ഇസ്രായേലിൽ ഹമാസ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവം: ദുഃഖം രേഖപ്പെടുത്തി ഉമ്മൻ ചാണ്ടി

By Web TeamFirst Published May 12, 2021, 5:20 PM IST
Highlights

ഇസ്രായേലിലെ അഷ്കലോണിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.  

തിരുനവനന്തപുരം: ഇസ്രായേലിലെ അഷ്കലോണിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.  ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് ഇന്നലെ കൊല്ലപ്പെട്ടത്. വീട്ടിലേക്ക് ഫോൺ ചെയ്യുന്നതിനിടെയാണ് സൗമ്യ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് റോക്കറ്റ് പതിച്ചത്.

'ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം  സന്തോഷിന്റെ ഭാര്യ സൗമ്യ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖകരവും വേദനാജനകവുമാണെ'ന്ന് ഉമ്മൻ ചാണ്ടി ഫേസ്ബുക്കിൽ കുറിച്ചു. അപ്രതീക്ഷിതമായി ഉണ്ടായ വേർപാടിന്റെ നടുക്കത്തിൽ  കഴിയുന്ന  കുടുംബാംഗങ്ങളുടെ വേദന നാടിന്റെ മുഴുവൻ സങ്കടമാണ്.  സൗമ്യയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി സഹമന്ത്രി വി. മുരളീധരന് കത്ത് അയച്ചതായും ഉമ്മൻ ചാണ്ടി കുറിപ്പിൽ പറയുന്നു.

ഉമ്മൻ ചാണ്ടിയുടെ കുറിപ്പിന്റെ പൂർണ രൂപം

ഇസ്രയേലിൽ വർഷങ്ങളായി ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന  ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം  സന്തോഷിന്റെ ഭാര്യ സൗമ്യ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖകരവും വേദനാജനകവുമാണ്. സന്തോഷുമായി സൗമ്യ വീഡിയോ കോളിൽ സംസാരിക്കുന്നതിനിടയിൽ ബോംബാക്രമണത്തിന്റെ രൂപത്തിൽ  എത്തിയ  അപ്രതീക്ഷിത മരണം ഏറെ ദാരുണമായി.

പൊതുപ്രവർത്തകരും ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ അംഗങ്ങളുമായ സതീശൻറെയും സാവിത്രിയുടെയും മകളാണ് ദുരന്തത്തിനിരയായ സൗമ്യ. ഈ കുടുംബവുമായി വർഷങ്ങളായുള്ള ബന്ധമാണുള്ളത്.  അപ്രതീക്ഷിതമായി ഉണ്ടായ വേർപാടിന്റെ നടുക്കത്തിൽ  കഴിയുന്ന  കുടുംബാംഗങ്ങളുടെ വേദന നാടിന്റെ മുഴുവൻ സങ്കടമാണ്.

വിദേശരാജ്യങ്ങളിൽ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി കരുതലിന്റെ കാവൽ മാലാഖമാരായി  സേവനം ചെയ്യുന്ന മലയാളി നഴ്സുമാർ എത്രമാത്രം അപകടകരമായ  സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നത്  എന്നുകൂടിയാണ്  ഈ ദാരുണ ദുരന്തം വിരൽചൂണ്ടുന്നത്.  

സന്തോഷുമായും കുടുംബാംഗങ്ങളുമായും ഫോണിൽ സംസാരിച്ചു. സൗമ്യയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി സഹമന്ത്രി വി. മുരളീധരന് കത്ത് അയച്ചു.

ഇസ്രയേലിൽ വർഷങ്ങളായി ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ...

Posted by Oommen Chandy on Wednesday, May 12, 2021

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!