സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ദിവസം; 272 പേര്‍ക്ക് കൂടി രോഗം, സമ്പര്‍ക്കം വഴി 68

Published : Jul 07, 2020, 06:04 PM ISTUpdated : Jul 07, 2020, 06:27 PM IST
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ദിവസം; 272 പേര്‍ക്ക് കൂടി രോഗം, സമ്പര്‍ക്കം വഴി 68

Synopsis

കൊവിഡ് നിരീക്ഷണത്തില്‍ ഇരിക്കെ മരിച്ച കൊല്ലം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ചുദിവസം മുമ്പാണ് മനോജ് ദുബായില്‍ നിന്നെത്തിയത്. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കൊവിഡ് സ്ഥിരികരിച്ചു. 111 പേര്‍ രോഗമുക്തരായി. 157 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 38 പേര്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. സമ്പര്‍ക്കം വഴി 68 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതീവ ഗുരുതരമായ സ്ഥിതിയാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി. 

സമ്പര്‍ക്കം വഴി ഏറ്റവും അധികം രോഗികൾ ഉള്ള ദിവസം ആണ് ഇന്ന്. കുറെ കൂടി ഗൗരവമായി കാര്യങ്ങൾ കാണേണ്ട ഘട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോഴുള്ള നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തി മാത്രമെ മുന്നോട്ട് പോകാനാകു. സമ്പര്‍ക്ക വ്യാപനം അതീവ ഗുരുതര സാഹചര്യമാണ്. രോഗികളുമായി പാലിക്കേണ്ട അകൽച്ച ആവശ്യമായ സുരക്ഷ പാലിക്കാത്തത് എല്ലാം കാരണമാണ്. ഈ സ്ഥിതി വിശേത്തിൽ നല്ല രീതിയിൽ മാറ്റം വരണം. 

നിയന്ത്രണങ്ങളിൽ അയവ് വന്നപ്പോഴുള്ള പ്രത്യേകതകളിലേക്കാണ് രോഗവ്യാപന സാധ്യത വിരൽചൂണ്ടുന്നത്. ഇന്ന് ഫലം പോസിറ്റീവായവര്‍ മലപ്പുറം 63, തിരുവനന്തപുരം 54,പാലക്കാട് 29, കണ്ണൂർ 19, ആലപ്പുഴ 18, കോഴിക്കോട് 15, കാസർഗോഡ് 13,  പത്തനംതിട്ട 12,കൊല്ലം 11, തൃശൂർ 10, കോട്ടയം 3 ,വയനാട് 3, ഇടുക്കി 1 എന്നിങ്ങനെയാണ്.

169 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്താകെ ഉള്ളത്. പുതിയതായി 18 ഹോട്ട് സ്പോട്ടുകൾ കൂടി സംസ്ഥാനത്തുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 7516 സാമ്പിളുകൾ പരിശോധിച്ചു. ഇന്ന് മാത്രം 378 പേരെ ആശുപത്രിയിലാക്കിയിട്ടുണ്ട്. 3034 പേര്‍ ആശുപത്രിയിൽ കഴിയുന്നുണ്ട്. 5454 സാമ്പിളുകളുടെ പരിശോധന ഫലം ഇനിയും വരാനുണ്ട്. 

വിദേശത്ത് നിന്ന് അടക്കം ഏറ്റവും കൂടുതൽ പേര്‍ എത്തിയത് മലപ്പുറം ജില്ലയിലേക്കാണ്. രണ്ടാം സ്ഥാനത്ത് കണ്ണൂരും മൂന്നാം സ്ഥാനത്ത് എറണാകുളവും ആണ് ഉള്ളത്. ഏറ്റവും കുറവ് ആളുകളെത്തിയത് വയനാട്ടിലേക്കാണ്. സംസ്ഥാനം തിരിച്ചുള്ള കണക്ക് നോക്കിയാൽ ഏറ്റവും അധികം പേര്‍ കേരളത്തിലേക്ക് എത്തിയത് തമിഴ്നാട്ടിൽ നിന്നാണ് തൊട്ടു പിന്നിൽ കര്‍ണാടകയാണ്. 

അന്താരാഷ്ട്ര യാത്രക്കാരിൽ ഏറ്റവും കൂടുതൽ പേർ വന്നത് യുഎഇയിൽ നിന്നാണ്. ഏറെക്കുറെ മൊത്തം യാത്രക്കാരിൽ പകുതിയോളം. പിന്നെ വന്നത് സൗദിയിൽ നിന്നാണ്. ഖത്തറിൽ നിന്നാണ് പിന്നീട് ഏറ്റവും കൂടുതൽ പേർ വന്നത്.

ആഭ്യന്തരയാത്രക്കാരിൽ 64.05 ശതമാനം പേരും വന്നത് റെഡ് സോണിൽ നിന്നാണ്. റോഡുകളിലൂടെയാണ് ഭൂരിഭാഗം പേരും എത്തിയത്. ആകെ വന്നതിന്‍റെ 62.55 ശതമാനം. വ്യോമമാർഗം വന്നത് 19.11 ശതമാനം. റെയിൽവേ വഴി 14.82 ശതമാനം. ബാക്കി വന്നത് കപ്പൽ വഴിയാണ്.

കേരളത്തിലേക്ക് എത്തിയവരിൽ ആശുപത്രിയിൽ അഡ്മിറ്റാകേണ്ടി വന്നത് 2583 പേരാണ്. അത് ഇതുവരെ വന്നതിന്‍റെ .51 ശതമാനമാണ്. അന്താരാഷ്ട്ര യാത്രക്കാരിൽ 1.11 ശതമാനം പേർ ആശുപത്രിയിലേക്ക്ണേടി വന്നു. ആഭ്യന്തരയാത്രക്കാരിൽ .15 ശതമാനം മാത്രമേ ആശുപത്രിയിലാക്കേണ്ടി വന്നുള്ളൂ.31 ശതമാനം പേർക്ക് രോഗലക്ഷണമുണ്ടായിരുന്നു. 1909 പേ‍ർ വിദേശത്ത് നിന്നും 80  മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്.

രോഗവ്യാപനം കേരളം പരമാവധി ചെറുത്തു. പക്ഷേ ചെറിയ അശ്രദ്ധ കൊണ്ട് പോലും വലിയ രീതിയിൽ പടർന്നുപിടിക്കുന്ന മഹാമാരിയാണ് ഇത്. നഗരങ്ങളിൽ എളുപ്പത്തിൽ രോഗവ്യാപനസാധ്യതയുണ്ട്. ട്രിപ്പിൾ ലോക്ക് പോലുള്ള കർശനനിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടി വരുന്നത് അതിനാലാണ്. ഇന്ത്യയിലാകെ കൊവിഡ് 19 ഏറ്റവും കൂടുതൽ പടർന്നത് നഗരങ്ങൾ കേന്ദ്രീകരിച്ചാണ്. ജനസാന്ദ്രത കൂടിയതിനാലും മറ്റ് പ്രദേശങ്ങളിൽ നിന്നും വരുന്നവർ കൂടുതലായതിനാലും ഇവിടെ രോഗവ്യാപനവും കൂടും.

ഇത് മറ്റിടങ്ങളിലേക്ക് പടരുകയും ചെയ്യും. ഗ്രാമങ്ങളിലും പൊതുവേ വലിയ ജനസാന്ദ്രത കേരളത്തിലുണ്ട്. നമ്മുടെ സംസ്ഥാനത്ത് വലിയ രോഗവ്യാപനം വരാൻ ഇത് ഇടയാക്കും. നഗരങ്ങളിലെ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാനാണ് തീരുമാനം. തിരുവനന്തപുരത്തെ സ്ഥിതി, കൊച്ചി കോഴിക്കോട് പോലുള്ള നഗരങ്ങളിൽ വരരുത്. സംസ്ഥാനശരാശരിയേക്കാൾ കൂടുതലാണ് കൊച്ചിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. കൊച്ചിയിൽ ടെസ്റ്റുകൾ കൂട്ടും. നമ്മൾ അശ്രദ്ധ കാണിച്ചാൽ സൂപ്പർ സ്പ്രെഡ് വരാം. പിന്നാലെ സമൂഹവ്യാപനവും വരും. ബ്രേക്ക് ദ ചെയ്ൻ ഒരു വിട്ടുവീഴ്ചയും പാടില്ല. ട്രിപ്പിൾ ലോക്ക് പോലുള്ള കടുത്ത നിയന്ത്രണങ്ങൾ അങ്ങനെ ഒഴിവാക്കാം. കൊവിഡ് ഭേദമായ രോഗികൾ ഏഴ് ദിവസം വീടുകളിൽ തുടരണം. അത് രോഗി ആയിരുന്ന ആളും വീട്ടുകാരും എല്ലാമുപരി വാർഡ് തലസമിതിയും ഉറപ്പാക്കണം.

കേരളത്തിന്‍റെ വെളിയിൽ നിന്ന് വന്നവർ ക്വാറന്‍റീനിൽ കഴിയുന്ന വീടുകളിൽ വയനാട്ടിലെ ഓഫീസർമാർ മിന്നൽ സന്ദർശനം നടത്തി. ഇത് നല്ല മാതൃകയാണ്. ഇതേമാതൃകയിൽ എല്ലാ ജില്ലകളിലും മുതിർന്ന പൊലീസോഫീസർമാർ മിന്നൽ സന്ദർശനം നടത്തും. വിദേശത്ത് നിന്ന് വിമാനം വഴി എത്തുന്നവർ പിപിഇ കിറ്റ്, മാസ്ക് എന്നിവയെല്ലാം വലിച്ചെറിയുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അങ്ങനെ പ്രവർത്തിക്കുന്നവർക്ക് നേരെ നിയമനടപടിയുണ്ടാകും. ഉപയോഗത്തിന് ശേഷം ഇവ നിക്ഷേപിക്കാൻ കണ്ടെയ്നറുകളുണ്ട്. അതിൽ വേണം ഇവ നിക്ഷേപിക്കാൻ.

വലിയ ഉത്കണ്ഠ ഉളവാക്കുന്നത് അർദ്ധസൈനികവിഭാഗങ്ങൾക്കിടയിൽ രോഗം പടരുന്നതാണ്. 66 സിഐഎസ്എഫ് ജവാൻമാർക്കും ആർമിയിലെ 26 സൈനികർക്കും രോഗം വന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രണ്ടാം പ്രതി മാർട്ടിൻ പങ്കുവെച്ച് വീഡിയോ നീക്കണമെന്നാവശ്യം; പരാതിയുമായി അതീജീവിത, വീഡിയോ പ്രചരിപ്പിച്ച 16 ലിങ്കുകള്‍ ഹാജരാക്കി
'പോറ്റിയെ കേറ്റിയേ' പാട്ടില്‍ 'പള്ളിക്കെട്ട് ശബരിമലയ്ക്ക് 'ഗാനത്തോട് സാമ്യമുള്ള ഈരടികളൊന്നും ഇല്ല, കേസെടുക്കുന്നതിനെതിരെ ചെറിയാൻ ഫിലിപ്പ്