പൊലീസ് അസോസിയേഷനുകൾക്ക് മൂക്കുകയറിട്ട ചട്ടം; ഭേഗദതി വേണമെന്ന് സംഘടനകൾ, സമ്മർദ്ദം ശക്തം

By Web TeamFirst Published Apr 29, 2020, 6:51 AM IST
Highlights

പൊലീസ് സംഘടനളുടെ പ്രവർത്തനത്തിലും തെരഞ്ഞെടുപ്പിലും നിലവിലുള്ള രാഷ്ട്രീയ അതിപ്രസരം അവസാനിപ്പിക്കാനായിരുന്നു ചട്ടം കൊണ്ടുവന്നത്. ഈ ചട്ടത്തിൽ ഭേഗദദതിക്ക് വേണ്ടിയാണ് പൊലീസ് സംഘടനകളുടെ ശക്തമായ സമ്മർദ്ദം. 

തിരുവനന്തപുരം: പൊലീസ് അസോസിയേഷനുകളെ കടിഞ്ഞാണിടാനുള്ള ചട്ടം മാറ്റാൻ സമ്മർദ്ദം. അസോസിയേഷൻ നേതാക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. അതേസമയം, ചട്ടത്തിൽ ഭേദഗതി വേണ്ടെന്നാണ് ഡിജിപി നിയോഗിച്ച ഉന്നതതല സമിതിയുടെ ശുപാർശ.

പൊലീസ് സംഘടനളുടെ പ്രവർത്തനത്തിലും സമ്മേളനങ്ങളിലും തെരഞ്ഞെടുപ്പിലും നിലവിലുള്ള രാഷ്ട്രീയ അതിപ്രസരം അവസാനിപ്പിക്കാനായിരുന്നു ചട്ടം കൊണ്ടുവന്നത്. രണ്ട് വ‌ർഷത്തിൽ കൂടുതൽ ഒരാള്‍ അസോസിയേഷന്റെ ഭാരവാഹിയാകാൻ പാടില്ല. ഭാരവാഹികാൻ വീണ്ടും മത്സരിക്കണമെങ്കിൽ മൂന്ന് വർഷത്തിനുശേഷം മാത്രമേ സാധിക്കുകയുള്ളൂ. സമ്മേളനം ഒരു ദിവസമാക്കണം. യോഗങ്ങള്‍ക്കെല്ലാം ഉന്നത ഉദ്യോഗസ്ഥരുടെ മുൻകൂർ അനുമതിവേണം. അസോസിയേഷനോ നേതാക്കളോ രാഷ്ട്രീയ സംഘടനകളിൽ അംഗത്വം പാടില്ല എന്നീ കർശന നിബന്ധനകളോടെയായിരുന്നു ചട്ടം. 

ഈ ചട്ടത്തിൽ ഭേഗദദതിക്ക് വേണ്ടിയാണ് പൊലീസ് സംഘടനകളുടെ ശക്തമായ സമ്മർദ്ദം ചെലുത്തുന്നത്. പുതിയ ചട്ടമനുസരിച്ചാണെങ്കിൽ ഭരണാനുകൂലികളായ പൊലീസ് സംഘടനയുടെ ഭാരവാഹികള്‍ പലരും സ്ഥാനം ഒഴിയേണ്ടിവരും. ഇത് മുന്നിൽ കണ്ടാണ് സംഘടനകളുടെ നീക്കം. സർക്കാർ അംഗീകരിച്ച അസോസിയേഷനുകളുടെ ഭരണഘടനക്ക് വിരുദ്ധമാണ് പുതിയ ചട്ടമെന്നാണ് പരാതി. സമ്മേളനവും ഭാരവാഹികളേയും തീരുമാനിക്കേണ്ടത് ഭരണഘടപ്രകാരം പ്രതിനിധികളുടെ അവകാശമാണെന്നാണ് അസോസിയേഷനുകള്‍ ആവശ്യപ്പെടുന്നത്. കടുത്ത സമ്മർദ്ദത്തെ തുടർന്ന് ഡിജിപി ചട്ട ഭേദഗതി പരിശോധിക്കാൻ എഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിന്റെ നേതൃത്വത്തിൽ ഉന്നതതല സമിതിയെ നിയോഗിച്ചു. 

എന്നാൽ, നിലവിലുള്ള ചട്ടത്തിൽ ഒരു ഭേദഗതിയും വേണ്ടന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ സമിതിയുടെ റിപ്പോർട്ട്. എന്നാൽ റിപ്പോർട്ടിൽ ഭേദഗതി ആവശ്യപ്പെട്ട് അസോസിയേഷൻ നേതാക്കള്‍ ഡിജിപിയെ കണ്ടുവെങ്കിലും റിപ്പോർട്ട് തയ്യാറാക്കിയവർ മാറ്റത്തിന് തയ്യാറായില്ല. ഇനി സർക്കാർ തീരുമാനിക്കട്ടെയെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്. അസോസിയേഷൻ നേതാക്കൾ മുഖ്യമന്ത്രിയെയും കണ്ട് പരാതി നൽകി. രണ്ടാഴ്ച മുമ്പ് സർക്കാർ ഇറക്കിയ ചട്ടം സമ്മർദ്ദത്തെ തുടർന്ന് തിരുത്തുമോയെന്നാണ് ഇനി അറിയേണ്ടത്.

click me!