ഇന്ന് 38460 പേർക്ക് കൊവിഡ്; പ്രതിദിന രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്, ടിപിആര്‍ 26.64%

By Web TeamFirst Published May 7, 2021, 5:40 PM IST
Highlights

ഇന്ന് 65 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 788 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 38,460 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍ 3738, കണ്ണൂര്‍ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ 2160, കോട്ടയം 2153, പത്തനംതിട്ട 1191, വയനാട് 1173, ഇടുക്കി 1117, കാസര്‍ഗോഡ് 939 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,67,60,815 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (8), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 124 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 54 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5682 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 370 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 35,402 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2573 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 5238, കോഴിക്കോട് 4067, തിരുവനന്തപുരം 3657, മലപ്പുറം 3615, തൃശൂര്‍ 3711, കണ്ണൂര്‍ 2981, പാലക്കാട് 1332, കൊല്ലം 2411, ആലപ്പുഴ 2153, കോട്ടയം 1981, പത്തനംതിട്ട 1130, വയനാട് 1127, ഇടുക്കി 1091, കാസര്‍ഗോഡ് 908 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

115 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 29, വയനാട് 14, തൃശൂര്‍ 13, എറണാകുളം, കാസര്‍ഗോഡ് 12 വീതം, കോഴിക്കോട് 9, പത്തനംതിട്ട 7, പാലക്കാട് 6, തിരുവനന്തപുരം, കൊല്ലം 5 വീതം, ഇടുക്കി 3 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,662 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 2363, കൊല്ലം 1405, പത്തനംതിട്ട 860, ആലപ്പുഴ 1745, കോട്ടയം 3063, ഇടുക്കി 391, എറണാകുളം 2735, തൃശൂര്‍ 1837, പാലക്കാട് 3200, മലപ്പുറം 3224, കോഴിക്കോട് 3194, വയനാട് 277, കണ്ണൂര്‍ 1664, കാസര്‍ഗോഡ് 704 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 4,02,650 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 14,16,177 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,50,633 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 10,20,652 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,981 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 61,036 പേരെയാണ് ഇന്ന് പുതുതായി നിരീക്ഷണത്തിലാക്കിയത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക് പോകുകാണ്. നാളെ മുതൽ അടച്ചിടൽ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കര്‍ശന നിയന്ത്രണത്തിലൂടെ രോഗവ്യാപനം പിടിച്ച് കെട്ടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് പോകുന്നവർ പൊലീസില്‍ നിന്ന് പാസ് വാങ്ങണം. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. തട്ടുകടകൾ തുറക്കരുത്. വർക് ഷോപ്പുകൾ ആഴ്ചയുടെ അവസാന രണ്ട് ദിവസം പ്രവർത്തിക്കാം. ബാങ്കുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കണം. പൾസി ഓക്സിമീറ്ററിന് അമിത വില ഈടാക്കുന്നതിന്  കടുത്ത നടപടിക്ക് നിർദേശം നൽകിയിട്ടുണ്ട്.

വീടിനകത്ത് രോഗപ്പകർച്ചയ്ക്ക് സാധ്യത കൂടുതലാണ്. വീട്ടിനുളിൽ പൊതു ഇടങ്ങൾ കുറയ്ക്കണം.ഭക്ഷണം കഴിക്കൽ,  പ്രാർത്ഥന എന്നിവ കൂട്ടത്തോടെ ചെയ്യുന്നത് ഒഴിവാക്കണം. രോഗികളുടെ എണ്ണം ഉയർന്നാൽ മരണസംഖ്യയും കൂടും. അത് ഒഴിവാക്കണം. ജീവനും ജീവന ഉപാധികളും സംരക്ഷിക്കാൻ ആണ് സർക്കാർ ഊന്നൽ നൽകിയത്. സമ്പർക്കം കുറയ്ക്കാൻ ലോക്ഡൗൺ പോലെ ഫലപ്രദമായ നടപടി വേറെയില്ല. ലോക്ഡൗൺ പ്രഖ്യാപിച്ച ഉടനെ രോഗികളുടെ എണ്ണം കുറയില്ല. അതിന് ഒരാഴ്ചയിൽ കൂടുതൽ എടുക്കും. ലോക്ഡൗൺ നിയന്ത്രണങ്ങൾ  നടപ്പാക്കാനായി 25,000 പൊലീസ് ഉദ്യോഗസ്‌ഥരെ നിയോഗിച്ചു. ജനങ്ങൾ സഹകരിക്കണം. അന്തർജില്ലാ യാത്രകൾ പരമാവധി ഒഴിവാക്കണം. തീരെ ഒഴിവാക്കാൻ പറ്റാത്തവർ സത്യവാങ്മൂലം കയ്യിൽ കരുതണം. ജില്ല വിട്ടുള്ള യാത്രകൾക്ക് കഴിഞ്ഞ വർഷത്തെ പാസ് മതിയെന്ന് പറയുന്നത് ശരിയല്ല.

അതിഥി തൊഴിലാളികളുടെ ജോലിയും വരുമാനവും നഷ്ടപ്പെടുത്തരുത്. അതിനാണ് നിര്‍മ്മാണ പ്രവര്‍ത്തനത്തിന് അനുമതി നൽകിയത്. കൊവിഡ് ബാധിതര്‍ അല്ലെന്ന് ഉറപ്പാക്കി നിര്‍മ്മാണ സ്ഥലത്ത് തന്നെ താമസിപ്പിച്ച് ഭക്ഷണം അടക്കമുള്ള സൗകര്യം നൽകണം. ചിട്ടി തവണ പിരിക്കാൻ വീടുകൾ സന്ദര്‍ശിക്കുന്നവര്‍ ലോക് ഡൗണ തീരും വരെ ഒഴിവാക്കണം . 24 മണിക്കൂറിനകം 22325 പേര്‍ക്കെതിരെ മാസ്ക് ധരിക്കാത്തതിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വികേന്ദ്രീകൃതമായ സാമൂഹിക ആരോഗ്യ സുരക്ഷാ സംവിധാനത്തിലൂടെ പാര്‍ശ്വവത്കരിക്കപ്പെട്ട ആളുകളുടെ സുരക്ഷ ഒരുക്കും. വയോജനങ്ങൾ ഭിന്നശേഷിക്കാര്‍ മുതൽ ട്രാൻസ്ജെന്‍ററുകള്‍ വരെ ഉള്ളവർക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങൾ വഴി സുരക്ഷ ഒരുക്കണം.

ശ്വാസകോശ സംബന്ധമായ രോഗങ്ങളുടേയും ജീവിത ശൈലീരോഗങ്ങളുടേയും ക്ലിനിക്കുകൾ കൊവിഡ് കാലത്തിന് മുന്നേ തുടങ്ങിയിരുന്നു. മരുന്നുകൾ വീടുകളിൽ എത്തിക്കാൻ സൗകര്യം ഒരുക്കും. ആവശ്യമായ സുരക്ഷ ഉറപ്പുവരുത്താൻ ഇ ഹെൽത്ത് സംവിധാനം വഴി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഡാറ്റേ ബേസ് ഉണ്ടാക്കും. കൊവിഡ് സാഹചര്യം ഭാവിയിൽ ആവര്‍ത്തിച്ചാലും ഡാറ്റാ ബേസ് ഗുണം ചെയ്യും. ഐസിയു, വെന്‍റിലേറ്റര്‍ ബെഡുകളുടെ എണ്ണം കൂട്ടാൻ കഴിഞ്ഞു. ഐസിയു ബെഡുകൾ 1200 ൽ നിന്ന് 2887 ആയി കൂടി. ഓക്സിജൻ ലഭ്യമാക്കാനും ശക്തമായ നടപടികൾ ആരംഭിച്ചു. എന്തൊക്കെ ചെയ്താലും രോഗവ്യാപനം അനിയന്ത്രിതമായാൽ നിസ്സഹായരാകും എന്നതിന് വികസിത രാജ്യങ്ങളിലെ അവസ്ഥ ഉദാഹരണം ആണ്.

രോഗികളിൽ ഭൂരിഭാഗം വീടുകളിൽ കഴിയുകയാണ്. സൗകര്യം ഇല്ലാത്തവര്‍ തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന കേന്ദ്രങ്ങളിൽ കഴിയുന്നു. ഇതിന്‍റെ എല്ലാം എണ്ണം കൂട്ടുകയാണ്. കൊവിഡ് ചികിത്സക്ക് സൗകര്യം കൂട്ടും. സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. കാരുണ്യ പദ്ധതിയിൽ എമ്പനൽ ചെയ്യാൻ സ്വകാര്യ ആശുപത്രികളിൽ നിന്ന് മികച്ച പ്രതികരണം ആണുണ്ടായത്. 106ൽ നിന്ന് 165 ആയി ഉയർന്നു. സ്വകാര്യ ആശുപത്രികളിലെ രോഗികൾക്കും സൗജന്യ ചികിത്സ ലഭ്യമാക്കാൻ സാധിക്കും. 88 കോടി ഈയിനത്തിൽ സർക്കാർ ചെലവാക്കി. ഇനിയും സ്വകാര്യ ആശുപത്രികൾ സഹകരിക്കാൻ തയ്യാറായി മുന്നോട്ട് വരണം.

അതാതിടത്തെ ബെഡുകളുടെ സ്റ്റാറ്റസ് സ്വകാര്യ ആശുപത്രികൾ ജില്ലാ കൺട്രോൾ റൂമിൽ ഓരോ നാല് മണിക്കൂറിലും അപ്ഡേറ്റ് ചെയ്യണം. അനാവശ്യ ഉപയോഗം തടയാൻ ഇത് ആവശ്യമാണ്. സംസ്ഥാനത്ത് 6008 ബൾക്ക് ഓക്സിജൻ സിലിണ്ടറുണ്ട്. 220.09 മെട്രിക് ടൺ ഓക്സിജൻ നിലവിലുണ്ട്. തിരുവനന്തപുരതത്തെ പുതിയ പ്ലാന്‍റ് നാളെ കമ്മീഷൻ ചെയ്യും. 9 യൂണിറ്റുകൾക്കാണ് അംഗീകാരം നൽകിയിട്ടുള്ളത് .

തെറ്റായ സന്ദേശം പ്രചരിപിച്ചാൽ നടപടി എന്ന് മുന്നറിയിപ്പ് നൽകിയിട്ടും ഇവ തുടരുന്നു. ഇങ്ങനെ സന്ദേശം പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ ഹൈടെക് ക്രൈം എൻക്വയറി സെല്ലിനും സൈബർ ഡൊമിനും നിർദേശം നൽകിയിട്ടുണ്ട്. 

click me!