
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം കൈകാര്യം ചെയ്യാൻ പുതിയ നിർദേശങ്ങൾ സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തിറക്കി. രോഗബാധ സംശയിച്ചുള്ള മരണമായാലും മൃതദേഹം വിട്ടുനൽകാൻ കാലതാമസം ഉണ്ടാകരുത്. സ്രവം പരിശോധനയ്ക്ക് എടുത്ത ശേഷം പ്രോട്ടോകോൾ പാലിച്ച് സംസ്കരിക്കാൻ നിർദ്ദേശം നൽകി മൃതദേഹം വിട്ടു നൽകണമെന്ന് പുതിയ നിർദ്ദേശത്തിൽ പറയുന്നു.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം എംബാം ചെയ്യാൻ അനുവദിക്കില്ല. കൊവിഡ് ബാധിച്ചുള്ള മരണങ്ങളിൽ പോസ്റ്റ്‌മോർട്ടം കഴിവതും ഒഴിവാക്കാൻ നിർദേശം നൽകി. പോസ്റ്റുമോർട്ടം ചെയ്യുകയാണെങ്കിൽ അണുബാധ നിയന്ത്രണത്തിൽ പരിശീലനം നേടിയ ഫോറൻസിക് ഡോക്ടർമാർ ആണ് ചെയ്യേണ്ടത്. ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്കോ സംസ്ഥാനത്തിനു പുറത്തോ മൃതദേഹം കൊണ്ടുപോകേണ്ടി വന്നാൽ ആശുപത്രി അധികൃതർ മരണ സർട്ടിഫിക്കറ്റ് നൽകണം.
മൃതദേഹത്തിൽ സ്പർശിക്കാതെ ഉള്ള മതപരമായ ചടങ്ങുകൾക്ക് അനുമതി നൽകി. ചിതാഭസ്മം ശേഖരിക്കാനും അനുവാദമുണ്ട്. അജ്ഞാതരായ കൊവിഡ് രോഗികൾ മരിച്ചാലോ മരിച്ചവരുടെ ബന്ധുക്കൾ മൃതദേഹം ഏറ്റെടുക്കാൻ തയാറാകാതിരിക്കുകയോ ചെയ്താൽ കൃത്യമായ നടപടി സ്വീകരിച്ച ശേഷം മരിച്ച ആളുടെ മതവിശ്വാസ പ്രകാരമുള്ള സംസ്കാര ചടങ്ങുകൾ നടത്താമെന്നും പുതിയ നിർദ്ദേശത്തിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam