മൂന്നാറിൽ കടുത്ത നിയന്ത്രണങ്ങൾ; ട്രിപ്പ് ജീപ്പുകൾക്ക് ഈ മാസം 31 വരെ വിലക്ക്

By Web TeamFirst Published Mar 24, 2020, 6:31 AM IST
Highlights

ബസുകൾ കുറവായ മൂന്നാറിൽ യാത്രയ്ക്കായി ജീപ്പുകളെയാണ് നാട്ടുകാർ ആശ്രയിക്കുന്നത്. യാത്രക്കാരെ കുത്തിനിറച്ചാണ് ഈ ജീപ്പുകളുടെ സർവീസ്

തൊടുപുഴ: മൂന്നാറിൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ നടപടികളുമായി ജില്ലഭരണകൂടം. ട്രിപ്പ് ജീപ്പുകൾക്ക് ഈ മാസം 31വരെ വിലക്ക് ഏർപ്പെടുത്തി. മൂന്ന് പേരിൽ കൂടുതൽ കൂട്ടം ചേരരുത്. നിയന്ത്രണം ലംഘിച്ചാൽ നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

ബസുകൾ കുറവായ മൂന്നാറിൽ യാത്രയ്ക്കായി ജീപ്പുകളെയാണ് നാട്ടുകാർ ആശ്രയിക്കുന്നത്. യാത്രക്കാരെ കുത്തിനിറച്ചാണ് ഈ ജീപ്പുകളുടെ സർവീസ്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും യാത്രക്കാരുടെ എണ്ണം കുറയ്ക്കാൻ തയ്യാറാകാതിരുന്നതോടെയാണ് ട്രിപ്പ് ജീപ്പ് സർവീസുകൾക്ക് ഒരാഴ്ചത്തെ വിലക്ക് വീണത്. ഇതോടെ നാട്ടുകാർ യാത്ര ഓട്ടോയിലാക്കി. തുടർന്ന് ഓട്ടോയിൽ ഒരു സമയം ഒരാളെ മാത്രമേ കയറ്റാവൂ എന്ന് ജില്ലഭരണകൂടം ഉത്തരവിറക്കി. നിർദ്ദേശം അവഗണിച്ചും ടൗണിൽ കൂട്ടമായി നിന്നവരെ പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് മടക്കി അയച്ചു.

മൂന്നാറിൽ താമസിച്ച ബ്രിട്ടീഷ് സംഘത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ മേഖലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. രാവിലെ 10 മുതൽ വൈകീട്ട് അ‍ഞ്ച് വരെ മാത്രമാണ് വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം. ഈ സമയം കടകളിലെ തിരക്ക് നിയന്ത്രിക്കണമെന്ന് വ്യാപാരികൾക്ക് പൊലീസ് നിർദ്ദേശം നൽകി. കടകളിൽ എത്തുന്നവർ വരിയിൽ അകലം പാലിക്കണം. നിർദ്ദേശം ലംഘിക്കുന്നവർക്ക് എതിരെ കേസെടുക്കാനാണ് ഇനി പൊലീസിന്‍റെ തീരുമാനം.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!