കുടുങ്ങിയവരെ കൊണ്ടു വരുന്നതിൽ സർക്കാരിന് ഏകോപനമില്ല: വിമർശനവുമായി ചെന്നിത്തല

Published : May 04, 2020, 01:42 PM ISTUpdated : May 04, 2020, 01:50 PM IST
കുടുങ്ങിയവരെ കൊണ്ടു വരുന്നതിൽ സർക്കാരിന് ഏകോപനമില്ല: വിമർശനവുമായി ചെന്നിത്തല

Synopsis

''ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവ് വായിച്ചാൽ, അതനുസരിച്ച് ആർക്കും മടങ്ങി വരാൻ പറ്റില്ല. ആളുകൾ എങ്ങനെ വരാനാണ്? ടാക്സി കിട്ടുന്നില്ല. എല്ലാവർക്കും ടാക്സി വിളിച്ച് വരാനുമാകില്ല'', ചെന്നിത്തല.

തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ ആളുകൾ തിരികെ വരുന്നത് ഏകോപിപ്പിക്കുന്നതിൽ സംസ്ഥാനസർക്കാർ പൂർണപരാജയമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എല്ലാവർക്കും ഡിജിറ്റൽ പാസ്സ് നൽകുന്നത് പ്രായോഗികമല്ല. ഇക്കാര്യത്തിൽ സർക്കാരിന് ഗുരുതര പിഴവ് പറ്റിയെന്നും, ഇതരസംസ്ഥാനങ്ങളിലേക്ക് പോയ ട്രെയിനുകളിൽ മലയാളികളെ തിരികെ കൊണ്ടുവരാമായിരുന്നുവെന്നും, ഇത് സർക്കാർ ചിന്തിച്ചില്ലെന്നും ചെന്നിത്തല ആരോപിച്ചു. 

''ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവ് വായിച്ചാൽ, അതനുസരിച്ച് ആർക്കും മടങ്ങി വരാൻ പറ്റില്ല. ആളുകൾ എങ്ങനെ വരാനാണ്? ടാക്സി കിട്ടുന്നില്ല. എല്ലാവർക്കും ടാക്സി വിളിച്ച് വരാനുമാകില്ല'', എന്ന് ചെന്നിത്തല. അയൽസംസ്ഥാനങ്ങളിലും ദില്ലി, മുംബൈ പോലുള്ള ദൂരസംസ്ഥാനങ്ങളിലും കുടുങ്ങിയവർക്ക് വേണ്ടി പ്രത്യേക ട്രെയിൻ സർവീസ് വേണമെന്നും ചെന്നൈ, ബംഗളുരു, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് കെഎസ്ആർടിസി ബസ്സുകളയക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ജില്ലകളിൽ നിന്ന് ജില്ലകളിലേക്കുള്ള യാത്രയിലും ആശയക്കുഴപ്പമുണ്ടെന്ന് ചെന്നിത്തല ആരോപിക്കുന്നു. എല്ലാവ‍ർക്കും ജില്ലാ കളക്ടർമാരുടെ അനുമതി വാങ്ങി യാത്ര പോകാനാകില്ല. ജില്ലകൾക്കിടയിലുള്ള യാത്രയിൽ കൂടുതൽ ഇളവുകൾ വേണം. ഇത്തരത്തിൽ ഒരു തയ്യാറെടുപ്പുകളും സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും ചെന്നിത്തല ആരോപിക്കുന്നു. നിലവിൽ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ സോണുകൾ സംബന്ധിച്ചും സർവത്ര ആശയക്കുഴപ്പമാണ്. ഏതൊക്കെ കടകൾ തുറക്കാം, തുറക്കരുത് എന്നതിൽ ഇതുവരെയും വ്യക്തതയില്ല - എന്ന് ചെന്നിത്തല.

ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത് സംബന്ധിച്ചും സർക്കാരിനെതിരെ ചെന്നിത്തല വിമർശനമുയർത്തുന്നു. ധൂർത്തിനെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. കിഫ്ബിയിൽ മുഴുവൻ അഴിമതിയും ധൂർത്തുമാണ്. മുപ്പതിനായിരം രൂപ ദിവസവേതനത്തിലടക്കം കിഫ്ബിയിൽ നിയമനം നടന്നിട്ടുണ്ട്. ഹെലികോപ്റ്റർ വാങ്ങിയത് മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്. ഒരു മാസമായി ഹെലികോപ്റ്റർ തിരുവനന്തപുരത്ത് വെറുതെ കിടക്കുകയാണ്. ഉപയോഗിക്കാതെ ഒരു കോടി 70 ലക്ഷം രൂപ വെറുതെ കൊടുക്കേണ്ട സാഹചര്യമല്ലേ ഇത്? എന്ന് ചെന്നിത്തല.

മുഖ്യമന്ത്രിയുടെ ഓഫീസിൽ മാത്രം 58 പൊലീസുകാരുണ്ട്. സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ ഒമ്പത് പേർ. ഉപദേശകർക്ക് ശമ്പളം ഇല്ലെന്ന മുഖ്യമന്ത്രിയുടെ വാദം വസ്തുതാവിരുദ്ധമാണ്. 

നാം മുന്നോട്ട് എന്ന പരിപാടി മൻ കീ ബാത്തിന്‍റെ ദൃശ്യാവിഷ്കാരം പോലെയാണ്. പ്രതിപക്ഷത്തെ വിമർശിക്കാനാണ് നാം മുന്നോട്ട് ഉപയോഗിക്കുന്നത്. ഇതിന് മുമ്പ് ഒരു സർക്കാരും ഇത് ചെയ്തിട്ടില്ല. വിഎസ് അധ്യക്ഷനായ ഭരണപരിഷ്കാര കമ്മീഷന്റെ ഒരു ശുപാർശ പോലും സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. പിന്നെ എന്തിനാണ് ഇങ്ങനെ ഒരു കമ്മീഷൻ? പാർട്ടി താത്പര്യങ്ങൾ സംരക്ഷിക്കാൻ ഖജനാവിലെ പണം ചെലവിടുകയാണ് സർക്കാരെന്നും ചെന്നിത്തല ആരോപിച്ചു.

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി