കൊവിഡ് നേരിടാൻ പിണറായി വിജയന് ഏഴ് നിര്‍ദ്ദേശങ്ങളുമായി ഉമ്മൻചാണ്ടി

By Web TeamFirst Published Mar 16, 2020, 4:02 PM IST
Highlights

കൊവിഡ് 19 ന്‍റെ സാഹചര്യത്തിൽ സംസ്ഥാനത്തെ ബിവറേജസുകൾ അടക്കം സംസ്ഥാനത്തെ മദ്യശാലകൾ അടിയന്തരമായി അടച്ചിടണമെന്നാണ് ഉമ്മൻചാണ്ടി ആവശ്യപ്പെടുന്നത്.

തിരുവനന്തപുരം: കൊവിഡ് 19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയന് മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കൊവിഡ് രോഗ വ്യാപനത്തിന്‍റെ സാഹചര്യത്തിൽ സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷൻ ഔട്ട്ലറ്റുകൾ അടക്കം മദ്യശാലകൾ അടിയന്തരമായി പൂട്ടാൻ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. 

ബിവറേജസ് കോര്‍പ്പറേഷനിലേയും കൺസ്യൂമര്‍ ഫെഡിന്റെയും മദ്യഷോപ്പുകളിലെ തിരക്ക് ഒഴിവാക്കുവാന്‍ അടിയന്തര നടപടി വേണം. ഇതടക്കം ഏഴ് ഇന നിര്‍ദ്ദേശങ്ങളാണ് ഉമ്മൻചാണ്ടി മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നത്. കാര്‍ഷിക കടങ്ങൾക്ക് അടക്കം മൊറട്ടോറിയം അനുവദിക്കണം. ജപ്തി നടപടികൾ നിര്‍ത്തി വക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെടുന്നു. 

ഉമ്മൻചാണ്ടി മുന്നോട്ട് വക്കുന്ന നിര്‍ദ്ദേശങ്ങൾ ഇവയാണ്:

1) കൊവിഡ്-19 സാമ്പത്തിക രംഗം പാടെ തകര്‍ത്തിരിക്കുകയാണ്. തൊഴില്‍നഷ്ടം, വ്യാപാരരംഗത്തെ മാന്ദ്യം, കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവ് തുടങ്ങിയ സാഹചര്യത്തില്‍ ബാങ്കുകളുടെയും-സഹകരണ സ്ഥാപനങ്ങളിലേയും കടങ്ങള്‍ക്ക് ഒരുവര്‍ഷത്തേയ്ക്കു മോറട്ടോറിയം നൽകണം. മുഖ്യമന്ത്രി അടിന്തരമായി ബാങ്കുകളുടെ യോഗം വിളിച്ച്  ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുവാന്‍ തീരുമാനമെടുപ്പിക്കുകയും സഹകരണ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കുകയും വേണം.

2) വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ സാമ്പത്തിക സഹായം ആവശ്യമുള്ള കുടുംബങ്ങള്‍ക്ക് സഹായം നല്കുന്നതിന് വേണ്ട നിര്‍ദ്ദേശം ജില്ലാ കളക്ടര്‍മാര്‍ക്ക് നല്കണം.

3) ക്ഷേമനിധി പെന്‍ഷനുകളും സാമൂഹ്യക്ഷേമ പെന്‍ഷനുകളുടെയും കുടിശിക സഹിതം അടിയന്തരമായി വിതരണം ചെയ്യണം.

4) തൊഴില്‍ഉറപ്പ് തൊഴിലാളികള്‍ക്കും കൈത്തറി തൊഴിലാളികള്‍ക്കും കൊടുക്കേണ്ട കുടിശിക നല്കുക, സമൂഹത്തിലെ മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്ക്  സര്‍ക്കാര്‍ കൊടുത്തു തീര്‍ക്കുവാന്‍ ബാധ്യതയുള്ള ഫണ്ടുകള്‍ കുടിശ്ശിക സഹിതം കൊടുക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിച്ചാല്‍ സാമ്പത്തിക രംഗത്തെ മരവിപ്പ് ഒരുപരിധി വരെ കുറയ്ക്കുവാന്‍ സാധിക്കും. സാധാരണക്കാര്‍ക്ക് അതു വലിയ ആശ്വാസമാകുകയും ചെയ്യും.

5) എട്ട്, ഒമ്പത് ക്ലാസുകളില്‍ മാര്‍ച്ച് 20, 27, 30 തീയതികളില്‍ വച്ചിരിക്കുന്ന പരീക്ഷകള്‍ റദ്ദ് ചെയ്യുക.

6) ഇറാനിലുള്ള  മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും തിരിച്ച് കൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സത്വര നടപടികള്‍ സ്വീകരിക്കണമെും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

രോഗം വ്യാപിക്കാതെ ഇരിക്കുവാനും രോഗികള്‍ക്ക്     പരമാവധി മെച്ചപ്പെട്ട ചികിത്സ നൽകാനും ജനങ്ങളുടെ ദുരിതം  പരമാവധി പരിമിതപ്പെടുത്തുവാനുമാണ് ഈ നിര്‍ദേശങ്ങളെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!