കൊവിഡ് മരണങ്ങള്‍ കൂടുന്നു; മരിച്ചവരിൽ വാക്സിൻ എടുത്തവരുടെ വിശദാംശങ്ങൾ പുറത്തു വിടണമെന്നാവശ്യം

By Web TeamFirst Published May 23, 2021, 7:23 AM IST
Highlights

ഡെത്ത് ലാഗ് അഥവാ കേസുകൾ ഉയർന്ന ദിവസങ്ങളിലെ മരണം പ്രതിഫലിക്കാനെടുക്കുന്ന സമയമാണ് കേസുകൾ കുറഞ്ഞു തുടങ്ങുമ്പോഴുള്ള ഉയർന്ന മരണനിരക്കിന് കാരണം. 

തിരുവനനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണങ്ങളുയരുന്ന സാഹചര്യത്തിൽ, മരിച്ചവരിൽ വാക്സിൻ എടുത്തവരുടെ വിശദാംശങ്ങൾ പുറത്തു വിടണമെന്നാവശ്യപ്പെട്ട് ആരോഗ്യവിദഗ്ദർ. 50 വയസ്സിനു താഴെയുള്ളവരുടെ മരണനിരക്കും കൂടുന്ന സാഹചര്യത്തിലാണ്, വാക്സിൻ ഫലപ്രാപ്തി കൂടി അറിയാൻ ലക്ഷ്യമിട്ടുള്ള നിർദേശം. കഴിഞ്ഞ പത്ത് ദിവസത്തിനിടെ സംസ്ഥാനത്ത് മരണം 1116 കടന്നു. ഇത് ഇനിയും കൂടുമെന്നാണ് മുന്നറിയിപ്പ്.

ഡെത്ത് ലാഗ് അഥവാ കേസുകൾ ഉയർന്ന ദിവസങ്ങളിലെ മരണം പ്രതിഫലിക്കാനെടുക്കുന്ന സമയമാണ് കേസുകൾ കുറഞ്ഞു തുടങ്ങുമ്പോഴുള്ള ഉയർന്ന മരണനിരക്കിന് കാരണം. നാൽപ്പതിനായിരത്തിന് മുകളിലെത്തിയ ദിവസങ്ങളിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും ആനുപാതികമായി ഉയർന്നു. 2 മുതൽ 8 വര ആഴ്ച്ചകൾക്കിടയിലാണ് ഈ മരണം ഉണ്ടാവുക. 

ഇങ്ങനെ കഴിഞ്ഞ പത്ത് ദിവസത്തിനിടെ 1116 മരണം. വാക്സിനേഷൻ തുടങ്ങിയ ശേഷമുള്ള കണക്കുകളിൽ 60നു മുകളിൽ പ്രായമുള്ളവർക്കൊപ്പം, 50ന് താഴെ പ്രായമുള്ളവരിലെ മരണനിരക്കും കൂടിയിരുന്നു. മരണനിരക്ക് കൂടുന്ന സാഹചര്യത്തിലാണ് വാക്സിൻ ഫലമറിയാൻ വിശദമായ പഠനം വേണമെന്ന ആവശ്യം ഉയരുന്നത്. വാക്സിൻ സ്വീകരിച്ചവർക്ക് മരണസാധ്യതയും ഗുരുതരാവസ്ഥയിലെത്തുന്നതും കുറവാണെന്നാണ് കണക്കാക്കപ്പെടുന്നത്.

സംസ്ഥാനത്ത് മുൻഗണനാടിസ്ഥാനത്തിൽ 45ന് മുകളിലുള്ളവരിൽ 45 ശതമാനം പേർ ആദ്യഡോസും 22 ശതമാനം പേർ രണ്ടാംഡോസ് വക്സിനും എടുത്തവരാണ്. എന്നാൽ മരണവും വാക്സിനെടുത്ത വിവരവും ക്രോഡീകരിച്ച ഡാറ്റ നിവലവിൽ ഇല്ലെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. മരണനിരക്ക് വരുംദിവസങ്ങളിൽ ഇനിയും കൂടുമെന്നാണ് മുന്നറിയിപ്പ്. പ്രതിദിന രോഗികളുടെ എണ്ണം കുറയുമ്പോഴും വെന്റിലേറ്ററുകളിലും ഐസിയുകളിലും കൂടുതൽ ഒഴിവ് വരുന്നില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!