കൊയിലാണ്ടിയിൽ ദേശീയപാതയുടെ മതിൽ ഇടിഞ്ഞതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധത്തിൽ. വിദഗ്ധ പരിശോധനയില്ലാതെ നിർമാണം തുടർന്നാൽ തടയുമെന്ന് സിപിഎമ്മും കോൺഗ്രസും. അഴിമതി ആരോപണം ഉയർന്നതും മുൻപ് അപാകത കണ്ടെത്തിയതുമായ സ്ഥലത്താണ് വീണ്ടും അപകടമുണ്ടായത്.
കോഴിക്കോട്: കൊയിലാണ്ടിയിൽ ദേശീയപാതയുടെ മതിൽ ഇടിഞ്ഞ സംഭവത്തിൽ പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ. സ്ഥലത്ത് വിദഗ്‌ധ പരിശോധന നടത്താതെ നിർമാണം തുടർന്നാൽ തടയുമെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. സിപിഎമ്മും കോൺഗ്രസുമാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. വാഗാഡ് കമ്പനി നിർമാണം നടത്തുന്ന റീച്ചിലാണ് അപകടം നടന്നത്. ഈ റീച്ചിലാണ് നേരത്തെ അഴിമതി ആരോപണം ഉയർന്നത്. അദാനി ഗ്രൂപ്പ് കമ്പനി എടുത്ത കരാർ വാഗാഡിന് ഉപകരാർ നൽകിയാണ് ഇവിടെ നിർമ്മാണം നടക്കുന്നത്. നേരത്തെയും നിർമാണത്തിൽ അപാകത കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് പൊളിച്ച് വീണ്ടും നിർമ്മാണം നടത്തിയ സ്ഥലത്താണ് ഇന്നലെ അപകടം നടന്നത്.
അഴിയൂർ മുതൽ വെങ്ങലം വരെയുള്ള 40.80 കിലോമീറ്റർ പാത ആറുവരിയായി വികസിപ്പിക്കുന്ന കരാറാണ് അദാനി ഗ്രൂപ്പിന് ലഭിച്ചത്. 1,838 കോടി രൂപയാണ് ആകെ കരാർ തുക. ഹൈബ്രിഡ് ആന്വിറ്റി മോഡലിലാണ് നിർമ്മാണ കരാർ നൽകിയത്. ഇത് പ്രകാരം നിർമാണച്ചെലവിന്റെ 40% കേന്ദ്ര സർക്കാരും ബാക്കി 60% നിർമ്മാണ കമ്പനിയുമാണ് കണ്ടെത്തേണ്ടത്. എന്നാൽ അദാനി ഗ്രൂപ്പ് അഹമ്മദാബാദ് ആസ്ഥാനമായുള്ള വാഗഡ് ഇൻഫ്രാ പ്രോജക്ട്സ് എന്ന കമ്പനിക്ക് 971 കോടി രൂപയ്ക്കാണ് 40 കിലോമീറ്റർ ദൂരം റോഡ് നിർമ്മിക്കാൻ ഉപകരാർ നൽകിയത്. ഇതോടെ 867 കോടി രൂപയോളം അദാനി ഗ്രൂപ്പിന് ലാഭമുണ്ടാകുമെന്നാണ് വിമർശനം ഉയർന്നത്. ഈ വിവാദ റീച്ചിലാണ് ഇപ്പോൾ അപകടം ഉണ്ടായിരിക്കുന്നത്.


