
കോട്ടയം: കൊവിഡ് റെഡ്സോണായ കോട്ടയത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കി ജില്ലാഭരണകൂടം. അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് ജില്ലയിൽ നിരോധിച്ചു. ജില്ലാ അതിർത്തികളിൽ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. 395 പേരുടെ സ്രവ പരിശോധനാ ഫലങ്ങളാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. ഒരാഴ്ച്ചക്കു ശേഷം ഇന്നലെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തത് കോട്ടയത്തിന് ആശ്വാസമായി.
എങ്കിലും ഒരാഴ്ചകൊണ്ട് ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം 17 ആയത് ആശങ്കപ്പെടുത്തുന്നതാണ്.ഈ പശ്ചാത്തലത്തിലാണ് ജില്ലയിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയത്. അഞ്ച് പേരിൽ കൂടുതൽപേർ കൂട്ടം കൂടുന്നത് ജില്ലയിൽ നിരോധിച്ചു. പകർച്ചവ്യാധി നിരോധന നിയമപ്രകാരമാണ് ജില്ലാ കളക്ടറുടെ നടപടി.
പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളുമായി അതിർത്തി പങ്കിടുന്ന 14 ഇടങ്ങളിലും പരിശോധന കർശനമാക്കി. ഇടവഴികളിലും നിരീക്ഷണമേര്‍പ്പെടുത്തി. രോഗികളുടെ വീടുകൾ സ്ഥിതി ചെയ്യുന്ന കണ്ടെയ്ൻമെന്റ് മേഖലകളിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് യാത്രാ വിലക്ക് ഏർപ്പെടുത്തി.
ജില്ലയിൽ വാഹന ഗതാഗതത്തിനും വിലക്കുണ്ട്. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങിയാൽ വാഹനം പിടിച്ചെടുക്കും. കോട്ടയത്ത് 1040 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. പ്രത്യേക കൊവിഡ് കെയർ സെന്ററുകളിൽ 18 പേരും നിരീക്ഷണത്തിലാണ്.
ഇതിനിടെ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച അഞ്ച് പേരുടെ റൂട്ട്മാപ്പ് ജില്ലാഭരണകൂടം പ്രസിദ്ധീകരിച്ചു. ജില്ലയിൽ എട്ട് പഞ്ചായത്തുകളും ചങ്ങനാശേരി നഗരസഭയും തീവ്രബാധിത മേഖലയാണ്. സാമൂഹ്യ വ്യാപന സാധ്യയുണ്ടോയെന്നറിയാൻ ജില്ലയിൽ റാപ്പിഡ് ടെസ്റ്റുകൾ പുരോഗമിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam