Latest Videos

കൊവിഡ് 19: ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചതിന് ജാമ്യമില്ലാ വകുപ്പ്, വയനാട്ടിൽ അറസ്റ്റ് ആറായി

By Web TeamFirst Published Mar 21, 2020, 12:16 PM IST
Highlights

വ്യജ വാര്‍ത്ത, ആരോഗ്യപ്രവര്‍ത്തകരെ വെട്ടിച്ച് കടന്നുകളയുക, ഐസോലേഷനിൽ കഴിയാൻ ചുരം കയറി വയനാട്ടിലേക്ക് എത്തുക തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ജില്ലാ ഭരണകൂടത്തിന് മുന്നിലുള്ളത്.

വയനാട്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സുരക്ഷയും നിയമനടപടികളും ശക്തമാക്കി വയനാട് ജില്ലാ ഭരണകൂടം. വ്യജ വാര്‍ത്ത, ആരോഗ്യപ്രവര്‍ത്തകരെ വെട്ടിച്ച് കടന്നുകളയുക, ഐസോലേഷനിൽ കഴിയാൻ ചുരം കയറി വയനാട്ടിലേക്ക് എത്തുക തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ജില്ലാ ഭരണകൂടത്തിന് മുന്നിലുള്ളത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാത്തതിന് ഏറ്റവും അധികം കേസ് നിലവിലുള്ള ജില്ലകളിലൊന്നും വയനാട് തന്നെയാണ്.  

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് തുരങ്കം വച്ചതിന്‍റെ പേരിൽ ആറ് കേസുകളാണ് വയനാട്ടിൽ ഇത് വരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിൽ നാല്പേര്‍ നിരീക്ഷണ കാലയളവിൽ ആരോഗ്യപ്രവര്‍ത്തകരുടെ കണ്ണുവെട്ടിച്ച് കറങ്ങി നടന്നവരാണ്. നാല് പേരും വിദേശരാജ്യങ്ങളിൽ നിന്ന് വയനാട്ടിലെത്തിയ ഇവര്‍ നാല് പേരും നിരീക്ഷണത്തിൽ കഴിയണമെന്ന അധികൃതരുടെ നിര്‍ദ്ദേശം ചെവിക്കൊണ്ടിരുന്നില്ല

മുട്ടിൽ സ്വദേശികളായ രണ്ട് പേരും പുൽപ്പള്ളി അമ്പലവയൽ സ്വദേശികളായ മറ്റ് രണ്ട് പേരുമാണ് അറസ്റ്റിലായത്. ഇവരിൽ ഒരാൾ അന്വേഷിച്ചെത്തിയ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തു. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആണ് കേസ്. കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയാലുടൻ ഇയാൾ ജയിലിൽ പോകേണ്ടിവരുമെന്ന് ജില്ലാ കളക്ടര്‍ തന്നെ അറിയിച്ചിട്ടുണ്ട്. 

കൊവിഡുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. കല്‍പറ്റയിലെ സ്വകാര്യ ഹോസ്പിറ്റലില്‍വച്ച് നാലാംമൈല്‍ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചെന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയതിനാണ് പൊഴുതന മൈലുപാത്തി സ്വദേശി ഫഹദിനെ അറസ്റ്റ് ചെയ്തത്. ഫഹദ് അഡ്മിനായുള്ള വാട്സാപ്പ് ഗ്രൂപ്പിലൂടെ പ്രചരിച്ച വ്യാജ സന്ദേശം പ്രദേശത്തെ ജനങ്ങളെ പരിഭ്രാന്തരാക്കിയിരുന്നു. ഈ ഗ്രൂപ്പില്‍ അംഗങ്ങളായ കൂടുതല്‍പേർക്കെതിരെ വൈകാതെ നടപടിയുണ്ടാകുമെന്നും കല്‍പറ്റ പോലീസ് വ്യക്തമാക്കി. നേരത്തെ രോഗത്തെകുറിച്ച് വ്യാജപ്രചാരണം നടത്തിയ വെള്ളമുണ്ട സ്വദേശി ഹാരിസിനെയും അറസ്റ്റ് ചെയ്തിരുന്നു.

ഏതായാലും നിരീക്ഷണത്തിൽ അങ്ങനെയെങ്കിൽ വയനാട്ടിലെ സുഖകരമായ കാലാവസ്ഥയിൽ തന്നെ ആകട്ടെ എന്ന് കരുതുന്നവരുടെ എണ്ണവും ഇതിനകം കൂടിയിട്ടുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തൽ അത്തരക്കാരെ തുരത്താനുമുണ്ട് നടപടി. ചുരം കയറി എത്തുന്നതിന് മുന്പെ കണ്ടെത്തി തിരിച്ച് വിടാനാണ് പദ്ധതി. ഇതിനായി പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്.

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!