എംബിബിഎസ് കോഴ്സിൽ അധികമായി ഈടാക്കുന്ന ആറുമാസത്തെ ഫീസ് തിരികെ നൽകണമെന്ന ദേശീയ മെഡിക്കൽ കമ്മീഷൻ നിർദ്ദേശത്തിൽ സംസ്ഥാന സർക്കാർ നടപടി നിർണ്ണായകം. കേരളത്തിലെ സാഹചര്യം നോക്കാതെയുള്ള നിർദേശമെന്നാണ് സ്വാശ്രയ മെഡിക്കൽ കോളേജ് അസോസിയേഷൻ പറയുന്നത്.
തിരുവനന്തപുരം: എംബിബിഎസ് കോഴ്സിൽ അധികമായി ഈടാക്കുന്ന ആറുമാസത്തെ ഫീസ് തിരികെ നൽകണമെന്ന ദേശീയ മെഡിക്കൽ കമ്മീഷൻ നിർദ്ദേശത്തിൽ സംസ്ഥാന സർക്കാർ നടപടി നിർണ്ണായകം. കേരളത്തിലെ സാഹചര്യം നോക്കാതെയുള്ള നിർദേശമെന്നാണ് സ്വാശ്രയ മെഡിക്കൽ കോളേജ് അസോസിയേഷൻ പറയുന്നത്. ഇടപെടണമെങ്കിൽ സർക്കാർ നിർദേശം വേണമെന്നാണ് ഫീസ് റഗുലേറ്ററി കമ്മീഷൻ പറയുന്നത്.
എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നൽകാനാണ് ദേശീയ മെഡിക്കൽ കമ്മീഷൻ നിർദേശം നൽകിയിരിക്കുന്നത്. നാലര വർഷ കോഴ്സിന് അഞ്ചുവർഷഫീസ് വാങ്ങുന്നതിലാണ് നടപടി. 2024ലെ ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ചട്ട പ്രകാരം എംബിബിഎസ് കോഴ്സിന്റെ കാലയളവ് 54 മാസമാണ്. അതായത് നാലര വർഷം. യഥാർത്ഥ കാലയളവിനുള്ള ഫീസ് മാത്രമേ ഈടാക്കാവൂ എന്ന് നേരത്തെ തന്നെ ദേശീയ മെഡിക്കൽ കമ്മീഷൻ നിർദേശിച്ചിരുന്നെങ്കിലും കേരളം നടപ്പാക്കിയിരുന്നില്ല. ഇതിലാണ് വീണ്ടും കമ്മീഷൻ്റെ ഇടപെടൽ. വിദ്യാർഥികളിൽ നിന്ന് അധികമായി വാങ്ങിയ ആറുമാസത്തെ ഫീസ് തിരികെ നൽകണമെന്നാണ് നിർദേശം. കോളേജുകൾക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകണം.
സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളിലെ വിദ്യാർത്ഥികൾ അധികമായി അടയ്ക്കേണ്ടി വരുന്ന ഫീസ് മൂന്നര ലക്ഷം മുതൽ 6 ലക്ഷം വരെയാണ്. പരാതി ഉയർന്നതിന് പിന്നാലെ ദേശീയ മെഡിക്കൽ കമ്മീഷൻ നാലര വർഷ ഫീസ് മാത്രമേ വാങ്ങാവുവെന്ന് മൂന്നര മാസം മുമ്പ് ആദ്യ സർക്കുലർ ഇറക്കിയിരുന്നു. കേരളത്തിൽ സ്വാശ്രയ കോളേജുകളുടെ വരവുചെലവ് കണക്കുകൾ അടക്കം പരിശോധിച്ച് ഫീസ് നിർണയ സമിതിയാണ് സംസ്ഥാനത്ത് ഓരോ വർഷവും ഫീസ് നിശ്ചയിക്കുന്നത്. ആദ്യ വർഷം അടക്കുന്ന ഫീസ് അടുത്ത കൊല്ലങ്ങൾക്കും ബാധകമാക്കുന്നതാണ് രീതി. ഇത് അംഗീകരിച്ച് സർക്കാർ ഇറക്കുന്ന ഉത്തരവിലും പറയുന്നത് അഞ്ച് വർഷത്തെ ഫീസ് എന്നാണ്. പുതിയ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകുമെന്നാണ് വിദ്യാർത്ഥികളുടെ പ്രതീക്ഷ. കേരളത്തിന് എൻഎംസി നിർദേശം ബാധകമല്ലെന്നാണ് സ്വകാര്യ മെഡിക്കൽ കോളേജ് മാനേജ്മെന്റുകൾ വാദിച്ചിരുന്നത്.

