
കോഴിക്കോട്: പ്രതിദിന കൊവിഡ് കേസുകള്‍ 1500 കടന്ന കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകളിൽ കളക്ടര്‍ 144 പ്രഖ്യാപിച്ചു. ഈ മേഖലകളിൽ പൊതു- സ്വകാര്യ ഇടങ്ങളിൽ കൂടിച്ചേരലുകൾ പൂർണ്ണമായി നിരോധിച്ചു. തൊഴിൽ , അവശ്യ സേവനം എന്നിവക്ക് മാത്രമാണ് ഇളവ്. കണ്ടെയ്ന്‍മെന്‍റ് സോണുകളിലെ ആരാധനാലയങ്ങളിൽ അനുഷ്ഠാനങ്ങളും ചടങ്ങുകളും നടത്താനേ അനുമതി ഉള്ളൂ.
ഇതിൽ അഞ്ചിൽ കൂടുതൽ പേർ പങ്കെടുക്കരുത്. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് കണ്ടെയ്ന്‍മെന്‍റ് സോണുകളിൽ 144 വ്യാപിച്ചതെന്ന് കളക്ടര്‍ അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് 10,031 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ 1560 പേര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്ക് പോസിറ്റീവായി. 36 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1523 പേര്‍ക്കാണ് ജില്ലയില്‍ രോഗം ബാധിച്ചത്. 7801 പേരെ പരിശോധനക്ക് വിധേയരാക്കി. 21.20 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കൊവിഡ് കേസുകള്‍ കൂടിയതോടെ കൂടുതല്‍ ജില്ലകളിലും നിയന്ത്രണം പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബർ പത്തിന് ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത്. 14.8 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണം കൂടി കൊവിഡ് മൂലമാണെന്ന് സർക്കാർ സ്ഥിരീകരിച്ചു. കോഴിക്കോട് കൂടാതെ എറണാകുളത്തും പ്രതിദിന രോഗബാധ ആയിരം കടന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam