'വിപുലമായ സമ്പര്‍ക്കപ്പട്ടികയാണ് ഉണ്ടാക്കിയിരിക്കുന്നത്'; ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിന് പിണറായിയുടെ ശകാരം

By Web TeamFirst Published Mar 27, 2020, 6:31 PM IST
Highlights

തൊടുപുഴയിൽ രോ​ഗം സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ കാസർ​ഗോഡ് മുതൽ തിരുവനന്തപുരം  വരേയും മൂന്നാർ മുതൽ ഷൊളായാർ വരേയും സ‍ഞ്ചരിച്ചിട്ടുണ്ട്.മുതിര്‍ന്ന നേതാക്കൾ മുതൽ ഉന്നത ഉദ്യോഗസ്ഥര്‍ വരെ സമ്പര്‍ക്ക പട്ടികയിൽ 

തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ പൊതു പ്രവര്‍ത്തകന്റെ പ്രവൃത്തിയിൽ വാര്‍ത്താ സമ്മേളനത്തിനിടെ കടുത്ത അസംതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. തീരെ നിരുത്തവാദപരമായി പെരുമാറിയ ഇയാൾ വിപുലമായ സമ്പര്‍ക്കപ്പട്ടികയാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും പിണറായി വിജയൻ പറഞ്ഞു.

ഇക്കഴിഞ്ഞ ദിവസങ്ങളിൽ രോ​ഗം സ്ഥിരീകരിച്ച പലരും കാര്യമായി സമൂഹത്തിൽ ഇടപെട്ട സ്ഥിതിയുണ്ടെന്ന് പറഞ്ഞാണ് പിണറായി വിജയൻ തുടങ്ങിയത് തന്നെ. കഴിഞ്ഞ ദിവസം തൊടുപുഴയിൽ രോ​ഗം സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ കാസർ​ഗോഡ് മുതൽ തിരുവനന്തപുരം  വരേയും മൂന്നാർ മുതൽ ഷൊളായാർ വരേയും സ‍ഞ്ചരിച്ചിട്ടുണ്ട്. സ്കൂളുകൾ. പൊതുസ്ഥാപനങ്ങൾ നിയമസഭാ മന്ദിരം തുടങ്ങി വലിയ വലിയ സ്ഥാപനങ്ങൾ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. അടുത്ത് ഇടപഴകിയവരിൽ ജനപ്രതിനിധികളും ഉന്നത ഉദ്യോ​ഗസ്ഥരും ഉണ്ട്. എല്ലാവരും വളരെ ജാ​ഗ്രത പാലിക്കേണ്ട സന്ദർഭത്തിൽ ഒരു പൊതുപ്രവർത്തകൻ ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും പിണറായി വിജയൻ ചോദിച്ചു.

വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജില്ലാ ഭരണകൂടവും അങ്കലാപ്പിലാണ്. റൂട്ട് മാപ്പ് കണ്ടെത്താൻ പോലും ആരോഗ്യ പ്രവര്‍ത്തകര്‍ ബുദ്ധിമുട്ടകയാണ്. ഇടുക്കിയിൽ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച കോൺഗ്രസ് നേതാവിന്റെ റൂട്ട്മാപ്പ് തയ്യാറാക്കുക എളുപ്പമല്ലെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. 

 വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖ നേതാക്കളുമായി നിരീക്ഷണത്തിലാകുന്നത് വരെ ഇയാൾ അടുത്തിടപഴകിയിരുന്നു. വിദേശബന്ധം ഇല്ലാത്ത ഇദ്ദേഹത്തിന് ആരിൽ നിന്നാണ് രോഗം പകർന്നതെന്നും വ്യക്തമാകാത്തതും ആരോഗ്യ വകുപ്പിന് തലവേദനയാണ്. ഈ സാഹചര്യത്തിലാണ്  മുഖ്യമന്ത്രി അതൃപ്തി പരസ്യമാക്കിയത് 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!