കൊവിഡ് ക്രിസിനേയും കൊണ്ടുപോയി; കുഞ്ഞുവാവയെ കാത്തിരിക്കുന്ന എമിയോടും എസയോടും എന്തുപറയുമെന്നറിയാതെ റിച്ചാര്‍ഡ്

By Web TeamFirst Published Nov 8, 2020, 9:31 AM IST
Highlights

കുഞ്ഞുവാവയും അമ്മയും ആശുപത്രിയില്‍ നിന്ന് എത്തുന്നതും കാത്തിരിക്കുകയാണ് മക്കളായ എമിയും എസയും. നാല് മക്കള്‍ വേണമെന്നായിരുന്നു ക്രിസിന്റെ മോഹം. 

ആലപ്പുഴ: മൂന്നാമത്തെ പിഞ്ചോമനയുടെ കുഞ്ഞിക്കാലുകള്‍ കാണാന്‍ മോഹിച്ച ക്രിസിനെ(30) കൊവിഡ് കൊണ്ടുപോയി. ഈ കുടുംബത്തിന് താങ്ങാനാകാത്തെ വേദനകളാണ് കൊവിഡ് മഹാമാരി നല്‍കിയത്. മൂന്നാമത്തെ കുഞ്ഞിനായി കാത്തിരുന്ന ക്രിസാണ് ഒടുവില്‍ മരിച്ചത്. നേരത്തെ കൊവിഡ് ബാധിച്ച് ക്രിസിന്റെ പിതാവ് ബെഞ്ചമിനും സിസേറിയനിലൂടെ പുറത്തെടുത്ത ഏഴ് മാസം പ്രായമുള്ള കുഞ്ഞും മരിച്ചിരുന്നു. 

ക്രിസും പോയതോടെ കുഞ്ഞുവാവയെ കാത്തിരിക്കുന്ന എമിയോടും എസയോയും എന്ത് മറുപടി പറയുമെന്ന് അറിയാതെ നെഞ്ച് പൊള്ളിയിരിക്കുകയാണ് ഭര്‍ത്താവ് റിച്ചാര്‍ഡ് ഡിക്രൂസ്. കുഞ്ഞുവാവയും അമ്മയും ആശുപത്രിയില്‍ നിന്ന് എത്തുന്നതും കാത്തിരിക്കുകയാണ് മക്കളായ എമിയും എസയും. നാല് മക്കള്‍ വേണമെന്നായിരുന്നു ക്രിസിന്റെ മോഹം. 

ക്രിസിന്റെ വിയോഗം റിച്ചാര്‍ഡ്‌സ് അമ്മയോടുപോലും വിവരം വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസം മാത്രമാണ്. മരണവിവരമറിഞ്ഞ് നെഞ്ച് തകര്‍ന്നിരിക്കുകയാണ് ആ അമ്മ. ക്രിസിന്റെ കുടുംബത്തിന് കൊവിഡ് വരുത്തിയ ദുഃഖം കടലോളമുണ്ട്. വീട്ടില്‍ ആദ്യം കോവിഡ് പോസിറ്റീവായത് ഭര്‍ത്താവ് റിച്ചാര്‍ഡിനാണ്. തുടര്‍പരിശോധനയില്‍ ഏഴരമാസം ഗര്‍ഭിണിയായിരിക്കെ ക്രിസിനും പോസിറ്റീവാണെന്നു സ്ഥിരീകരിച്ചു. ഇതിനിടെ പിതാവ് ഫോര്‍ട്ട്‌കൊച്ചി സ്വദേശി ബെഞ്ചമിനും കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേ ക്രിസ് മരിക്കുന്നതിന് രണ്ടു ദിവസം മുന്‍പ് ഹൃദയാഘാതം വന്ന് മരിച്ചു. ഈ സമയം കൊവിഡ് രോഗബാധ രൂക്ഷമായി ക്രിസിനെ വെന്റിലേറ്ററിലേക്ക് മാറ്റി.

ശ്വാസംമുട്ടലിന്റെ പ്രയാസം ഉണ്ടായിരുന്നതാണ് ക്രിസിന് കോവിഡ് ഗുരുതരമാകാന്‍ കാരണമായതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശ്വാസകോശ രോഗം രൂക്ഷമായതോടെ കുഞ്ഞിനെ ശസ്ത്രക്രിയ ചെയ്ത് പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. കുഞ്ഞിനെ പുറത്തെടുത്ത് ഇന്‍കുബേറ്ററിലാക്കിയെങ്കിലും അടുത്ത ദിവസം കുഞ്ഞും മരിച്ചു. ഇതൊന്നും അറിയാതെ വെന്റിലേറ്ററില്‍ ബുധനാഴ്ച രാത്രിയോടെ ക്രിസും യാത്രയായി.

കൊവിഡ് നെഗറ്റീവായപ്പോള്‍ മുതല്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പാര്‍ക്കിങ്ങില്‍ ഒതുക്കിയിട്ട കാറില്‍ ക്രിസ് രോഗംമാറി തിരിച്ചു വരുന്നതും കാത്തിരിക്കുകയായിരുന്നു റിച്ചാര്‍ഡ്. പ്രിയതമ ഇനി തിരിച്ചു വരവില്ലെന്നറിഞ്ഞതിന്റെ തീരാകണ്ണീരിലാണ് അദ്ദേഹം. ക്രിസിന്റെ മൃതദേഹം മുട്ടം സെന്റ്‌മേരീസ് പള്ളി സെമിത്തേരിയില്‍ ചിതയൊരുക്കി ദഹിപ്പിച്ചു.

click me!