പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ല; ട്രഷറി തട്ടിപ്പ് കേസ് പ്രതിക്ക് ജാമ്യം ലഭിച്ചു

By Web TeamFirst Published Nov 8, 2020, 9:13 AM IST
Highlights

ട്രഷറിയിൽ നിന്ന് ഒരു ഉദ്യോഗസ്ഥൻ 2.73 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാതെ പൊലീസ്. 

തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസിൽ പൊലീസ് കുറ്റപത്രം കൊടുക്കാത്തതിനാൽ പ്രതി ബിജുരാജിന് ജാമ്യം ലഭിച്ചത് വിവാദമാകുന്നു. കേസിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന ശുപാർശയും എങ്ങുമെത്തിയില്ല. സോഫ്റ്റ് വെയറിലെ പിഴവുൾപ്പെടെ അന്വേഷണം ധനകാര്യവകുപ്പിലെ ഉന്നതരിലേക്ക് നീങ്ങുമെന്നായപ്പോഴാണ് അന്വേഷണം വഴിമുട്ടിയത്. 

ട്രഷറിയിൽ നിന്ന് ഒരു ഉദ്യോഗസ്ഥൻ 2.73 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാതെ പൊലീസ്. ഇതിനാൽ പ്രതിക്ക് ജാമ്യം കിട്ടുകയും ചെയ്തു. വഞ്ചിയൂർ സബ് ട്രഷറിയിൽ ജോലി ചെയ്യുമ്പോഴാണ് സോഫ്റ്റ് വെയറിലെ പിഴവുകള്‍ മുതലാക്കി ബിജുലാൽ കോടികൾ തട്ടിയത്. കേസ് അന്വേഷണം ആരംഭിച്ച പൊലീസിന് പക്ഷേ തുടക്കം മുതൽ പിഴച്ചു.

ഒളിവിൽ പോയ ബിജുലാലിനെ അറസ്റ്റ് ചെയ്യാൻ  പൊലീസ് വിമുഖത കാണിച്ചു. കീഴടങ്ങാനായി അഭിഭാഷകൻ്റെ ഓഫീസിലെത്തി മാധ്യമങ്ങളെ കാണുമ്പോഴാണ് ബിജുലാലിനെ പൊലീസിന് പിടികൂടാനായത്. ആഗസ്റ്റ് മൂന്നിനായിരുന്നു 
ബിജു ലാലിൻ്റെ അറസ്റ്റ്. വഞ്ചിയൂർ ട്രഷറിയിൽ കൂടാതെ ബിജുലാല്‍ ജോലി ചെയ്ത മറ്റ് ട്രഷറികളിലും തട്ടിപ്പ് നടത്തിയെന്നായിരുന്നു പൊലീസ് പറഞ്ഞത്. 

ഇതുകൂടാതെ ക്യാഷ് കൗണ്ടറിൽ നിന്നും ബിജുലാല്‍ പണം മോഷ്ടിച്ചുവെന്നും കണ്ടെത്തി. പിടിക്കപ്പെടുമെന്നായപ്പോള്‍ ബിജുലാല്‍ ഈ പണം ക്യാഷറുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. പക്ഷെ ഈ തട്ടിപ്പ് ഉന്നത ഉദ്യോഗസ്ഥർ   അറിഞ്ഞിട്ടും മറച്ചുവച്ചു. ഉന്നത ഉദ്യോഗസ്ഥർ അന്നേ ബിജുലാലിനെതിരെ നടപടി സ്വീകരിച്ചിരുന്നെങ്കിൽ ട്രഷറിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്ന തട്ടിപ്പ് നടക്കുമായിരുന്നില്ല. 

മാത്രമല്ല ട്രഷറിക്കായി തയ്യാറാക്കിയ  സോഫ്റ്റുവെയറിലും പിഴവും അന്വേഷണത്തിനിടെ പുറത്തുവന്നു. ഇതോടെ അന്വേഷണത്തിൻറെ വേഗം കുറഞ്ഞു. സോഫ്റ്റുവെയറിലെ പിഴവുള്‍പ്പെടെ അന്വേഷണം ഉന്നതങ്ങളിലേക്ക് നീങ്ങുമെന്നതിനാൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഇതേവരെ അനുമതി നൽകിയിട്ടില്ല. ഇതിനിടെ മജിസ്ട്രേറ്റ് കോടതി ഒരു പ്രാവശ്യവും സെഷൻസ് കോടതി രണ്ടുപ്രാവശ്യവും ബിജുലാലിൻറെ ജാമ്യം നിക്ഷേധിച്ചു. 

90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാത്തിനാൽ ബിജുലാലിന് സ്വാഭാവിക ജാമ്യവും ലഭിച്ചു. തട്ടിപ്പ് കേസിൽ പിടികൂടിയപ്പോള്‍ ബിജുലാലിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതല്ലാതെ മറ്റ് നടപടികളൊന്നും ഇതേ വരെയുണ്ടായില്ല. ഫൊറൻസിക് റിപ്പോർട്ടുകള്‍ ഉള്‍പ്പെടെ ശാത്രീയ തെളുകള്‍ ലഭിക്കേണ്ടതുള്ളതുകൊണ്ടാണ് കുറ്റപത്രം വൈകുന്നതെന്നാണ് പൊലീസിൻറെ വിശദീകരണം. 

click me!