
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ (Covid) എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാര്‍ഡുതല കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തീരുമാനം. ഇതുസംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ (MV Govindan Master), ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Veena George) എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.
കൊവിഡ് പ്രതിരോധത്തിനായി വാർഡ്തല കമ്മിറ്റികള്‍ ശക്തിപ്പെടുത്തുന്നതാണ്. എല്ലാ വാര്‍ഡുകളിലും റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) ശക്തിപ്പെടുത്തും. വേളണ്ടിയന്‍മാരെ സജീവമാക്കും. തദ്ദേശ സ്ഥാപന തലത്തില്‍ അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതാണ്. കുടുംബശ്രീ പ്രവര്‍ത്തകരെ കൂടി അവബോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കി വരുന്നു. വ്യാപനം കൂടിയ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതാണ്.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്ന സ്ഥലങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ സജ്ജമാക്കും. ആവശ്യമെങ്കില്‍ ഹോസ്റ്റലുകള്‍ ഏറ്റെടുക്കും. ഓരോ പ്രദേശത്തുമുള്ള കോവിഡ് കേസുകളുടെ വര്‍ധനവ് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ആവശ്യമായ വിവരങ്ങള്‍ തദ്ദേശ സ്വാപനങ്ങള്‍ക്ക് നല്‍കും. അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam