'ഒരു തരത്തിലും സമ്പർക്കത്തിലേർപ്പെട്ടിട്ടില്ല' ആരോഗ്യവകുപ്പ് നിഗമനം തള്ളി വയനാട്ടിലെ രോഗബാധിതർ

By Web TeamFirst Published May 15, 2020, 11:46 AM IST
Highlights

യുവാക്കളിലൊരാൾ മയക്കുമരുന്ന്കേസ് പ്രതിയാണെന്നും, ഇയാൾ റൂട്മാപ്പ് തയാറാക്കാനുള്ള വിവരങ്ങൾ നല്‍കാന്‍ വിസമ്മതിക്കുകയാണെന്നും ജില്ലാ പോലീസ് മേധാവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

വയനാട്: വയനാട്ടിൽ കോയമ്പേട് മാർക്കറ്റിൽ പോയി വന്ന് ട്രക്ക് ഡ്രൈവർ വഴിയാണ് രണ്ട് യുവാക്കൾക്ക് കൊവിഡ് ബാധിച്ചതെന്ന ആരോഗ്യവകുപ്പ് നിഗമനം നിഷേധിച്ച് രോഗബാധിതർ. ഒരു തരത്തിലും സമ്പർക്കത്തിലേർപ്പെട്ടിട്ടില്ലെന്ന് ക്ലീനറുടെ മകനും യുവാവും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആരോഗ്യവകുപ്പ് നിഗമനം ട്രക്ക് ഡ്രൈവറും തള്ളി. മാര്‍ച്ച് 23ന് ശേഷം തമ്മിൽ കണ്ടിട്ടില്ലെന്ന് ക്ലീനറുടെ മകനും രോഗബാധിതനായ യുവാവും അവകാശപ്പെടുന്നു. ഇതിനിടെ രോഗബാധിതനായ യുവാവിന്‍റെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തിറക്കി. 

ട്രക് ഡ്രൈവറുടെ വസ്ത്രത്തിലൂടെയോ, കോയമ്പേട് മാർക്കറ്റില്‍ ഇയാളോടൊപ്പം പോയ ക്ലീനർ രോഗവാഹകനാവുകയോ വഴി ക്ലീനറുടെ മകനും അതുവഴി സുഹൃത്തിനും രോഗബാധയുണ്ടാകാമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിഗമനം. എന്നാല്‍ മാർച്ചില്‍ ജില്ലയിലേക്ക് തിരിച്ചെത്തിയ ശേഷം തങ്ങൾ പരസ്പരമോ ട്രക് ഡ്രൈവറുമായോ, ഒരുതരത്തിലും സമ്പർക്കത്തിലേർപ്പെട്ടിട്ടില്ലെന്ന് യുവാക്കൾ അവകാശപ്പെടുന്നു.

തന്നില്‍ നിന്നും രോഗം യുവാക്കളിലേക്ക് പകരാന്‍ ഒരു സാധ്യതയുമില്ലെന്നും , ഇവരുടെ രോഗത്തിന്‍റെ ഉറവിടം അധികൃതർ ഗൗരവമായി പരിശോധിക്കണമെന്ന് ട്രക് ഡ്രൈവറും ആവശ്യപ്പെടുന്നു.

യുവാക്കളിലൊരാൾ മയക്കുമരുന്ന്കേസ് പ്രതിയാണെന്നും, ഇയാൾ റൂട്മാപ്പ് തയാറാക്കാനുള്ള വിവരങ്ങൾ നല്‍കാന്‍ വിസമ്മതിക്കുകയാണെന്നും ജില്ലാ പോലീസ് മേധാവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ ആരോപണങ്ങളും ഇപ്പോൾ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവാവ് നിഷേധിച്ചു.
എന്നാല്‍ നേരത്തെയുള്ള നിഗമനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ആരോഗ്യ വകുപ്പ്. യുവാക്കളുടെ രോഗത്തിന്‍റെ ഉറവിടം കണ്ടെത്തല്‍ അധികൃതർക്ക് വെല്ലുവിളിയാകുമെന്ന് ചുരുക്കം.

ഇതിനിടയിൽ ലഭ്യമായ വിവരങ്ങൾ വച്ച് വയനാട് ജില്ലാ ഭരണകൂടം യുവാവിന്റെ റൂട്ട് മാപ്പ് പുറത്തിറക്കി. മൂന്ന് തവണ യുവാവ് പോലീസ് സ്റ്റേഷനുകളിൽ എത്തിയതായി റൂട്ട് മാപ്പിൽ പറയുന്നു. ഒരു തവണ സ്വകാര്യ ആശുപത്രിയിലും പോയി. ഇയാൾ വിവരങ്ങൾ നൽകാൻ തയാറാകാത്തത് വലിയ പ്രതിസന്ധിയാണ് ജില്ലാ ഭരണകൂടത്തിന് സൃഷ്ടിച്ചത്.

click me!