
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി 1305, കാസര്‍ഗോഡ് 969, വയനാട് 701 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,320 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,74,18,696 സാമ്പിളുകളാണ് പരിശോധിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 123 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 95 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6053 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 241 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 40,133 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3010 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 6247, മലപ്പുറം 5185, കോഴിക്കോട് 4341, തിരുവനന്തപുരം 3964, തൃശൂര്‍ 3962, പാലക്കാട് 1428, കൊല്ലം 3336, കോട്ടയം 2744, ആലപ്പുഴ 2596, കണ്ണൂര്‍ 2151, പത്തനംതിട്ട 1285, ഇടുക്കി 1277, കാസര്‍ഗോഡ് 943, വയനാട് 674 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
145 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 33, തൃശൂര്‍ 23, എറണാകുളം 15, പാലക്കാട്, കാസര്‍ഗോഡ് 11 വീതം, തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് 10 വീതം, കൊല്ലം 8, കോട്ടയം 2, ആലപ്പുഴ, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 34,600 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2338, കൊല്ലം 2815, പത്തനംതിട്ട 1264, ആലപ്പുഴ 2518, കോട്ടയം 2171, ഇടുക്കി 1287, എറണാകുളം 4474, തൃശൂര്‍ 2319, പാലക്കാട് 3100, മലപ്പുറം 3946, കോഴിക്കോട് 5540, വയനാട് 446, കണ്ണൂര്‍ 1907, കാസര്‍ഗോഡ് 475 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 4,32,789 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 15,71,738 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,01,647 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,67,211 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 34,436 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3593 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 75 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 740 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
മുഖ്യമന്ത്രിയുടെ വാക്കുകള്‍
കെആർ ഗൗരിയമ്മ കേരളത്തിന്‍റെ വിപ്ലവനായിക. അധ്വാനിക്കുന്ന വർഗത്തിന്‍റെ പതാകയേന്തി നാടിനെ മുന്നോട്ട് നയിച്ച ധീരയായിരുന്നു അവർ. ആധുനിക കേരളം സൃഷ്ടിച്ച പുരോഗമന മുന്നേറ്റത്തിന്‍റെ അമരത്താണ് അവരുടെ സ്ഥാനം. ആർദ്രതയും ഇച്ഛാശക്തിയും സമരരംഗങ്ങളിലെ ആവേശമായും ഗൗരിയമ്മ കേരള ഹൃദയത്തിൽ ജീവിക്കും.
കൊവിഡ് പോരാട്ടത്തിന്‍റെ മുന്നണിയിൽ സ്വന്തം ജീവൻ പണയം വെച്ച് പോരാടുന്ന ലോകത്തെമ്പാടുമുള്ള നഴ്സുമാരോട് കേരളത്തിന്‍റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 20 ലക്ഷത്തോളം നഴ്സുമാരാണ് ഈ കാലയളവിൽ കൊവിഡ് ബാധിതരായത്. മൂവായിരത്തിലേറെ പേർ കൊവിഡ് ബാധിച്ച് മരിച്ചു. വെല്ലുവിളി മുന്നിലുണ്ടായിട്ടും സമൂഹത്തിന് വേണ്ടി അവർ പ്രവർത്തിക്കുന്നു. കൊവിഡ് പ്രതിരോധം മികച്ച രീതിയിൽ നടപ്പാക്കാനായത് ഇതുകൊണ്ടാണ്. നിപ്പ ആക്രമണത്തിൽ ലിനിക്ക് സ്വന്തം ജീവൻ നൽകേണ്ടി വന്നു. നാടിനായി നഴ്സുമാർ സഹിക്കുന്ന ത്യാഗത്തിന് നന്ദി പറയണം. നഴ്സുമാർക്ക് സഹായവും പിന്തുണയും എല്ലാവരുടെയും ഭാഗത്ത് നിന്നുണ്ടാകണം. എ മിഷൻ ഫോർ ഫ്യൂചർ ഹെൽത്ത് കെയർ എന്നതാണ് ഇത്തവണത്തെ സന്ദേശം. കൊവിഡ് മഹാമാരി ലോകത്തെല്ലായിടത്തെയും ആരോഗ്യസംവിധാനത്തിന്‍റെ ശക്തിയും ദൗർബല്യവും വെളിവാക്കി. അതിൽ വികസിത-വികസ്വര ഭേദമില്ല.
കേരളം നമ്മുടെ ആരോഗ്യമേഖലയെ കൂടുതൽ കരുത്തുറ്റതാക്കുന്ന നയവുമായി മുന്നോട്ട് പോകും. അതിനാവശ്യമായ ക്രിയാത്മക ചർച്ചകൾ നടക്കണം. സമൂഹമെന്ന നിലയ്ക്ക് എല്ലാവരും ആ ഉത്തരവാദിത്തം ഏറ്റെടുക്കണം. നാളെ ചെറിയ പെരുന്നാളാണ്. മഹാമാരിയുടെ കാലത്തും വിശ്വാസ ലോകമാകെ 30 ദിവസം നീണ്ട വ്രതാനുഷ്ഠാനത്തിന്‍റെ ആഹ്ലാദത്തിലാണ്. എല്ലാവർക്കും പെരുന്നാൾ ആശംസകൾ. മാനവികതയുടെ, ഒരുമയുടെ, സഹാനുഭൂതിയുടെ ദാനധർമ്മങ്ങളുടെ ഏറ്റവും ഉദാത്തമായ ആശയമാണ് ചെറിയ പെരുന്നാൾ. ഒത്തുചേരലുകളും സന്തോഷം പങ്കുവെക്കലും പെരുന്നാളിനും പ്രധാനമാണ്. കൂട്ടം ചേരൽ അപകടത്തിലാക്കുന്ന കാലത്ത് ആഘോഷം കുടുംബത്തിലാക്കണം. പെരുന്നാൾ നമസ്കാരം വീടുകളിൽ നടത്തി വ്രതകാലത്ത് കാട്ടിയ കരുതൽ പെരുന്നാൾ ദിനത്തിലും നടത്തണം. റമദാൻ കാലത്ത് നിയന്ത്രണം പൂർണമായി പാലിച്ചു. അതിൽ സഹകരിച്ച മുഴുവൻ സഹോദരങ്ങളെയും അഭിവാദ്യം ചെയ്യുന്നു.
കഴിഞ്ഞ വർഷവും കൊവിഡ് കാലത്തായിരുന്നു റമദാൻ. ഈ ദിനത്തിലും വീടുകളിൽ പ്രാർത്ഥന നടത്തി കൊവിഡ് പ്രതിരോധത്തോട് സഹകരിച്ചു. ഇത്തവണ കൊവിഡ് കൂടുതൽ രൂക്ഷമാണ്. ഈദ് ദിന പ്രാർത്ഥന വീട്ടിൽ നടത്തുന്നതടക്കമുള്ള സ്വയം നിയന്ത്രണം പാലിക്കണം. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച പ്രാർത്ഥന വീടുകളിൽ നടത്താൻ തീരുമാനിച്ച സഹോദരങ്ങളോട് പ്രത്യേകം നന്ദി അറിയിക്കുന്നു. വ്രതാനുഷ്ഠാനത്തിലൂടെ ആർജിച്ച സ്വയം നവീകരണം മുന്നോട്ടുള്ള ജീവിതത്തിൽ കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ പ്രയോജനപ്പെടട്ടെ.
ആർടിപിസിആർ റിസൾട്ട് വൈകുന്നെന്ന പരാതിയുണ്ട്. മികച്ച ഫലം കിട്ടുന്ന ആന്‍റിജന്‍ കിറ്റ് ലഭ്യമാണ്. ആന്‍റിജന്‍ നെഗറ്റീവായവര്‍ ആർടിപിസിആർ നടത്തിയാൽ മതിയാകും. ട്രെയിനിൽ സംസ്ഥാനത്തേക്ക് വരുന്നവർ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുൻപുള്ള ആർടിപിസിആർ ഫലം കരുതണം. ഇറച്ചിക്കടകൾക്ക് പെരുന്നാൾ ദിവസം പ്രവർത്തിക്കാം. ഹോം ഡെലിവറി നടത്തണം. ആശുപത്രികൾ എമർജൻസി ഇലക്ട്രിക് സപ്ലൈ ഉറപ്പാക്കണം. അതിതീവ്ര മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്താൻ കെഎസ്ഇബിക്കും നിർദ്ദേശം നൽകി.
ഓക്സിജൻ ഉൽപ്പാദന ശേഷി വർധിപ്പിക്കാൻ നിർദ്ദേശിച്ചു. ഓക്സിജൻ ഓഡിറ്റ് ഫയർ ഫോഴ്സ് നേതൃത്വത്തിൽ നടക്കുന്നുണ്ട്. ആശുപത്രികളിൽ തീപിടിത്തം ഒഴിവാക്കാൻ നിർദ്ദേശം നൽകി. 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് ഓർഡർ ചെയ്ത വാക്സിൻ നൽകും. ഇക്കാര്യത്തിൽ ഒരുപാട് മുൻഗണനാ ആവശ്യം വരുന്നുണ്ട്. എല്ലാവർക്കും വാക്സീൻ നൽകും. എന്നാൽ ഈ ഘട്ടത്തിൽ തന്നെ എല്ലാവർക്കും നൽകാൻ മാത്രം ഒറ്റയടിക്ക് വാക്സീൻ ലഭ്യമല്ലെന്നതാണ് നേരിടുന്ന പ്രശ്നം. തിക്കും തിരക്കുമില്ലാതെ ക്രമീകരണം ഏർപ്പെടുത്താൻ തദ്ദേശ-ആരോഗ്യ വകുപ്പുകൾ ശ്രദ്ധിക്കണം. സഹായം പൊലീസിൽ നിന്ന് ലഭിക്കും.
പൾസ് ഓക്സിമീറ്റർ കുറഞ്ഞ ചെലവിൽ സ്റ്റാർട്ട് അപ്പുകൾ വഴി നിർമ്മിക്കാനാവും. കെൽട്രോണിനെകൊണ്ട് സാങ്കേതിക കാര്യം നിർമ്മിക്കാൻ നിർദ്ദേശിച്ചു. കിടക്കയുടെ 85 ശതമാനം ഉപയോഗിച്ച് കഴിയുമ്പോൾ പെട്ടെന്ന് കൂടുതൽ കിടക്കകൾ ഉറപ്പാക്കണം. അതിന് ജില്ലാ ഭരണകൂടം ശ്രദ്ധിക്കണം. ആശുപത്രികളിലെ സൗകര്യവുമായി ബന്ധപ്പെട്ട് രോഗികളുടെ അഡ്മിഷൻ അടക്കമുള്ള കാര്യങ്ങളിൽ ഉയർന്നുവരുന്ന പ്രശ്നങ്ങൾ ജില്ലാ കളക്ടർമാർ മുൻകൈയെടുത്ത് ഓരോ ആശുപത്രിയുടെയും കാര്യത്തിൽ പരിശോധന സംവിധാനം ഉണ്ടാക്കണം.
45 വയസിന് മുകളിലുള്ളവരുടെ വാക്സീൻ കേന്ദ്രസർക്കാരാണ് ലഭ്യമാക്കുന്നത്. കേരളത്തിൽ 45 വയസിന് മുകളിൽ 1.13 കോടി ആളുകളുണ്ട്. രണ്ട് ഡോസ് വീതം അവർക്ക് നൽകാൻ 2.26 കോടി വാക്സീൻ നമുക്ക് ലഭിക്കണം. കൊവിഡ് തരംഗത്തിന്‍റെ നിലവിലെ വ്യാപന വേഗതയുടെ ഭാഗമായി മരണനിരക്ക് കുറയ്ക്കാൻ 45 വയസിന് മുകളിലുള്ളവരുടെ വാക്സീനേഷൻ വേഗത്തിൽ പൂർത്തിയാക്കണം. കേരളത്തിന് അർഹമായ വാക്സീൻ വേഗം ലഭ്യമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചു. ഇക്കാര്യത്തിൽ നിരവധി തവണ ഔദ്യോഗികമായി തന്നെ കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ടു.
ലോക്ഡൗൺ സമയത്ത് അടിയന്തിര യാത്ര വേണ്ടവർക്ക് പാസ് നൽകാൻ ഓൺലൈൻ സംവിധാനം വിജയകരമാണ്. പൊലീസിന്‍റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പിൽ പാസിന് അപേക്ഷിക്കാം. പോൽ പാസിന്‍റെ സ്ക്രീൻഷോട്ട് പരിശോധനാ സമയത്ത് കാണിച്ചാൽ മതിയാവും. ദിവസ വേതന തൊഴിലാളികൾ, ഹോം നഴ്സുമാർ എന്നിവർക്ക് ലോക്ഡൗൺ തീരുന്നത് വരെ പാസിന് അപേക്ഷിക്കാം. വളരെ അത്യാവശ്യക്കാർ മാത്രമേ പാസിന് അപേക്ഷിക്കാവൂ. ആശുപത്രികളിൽ ചികിത്സയ്ക്ക് പോകുന്നവർക്ക് സത്യവാങ്മൂലം കയ്യില്‍ കരുതി യാത്ര ചെയ്യണം. ഇ-പാസിന് ഇതിനായി അപേക്ഷിക്കേണ്ട. തിരിച്ചറിയൽ കാർഡ് കയ്യിലുണ്ടാവണം. 75 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഡ്രൈവർമാർക്ക് പുറമെ രണ്ട് സഹായികളെ അനുവദിക്കാം.
ചില സ്ഥലങ്ങളിൽ 18 ന് താഴെയുള്ള കുട്ടികളെ മാസ്ക് ധരിക്കാതെ കാണുന്നു. അവരുടെ സുരക്ഷ മാതാപിതാക്കളുടെ ഉത്തരവാദിത്തവും കടമയുമാണ്. ഇക്കാര്യം മാതാപിതാക്കൾ ശ്രദ്ധിക്കണം. ലോക്ഡൗണിനോട് ജനം സഹകരിക്കുന്നുണ്ട്. പൊതുജനം സാഹചര്യം മനസിലാക്കി. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് അതിജീവനം രണ്ട് മുതൽ നാല് വരെ വിക്ടേർസിൽ ലൈവ് ഫോൺ ഇൻ പ്രോഗ്രാം നടക്കുന്നുണ്ട്. കുട്ടികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി കിട്ടുന്ന ലൈവ് ഫോൺ ഇൻ പരിപാടി രാവിലെ 11 മുതൽ 12.30 വരെ കൈറ്റ് വിക്ടേർസിൽ ഉണ്ട്. പരമാവധി ഈ സേവനം ഉപയോഗിക്കണം. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 10581 പേർക്കെതിരെ കേസെടുത്തു. സാമൂഹിക അകലം പാലിക്കാത്ത 5468 പേർക്കെതിരെയും നടപടിയെടുത്തു. പിഴയായി 34.59 ലക്ഷം രൂപ ഈടാക്കി.
ഇസ്രായേലിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശി സൗമ്യ സന്തോഷിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചു. ഇസ്രായേലിലെ ഇന്ത്യൻ അംബാസഡറുമായി നോർക്കയുടെ പ്രിൻസിപ്പൽ സെക്രട്ടറി ബന്ധപ്പെട്ടു. പ്രാദേശിക ഭരണ സംവിധാനവുമായി ഇന്ത്യൻ എംബസി ബന്ധപ്പെട്ടിട്ടുണ്ട്. സൗമ്യയുടെ അകാല വിയോഗത്തിൽ കുടുംബത്തിന് ആശ്വാസമേകാനാവും വിധം നഷ്ടപരിഹാരം നേടിയെടുക്കാൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. കുടുബത്തിന്‍റെ ദുഖത്തിൽ പങ്കുചേരുന്നു.
മെയ് 14ഓടെ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്നും അത് ചുഴലിക്കാറ്റായി മാറിയേക്കാമെന്നും മുന്നറിയിപ്പ് കിട്ടി. ന്യൂനമർദ്ദത്തിന്‍റെ സഞ്ചാരപഥത്തിൽ കേരളമില്ല. എന്നാൽ കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. 14 നും 15 നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സർക്കാർ സംവിധാനങ്ങളോട് സജ്ജരാവാൻ നിർദ്ദേശം നൽകി. ദുരന്ത നിവാരണ സമിതി സ്ഥിതി വിലയിരുത്തി. കേന്ദ്ര രക്ഷാസേനകളുടെയടക്കം യോഗം വിളിച്ച് മഴക്കാല പൂർവ തയ്യാറെടുപ്പിന്‍റെ അവലോകനം നടത്തി.
വായുസേന ഹെലികോപ്റ്റർ തിരുവനന്തപുരത്ത് സ്റ്റേഷൻ ചെയ്യും. മഴയുടെ തോത് സാധാരണയോ കൂടുതലോ ആയിരിക്കാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മെയ് 13ഓടെ അറബിക്കടൽ കൂടുതൽ പ്രക്ഷുബ്ധമാകും. ഇന്ന് അർധരാത്രി മുതൽ കേരള തീരത്ത് മത്സ്യബന്ധനം നിരോധിക്കുന്നു. ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ് ലഭിക്കാതെ ആരും കടലിൽ പോകരുത്. ഇപ്പോൾ ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികളോട് സുരക്ഷിത തീരത്തേക്ക് മാറാൻ നിർദ്ദേശം നൽകി. കടലാക്രമണം ശക്തിപ്പെടാൻ സാധ്യതയുണ്ട്. തീരപ്രദേശത്ത് കഴിയുന്നവരെ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു. തദ്ദേശ സ്ഥാപനങ്ങളും റവന്യു ഉദ്യോഗസ്ഥരും ഇതിന് നേതൃത്വം നൽകും.
ഇടിമിന്നലോട് കൂടിയ വേനൽ മഴ അടുത്ത ദിവസങ്ങളിലും തുടർന്നേക്കും. നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടും ചെറിയ വെള്ളപ്പൊക്കവും രൂപപ്പെട്ടേക്കും. മരങ്ങൾ കടപുഴകി വീണോ മലയോര മേഖലയിൽ മണ്ണിടിച്ചിൽ മൂലമോ അപകടം ഉണ്ടാവാൻ സാധ്യതയുണ്ട്. പ്രത്യേകം ജാഗ്രത പുലർത്താൻ എല്ലാവരും ശ്രദ്ധിക്കണം.
വൈദ്യുതി ബന്ധത്തിൽ തകരാർ വരുന്ന മുറയ്ക്ക് യുദ്ധകാലടിസ്ഥാനത്തിൽ പരിഹാരം കണ്ടെത്താൻ വേണ്ട തയ്യാറെടുപ്പും ടാസ്ക് ഫോഴസും വൈദ്യുതി വകുപ്പ് മുൻകൂട്ടി സജ്ജമാക്കി. ന്യൂനമർദ്ദത്തിന്‍റെ രൂപീകരണവും വികാസവും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. വിവരങ്ങൾ യഥാസമയം പൊതുജനത്തെ അറിയിക്കും. നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. 1077 എന്ന ടോൾ ഫ്രീ നമ്പറിൽ ഇതുമായി ബന്ധപ്പെടാം.
സംസ്ഥാനത്തെ കൊവിഡ് വ്യാപനം ആശ്വസിക്കാവുന്ന നിലയിലല്ല. 18 ന് മുകളിലുള്ളവരിൽ ഏറ്റവും മുൻഗണന മറ്റ് രോഗങ്ങളുള്ളവർക്കാണ്. അവർക്ക് പെട്ടെന്ന് കൊടുത്തു തുടങ്ങും. ബാക്കി കാര്യങ്ങൾ ക്രമീകരിക്കുന്നുണ്ട്. മുൻഗണനാ വിഭാഗത്തിലാണ് പിന്നീട് നൽകുക. ഓരോ മേഖലയിലും മുൻഗണനാ വിഭാഗം നോക്കി അവർക്ക് നൽകും. ഈ രോഗവ്യാപനം വലിയ തോതിൽ നടക്കുന്നുണ്ട്. നാട്ടിലെല്ലാവർക്കും അത് ബോധ്യമുണ്ട്. നല്ല സഹകരണം അവരുടെ ഭാഗത്ത് നിന്നുണ്ട്. പെട്ടെന്ന് കാര്യങ്ങൾ മാറില്ല. ഫലമില്ലെന്ന് പറയാൻ പറ്റില്ല. നല്ല ഫലമുണ്ടെന്നാണ് സർക്കാരിന്‍റെ വിലയിരുത്തൽ.
ഭീമ കൊറെഗാവ് കേസിൽ ചെയ്യാൻ കഴിയുന്നതിൽ പരിമിതികളുണ്ട്. മുംബൈയിലെ ജയിലിലാണ് അവർ കഴിയുന്നത്. കത്ത് കിട്ടി. സാധ്യമായതെല്ലാം അതിൽ ചെയ്യും. ലോക്ഡൗൺ നീട്ടുന്ന കാര്യത്തിലെ സാങ്കേതിക തീരുമാനം അവസാന ഘട്ടത്തിലായിരിക്കും. അതിന് പ്രത്യേക ഒരുക്കം വേണ്ടതില്ല. അവസാന ഘട്ടത്തിൽ വിലയിരുത്തൽ നടത്തി തീരുമാനം അറിയിക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam