ദില്ലിയിൽ കുടുങ്ങിയ മലയാളി റെയിൽവേ ജീവനക്കാർക്ക് മോചനം; നാട്ടിലെത്തിക്കാൻ പ്രത്യേക ട്രെയിൻ

By Web TeamFirst Published Mar 25, 2020, 9:44 PM IST
Highlights

ന്യൂ ദില്ലി റെയിൽ വേസ്റ്റേഷനിലും നിസാമുദ്ദീൻ സ്റ്റേഷനിലും കുടുങ്ങിയവരെ കേരളത്തിൽഎത്തിക്കാൻ പ്രത്യേക തീവണ്ടി ഏ‍ർപ്പാടാക്കി. റെയിൽവേ ജീവനക്കാരുടെ ദുരിതം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് വിട്ടത്

..

ദില്ലി: കേരള എക്സ്പ്രസിലെ മലയാളി ജീവനക്കാർ ഭക്ഷണമടക്കമില്ലാതെ ദില്ലിയിൽ കുടുങ്ങിയ സംഭവത്തിൽ നടപടിയുമായി ഇന്ത്യൻ റെയിൽവേ. ന്യൂ ദില്ലി റെയിൽവേ സ്റ്റേഷനിലും നിസാമുദ്ദീൻ സ്റ്റേഷനിലും കുടുങ്ങിയവരെ കേരളത്തിൽ എത്തിക്കാൻ പ്രത്യേക തീവണ്ടി ഏ‍ർപ്പാടാക്കി. റെയിൽവേ ജീവനക്കാരുടെ ദുരിതം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് വിട്ടത്

.കേരള എക്സ്പ്രസ്,എറണാകുളം നിസാമുദ്ദീൻ എക്സ്പ്രസ് ട്രെയിനുകളിലെ  65 പേ‍രടങ്ങിയ ജീവനക്കാരാണ് ദില്ലിയിൽ കുടുങ്ങിയത്. 20നും 21നുമായി ഈ ട്രെയിനുകൾ കേരളത്തിൽ നിന്ന് പുറപ്പെട്ടതിന് പിന്നാലെ രാജ്യത്ത് ട്രെയിൻ സര്‍വ്വീസുകൾ നിര്‍ത്തിവെക്കാനുള്ള ഉത്തരവിറങ്ങി. 22നും 23നുമായി ദില്ലിയിൽ യാത്ര അവസാനിപ്പിച്ചതിന് പിന്നാലെ ആദ്യം ദില്ലിയിലും പിന്നീട് ദേശീയ തലത്തിലും ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇതോടെ കിടക്കാൻ സ്ഥലമില്ലാതെയും ഭക്ഷണമില്ലാതെയും ദുരത്തിലായ ട്രെയിനിലെ മലയാളികളായ 
സാങ്കേതിക ജീവനക്കാരുടെയും ശുചീകരണ പാൻട്രി തൊഴിലാളികളുടെയും അവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന് പിന്നാലെയാണ്  റെയിൽവെയുടെ ഇടപെടൽ ഉണ്ടായത്.

വ‍ഡോദരയിൽകുടുങ്ങിയ കൊച്ചുവേളി ഡെറാഡൂൺ ട്രെയിനുകളിലെ 10  മലയാളി ജീവനക്കാരെയും നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചു. അതേസമയം മലേഷ്യയിൽ കുടുങ്ങിയ കൂടുതൽ പേരെ തിരികെയെത്തിക്കുന്ന കാര്യം അനിശ്ചിതത്തിലാണ്. 500 ലധികം
ഇന്ത്യക്കാരാണ്  യാത്രയ്ക്ക് സൗകര്യമില്ലാതെ കുടുങ്ങിയത്. സന്നദ്ധസംഘടനകളും മറ്റുമാണ് ഇവർക്ക് താല്ക്കാലിക സൗകര്യങ്ങൾ
നല്കിയിരിക്കുന്നത്. മലേഷ്യയിൽ നിന്ന് 104 പേരെ നേരത്തെ ചെന്നൈയിൽ എത്തിച്ചിരുന്നു. ഇറാനിൽ നിന്ന് നാട്ടിലെത്തിച്ച 277 പേരെ ജോധ്പൂരിലെ  നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

click me!