തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ കൊല്ലം സ്വദേശിക്കും കൊവിഡ്, കടുത്ത ആശങ്ക

By Web TeamFirst Published Jul 21, 2020, 10:54 PM IST
Highlights

കൊവിഡ് വ്യാപനം ഉയരുന്നതിനിടെ കീം പരീക്ഷ നടത്തുന്നതിൽ നേരത്തെ തന്നെ രക്ഷിതാക്കളും വിദ്യാർത്ഥികളും ആശങ്ക ഉയർത്തിയതാണ്. എന്നാൽ കൂടുതൽ ക്രമീകരണങ്ങളൊരുക്കി സർക്കാർ പരീക്ഷാ നടത്തിപ്പുമായി മുന്നോട്ട് പോയി.

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലായി കീം പരീക്ഷയെഴുതിയ നാല് വിദ്യാർത്ഥികൾക്കും ഒരു രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചതോടെ വിദ്യാർത്ഥികൾക്കിടയിൽ ആശങ്ക പടരുന്നു. തിരുവനന്തപുരം കൈമനത്ത് വന്ന് കീം പരീക്ഷയെഴിതിയ കൊല്ലം അഞ്ചൽ കൈതടി സ്വദേശിയായ വിദ്യാർത്ഥിനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ കുട്ടിയുടെ അച്ഛന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

തിരുവനന്തപുരം കൈമനത്തെ മന്നം റസിഡൻഷ്യൽ പബ്ലിക് സ്കൂളിലെ ഇരുപതാം നമ്പർ മുറിയിൽ പരീക്ഷ എഴുതിയ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതിയ നാല് വിദ്യാർത്ഥികൾക്കും വിദ്യാർത്ഥിയുടെ കൂട്ടിനായെത്തിയ ഒരു രക്ഷിതാവിനുമാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. തിരുവനന്തപുരത്ത് മൂന്ന് വിദ്യാർത്ഥികൾക്കും ഒരു രക്ഷിതാവിനും കോഴിക്കോട് ഒരു വിദ്യാർത്ഥിക്കുമാണ് രോഗബാധ. വിദ്യാർത്ഥികൾക്കൊപ്പം പരീക്ഷാ ഹാളിലുണ്ടായിരുന്നവരെ നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്. 

കൊവിഡ് വ്യാപനം ഉയരുന്നതിനിടെ കീം പരീക്ഷ നടത്തുന്നതിൽ നേരത്തെ തന്നെ രക്ഷിതാക്കളും വിദ്യാർത്ഥികളും ആശങ്ക ഉയർത്തിയതാണ്. എന്നാൽ കൂടുതൽ ക്രമീകരണങ്ങളൊരുക്കി സർക്കാർ പരീക്ഷാ നടത്തിപ്പുമായി മുന്നോട്ട് പോയി.

Read more at: 'ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ല'; കീം പരീക്ഷ നടത്തിപ്പില്‍ മുഖ്യമന്ത്രി

ട്രിപ്പിൾ ലോക്ക് ഡൗൺ ഉണ്ടായിരുന്ന തലസ്ഥാനത്തെ പരീക്ഷാകേന്ദ്രത്തിൽ ആളുകൾ കൂട്ടം കൂടിയത് വലിയ ചർച്ചയായിരുന്നു. ഇപ്പോൾ പരീക്ഷ എഴുതിയവർക്ക് ഉണ്ടായ രോഗബാധ ഉണ്ടാക്കുന്നത് വലിയ പ്രതിസന്ധിയാണ്. തെക്കാട് ബിഎഡ് സെന്‍ററിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിയായ വിദ്യാർത്ഥിക്കും കരമന ഗവൺമെന്‍റ് ഗേൾസ് ഹയർസെക്കന്‍ററി സ്കൂളിൽ പരീക്ഷ എഴുതിയ കരകുളം സ്വദേശിയായ വിദ്യാർത്ഥിക്കുമാണ് തിരുവനന്തപുരത്ത് രോഗബാധ സ്ഥിരീകരിച്ചത്.

നേരത്തെ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്ന കരകുളം സ്വദേശി പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്. കോട്ടൺഹിൽ സ്കൂളിൽ കുട്ടിക്കൊപ്പമെത്തിയ മണക്കാട് സ്വദേശിയായ രക്ഷിതാവിനാണ് രോഗം സ്ഥിരീകരിച്ചത്. പരീക്ഷ തീരും വരെ രക്ഷിതാവ് സ്കൂളിന് മുന്നിൽ ഉണ്ടായിരുന്നു. ഇവിടെ ഉണ്ടായിരുന്ന മുഴുവൻ രക്ഷിതാക്കളോടും ജാഗ്രത പാലിക്കാനും രോഗലക്ഷണമുണ്ടെങ്കിൽ ചികിത്സ തേടാനും ജില്ലാ കലക്ടർ ആവശ്യപ്പെട്ടു. 

കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് സ്കൂളിൽ പരീക്ഷയെഴുതിയ ഒളവണ്ണ സ്വദേശിയായ വിദ്യാർത്ഥിക്കും രോഗം സ്ഥിരീകരിച്ചു. ഈ വിദ്യാർത്ഥിക്കൊപ്പം ഹാളിൽ പരീക്ഷ എഴുതിയ 20 പേരെയും ഇൻവിജിലേറ്റർമാരെയും വളണ്ടിയർമാരെയും നിരീക്ഷണത്തിലേക്ക് മാറ്റി. ക്രിസ്ത്യൻ  കോളേജ് സ്കൂളിൽ രോഗം ബാധിച്ച വിദ്യാർത്ഥിക്കൊപ്പം ഹാളിൽ പരീക്ഷയെഴുതിയവരോടും നിരീക്ഷണത്തിലേക്ക് മാറാനാവശ്യപ്പെട്ടു. 

click me!