക്സിൽ വന്ന് പോയവരെ നിരീക്ഷിക്കും. ഇവരുടെ കണക്ക് ഉണ്ട്.
പാളയം മാർക്കറ്റിലും കർശനമായ നിയന്ത്രണം ഏർപ്പെടുത്തും. മാർക്കറ്റിന്റെ മുൻവശത്തെ ഗേറ്റ് മാത്രമേ തുറക്കൂ. പാളയം മാർക്കറ്റിലേക്ക് ആളുകളെ പ്രവേശിപ്പിക്കാൻ പ്രത്യേക കൗണ്ടർ സജ്ജമാക്കും. നാളെ രാവിലെ 8 മുതൽ അണുനശീകരണം ആരംഭിക്കും.
വഞ്ചിയൂർ, കുന്നപ്പുറം ഭാഗങ്ങളിലും കടുത്ത നിയന്ത്രണം നിലവിൽ വരും. ഓഫീസുകളിൽ കടുത്ത നിയന്ത്രങ്ങൾ ഏർപ്പെടുത്തും. ബസ് സ്റ്റോപ്പുകളിൽ തിരക്ക് അനുവദിക്കില്ല. സമരങ്ങൾക്കും കടുത്ത നിയന്ത്രണം ബാധകമായിരിക്കും. സൂപ്പർ മാർക്കറ്റുകൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തുമെന്നും മേയർ അറിയിച്ചു.
തിരുവനന്തപുരത്ത് ഇന്ന് നാല് പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടതായി സ്ഥിരീകരിച്ചത്. നാല് പേരുടെയും രോഗ ഉറവിടം അവ്യക്തമാണ്. നാല് പേരും യാത്രാ പശ്ചാത്തലമുള്ളവരല്ല. സാഫല്യം കോംപ്ലക്സിൽ ജോലി ചെയ്തിരുന്ന അസം സ്വദേശി, വഞ്ചിയൂരിലെ ലോട്ടറി വിൽപ്പനക്കാരൻ, ബാലരാമപുരം സ്വദേശി, തുമ്പ സ്വദേശി എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam