
കണ്ണൂർ: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദ്രുത പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ച തൃപ്പങ്ങോട്ടൂർ സ്വദേശി സദാനന്ദൻ (60) ആണ് മരിച്ചത്. സ്രവം കൂടുതൽ പരിശോധനയ്ക്കായി ആലപ്പുഴയിലേക്ക് അയച്ചു. ഇതോടെ കൊവിഡ് ബാധിച്ച് കേരളത്തിൽ മരിച്ചവരുടെ എണ്ണം 49 ആയി.
ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ തേടിയാണ് സദാനന്ദൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. സദാനന്ദന് അർബുദം അടക്കമുള്ള ഗുരുതര അസുഖങ്ങളുണ്ടായിരുന്നു. ആശുപത്രിയിലെത്തുന്ന രോഗികൾക്കുള്ള ദ്രുത പരിശോധനയിലാണ് ഇയാൾ കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.
ഇന്ന് മാത്രം നാല് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കാസർകോട്, കോഴിക്കോട്, കൊല്ലം സ്വദേശികളും ഇന്ന് മരിച്ചു. കാസർകോട് അണങ്കൂർ സ്വദേശിനി ഖൈറുന്നീസ (48) ആണ് കൊവിഡ് ബാധിച്ച് ഇന്ന് മരിച്ച ഒരാൾ. കടുത്ത ന്യൂമോണിയയെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ ആയിരുന്നു ഇവർ. തിങ്കളാഴ്ച്ചയാണ് കൊവിഡ് സ്ഥിരീകരിച്ചതും തുടർ ചികിത്സക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയതും. ഇന്ന് പുലർച്ചെ അഞ്ചരയോടെ മരണം സംഭവിച്ചു. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല.
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി പി.കെ കോയട്ടി ആണ് മരിച്ച രണ്ടാമത്തെയാൾ. കാര്യമായ കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഹൃദ്രോഗത്തിന് ചികിൽസയിലായിരുന്നു. മകളടക്കം 7 ബന്ധുക്കൾ രോഗബാധിതരാണ്. മൂന്ന് ദിവസം മുമ്പാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്.
കൊല്ലത്ത് കൊവിഡ് ബാധിച്ച് മരിച്ച കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55) ആണ് മറ്റൊരാൾ. ഇന്നലെ രാവിലെ ഇവർ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബന്ധുക്കളുടെ സ്രവ പരിശോധന നടത്തിയതിൽ മകൻ്റെ പരിശോധനാ ഫലവും പോസിറ്റീവാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam