പ്രവാസികളുടെ മടക്കം, സ്പ്രിംക്ളർ കരാർ: ഹൈക്കോടതിയിൽ ഇന്ന് നിരവധി ഹർജികൾ

By Web TeamFirst Published Apr 24, 2020, 8:10 AM IST
Highlights

പ്രവാസികളെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ, സ്പ്രിംക്ളറിൽ നൽകിയ ഹർജികൾ, പെരിയാർ മലിനീകരണം - ഇന്ന് പ്രധാനഹർജികളുടെ ദിനമാണ് ഹൈക്കോടതിയിൽ.

കൊച്ചി: കൊവിഡ് പ്രതിരോധവും പ്രവാസികളുടെ മടക്കവും സ്പ്രിംക്ളർ കരാറുമടക്കം ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുന്നത് മൂന്ന് സുപ്രധാനഹർജികൾ. അവ ഏതെല്ലാമെന്ന് നോക്കാം:

പ്രവാസികളെ തിരിച്ചെത്തിക്കണം

ലോക്ഡൗണിനെ തുടര്‍ന്ന് യുഎഇയിൽ കുടുങ്ങിയവരെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമർപിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രവാസികള്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിൽ അടക്കം സ്വീകരിച്ച നടപടികൾ കേന്ദ്രസര്‍ക്കാരും, നാട്ടിലെത്തുമ്പോഴുള്ള സജ്ജീകരണങ്ങള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികൾ അടക്കമുള്ള മലയാളി നഴ്സുമാരെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം പി സമര്‍പ്പിച്ച ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും. ഗള്‍ഫ് രാജ്യങ്ങളിലേക്കു മരുന്നുമായി മെഡിക്കല്‍ സംഘത്തെ അയക്കണമെന്ന ഹർജിയും കോടതിയുടെ പരിഗണനയ്ക്ക് വരും.

ലോകമാകെ കോവിഡ് രോഗ വ്യാപനം നടക്കുന്ന സാഹചര്യത്തില്‍ യുഎഇയിൽ നിന്നടക്കം വിദേശത്ത് നിന്ന് ഇന്ത്യന്‍ പൗരന്‍മാരെ നാട്ടിലേക്കെത്തിക്കുന്നത് പ്രായോഗികമല്ലെന്നാണ് നേരത്തേ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.

സ്പ്രിംക്ളറിൽ ഹർജികൾ

സ്പ്രിംക്ളർ കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന പ്രസിഡണ്ട്‌ കെ സുരേന്ദ്രൻ എന്നിവരടക്കം നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. കരാർ വ്യക്തി സ്വകാര്യത സംരക്ഷിക്കുമെന്ന് ഉറപ്പാക്കുന്നില്ലെന്നാണ് ഇന്നലെ കേന്ദ്ര സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകിയത്. എന്നാൽ വിവര ചോർച്ച ഇല്ലെന്ന് ഉറപ്പാക്കാനുള്ള വ്യവസ്ഥകൾ കരാറിലുണ്ടെന്നാണ് സംസ്ഥാനസർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലം.

പെരിയാർ മലിനീകരണം: ഹർജി ഇന്ന്

പെരിയാറിലെ മലിനീകരണം സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പരിശോധനാറിപ്പോര്‍ട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊവിഡ് കാലത്ത് പെരിയാര്‍ മലിനമായതുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

ഈ സമയത്ത് പെരിയാര്‍ മലിനമായത് എങ്ങനെ എന്ന ചോദ്യവും കോടതി ഉയര്‍ത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ച വാട്‌സ് ആപ്പ് ദൃശ്യങ്ങളും കോടതി പരിശോധിച്ചിരുന്നു.

click me!