
കൊല്ലം: കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടിയതോടെ കൊല്ലം ജില്ലയിൽ ആശങ്ക. വിദേശത്ത് നിന്നും വന്നവരാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചതിൽ കൂടുതലെങ്കിലും സമ്പര്‍ക്കം വഴിയുള്ള രോഗപകർച്ച ആശങ്ക കൂട്ടുകയാണ്. ജില്ലയില്‍ ആരോഗ്യപ്രവർത്തകര്‍ക്ക് ഉൾപ്പെടെ നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം മാത്രം ജില്ലയില്‍ 19 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് ഇവരെല്ലാം വിദേശത്ത് നിന്നും എത്തിയവര്‍ ആയിരുന്നു. ഇതോടെകൂടി ജില്ലയില്‍ ചികിത്സയിലുള്ളവരുടെ ഏണ്ണം 83 ആയി. അതേസമയം, ജില്ലയില്‍ 26 പേര്‍ രോഗമുക്തി നേടി. സെന്‍റിനല്‍ സര്‍വൈലന്‍സിലൂടെ ഒരു ആശാ പ്രവർത്തകക്ക് ആദ്യം രോഗം സ്ഥിരീകരിച്ചത് കൊല്ലത്ത് ആയിരുന്നു. ഇതിന് ശേഷവും പല ആരോഗ്യപ്രവർത്തകര്‍ക്കും രോഗം പിടിപെട്ടു. കൊല്ലത്ത് വിവിധമേഖലകള്‍ കണ്ടെയിന്‍മെന്റ് സോണുകളായി മാറി. പലസ്ഥലങ്ങളും ഹോട്ട് സ്പോട്ടുകളുമായി മാറി. നീണ്ടകരയും ശക്തികുളങ്ങരയും പൂർണമായും അടച്ചിട്ടു.
വരുംദിവസങ്ങളില്‍ കൂടുതല്‍ പേരിലേക്ക് രോഗവ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. വിദേശത്ത് നിന്നും വരുന്നവരിലും ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരിലുമാണ് കൂടുതല്‍ രോഗബാധ കാണുന്നത്. പലരിലും നാട്ടിലെത്തി ദിവസങ്ങള്‍ കഴിഞ്ഞതിന് ശേഷമാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. പലപ്പോഴും രോഗം മൂര്‍ദ്ധന്യാവസ്ഥയിലെത്തുമ്പോഴാണ് തിരിച്ചറിയുന്നത്. ഇത് ചികിത്സക്ക് വലിയ തിരിച്ചടി ആകുന്നുണ്ട്. ഗുരതരാവസ്ഥയില്‍ എത്തുന്നവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ് മാറ്റുന്നത്. 81 വയസ് പ്രായമുള്ള ആള്‍ ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടരുകയാണ്. ഗുരുതരാവസ്ഥയില്‍ തുടരുന്ന ഇവര്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തിലാണ് കഴിയുന്നത്.
കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച സേവിയറിന്‍റെ ബന്ധുക്കളുടെ പരിശോധനാഫലം ഇനിയും വന്നിട്ടില്ല. സമ്പർക്കത്തിലൂടെ രോഗം പകരുന്നവരുടെ എണ്ണം കൂടിയാല്‍ ആ സ്ഥലങ്ങള്‍ അടച്ച് ഹോട്ട് സ്പോട്ടുകളായി മാറ്റാനാണ് ജില്ലാഭരണകൂടത്തിന്‍റെ തീരുമാനം തീവ്രബാധിമേഖലയായ തമിഴ്‌നാട്ടില്‍ നിന്നും പാസ്സുമായി വരുന്നവരെ മാത്രമെ അതിർത്തി കടത്തിവിടുന്നുള്ളൂ. ജില്ലയുടെ അതിർത്തി പ്രദേശങ്ങളില്‍ ജാഗ്രതയും ശക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam