തൃശ്ശൂരിൽ നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങി ബൈക്കപകടം: യുവാവ് മരിച്ചു

By Web TeamFirst Published Mar 16, 2020, 6:57 PM IST
Highlights

മേച്ചിറ സ്വദേശി സുജിത് (30) ആണ് മരിച്ചത്. മാർച്ച് 11-ന് ദുബായിൽ നിന്ന് തിരികെയെത്തിയ സുജിത്തിനോട് 10 ദിവസം നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് പറഞ്ഞിരുന്നു. 

തൃശ്ശൂർ: ചാലക്കുടി മേച്ചിറയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ബൈക്കപകടത്തിൽ മരിച്ചു. മേച്ചിറ സ്വദേശി സുജിത് (30) ആണ് മരിച്ചത്. രണ്ട് ദിവസമായി സുജിത് ആശുപത്രിയിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു.

മാർച്ച് 11-ന് ദുബായിൽ നിന്ന് വന്ന സുജിത്തിനോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ പ്രവർത്തകർ നിർദ്ദേശിച്ചിരുന്നതാണ്. ഇതിനിടെയാണ് കഴിഞ്ഞ ശനിയാഴ്ച സുജിത് പുറത്തിറങ്ങിയത്. സുജിത്തിനൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവ് സംഭവദിവസം തന്നെ മരിച്ചിരുന്നു. അർദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ തൃശ്ശൂർ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോഴാണ് കൊവിഡ് രോഗബാധയുണ്ടെന്ന് സംശയമുള്ളതിനാൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ച വിവരം മനസ്സിലായത്. 

കൊവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷമെ സുജിത്തിൻ്റെ മൃതദേഹം പോസ്റ്റ്‍‍മോർട്ടം ചെയ്യാനോ, സംസ്കരിക്കാനോ ഉള്ള തുടർനടപടികളിലേക്ക് കടക്കൂ എന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. കർശനനിരീക്ഷണത്തിൽ സുരക്ഷയിൽ മൃതദേഹം സൂക്ഷിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 

നിലവിൽ സുജിത്തിന്‍റെ മൃതദേഹം തൃശ്ശൂർ ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

സംസ്ഥാനമെമ്പാടും കനത്ത ജാഗ്രത തുടരുമ്പോൾ, വിദേശത്ത് നിന്ന് തിരികെ വരുന്നവരെല്ലാം നിരീക്ഷണത്തിൽ കഴിയണമെന്നും ഹോം ഐസൊലേഷൻ കർശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നതാണ്. എന്നാൽ ഇത് പലരും പാലിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നത്. 

കഴിഞ്ഞ ദിവസമാണ്, പത്ത് ദിവസം മുമ്പ് സൗദിയില്‍ നിന്നെത്തിയ ആൾ ഭാര്യക്കും കുട്ടിക്കുമൊപ്പം സഞ്ചരിക്കവെ കൊല്ലം പള്ളിമുക്കില്‍ വച്ച് വാഹനാപകടത്തില്‍ പെട്ടത്. കൊല്ലം ജനറലാശുപത്രിലെത്തിച്ച ഇദ്ദേഹത്തെ സ്ഥിതി ഗുരുതരമായപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചിരുന്നു. അപ്പോഴൊന്നും കൊവിഡ് നിരീക്ഷണത്തിലുള്ളയാളാണെന്ന വിവരം അറിയിച്ചില്ല. ഡോക്ടർമാരുൾപ്പടെ 50 പേരോട് നിരീക്ഷണത്തിൽ പോകാനും ജോലിയിൽ നിന്ന് വിട്ടുനിൽക്കാനും ആരോഗ്യവകുപ്പിന് നിർദേശിക്കേണ്ടി വന്നു. ഒടുവിൽ വൈകിട്ടോടെ കൊവിഡ് രോഗമില്ലെന്ന റിപ്പോർട്ട് വന്നതോടെയാണ് ആശ്വാസമായത്. 

Read more at: കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ അപകടത്തിൽ പെട്ടയാൾക്ക് കൊവിഡ് ഇല്ല, ആശ്വാസം

click me!