തൃശ്ശൂരിൽ കൊവിഡ് രോഗിയുടെ മൃതദേഹം പൊതിഞ്ഞതിൽ വീഴ്ച; ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു

By Web TeamFirst Published May 7, 2021, 4:37 PM IST
Highlights

മേയ് 4 ന് ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ആണ് സംഭവം നടന്നത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി. 

തൃശ്ശൂർ: തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊവിഡ് രോഗിയുടെ മൃതദേഹം സുരക്ഷിതമായി പൊതിഞ്ഞു നൽകാത്ത സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്നു കോടതി റിപ്പോർട്ട് തേടി. മേയ് 4 ന് ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ആണ് സംഭവം നടന്നത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി. 

മൃതദേഹം സംസ്ക്കരിക്കാനെത്തിയ സന്നദ്ധ പ്രവർത്തകരും ബന്ധുക്കളുമാണ് ആക്ഷേപവുമായി രം​ഗത്തെത്തിയത്. തലയിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയ്ക്കെത്തിയ ആമ്പല്ലൂർ സ്വദേശി രാമകൃഷ്ണന്റെ ഭാര്യ പാർവതി മരിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. മൃതദേഹം സുരക്ഷിതമായി പൊതിയാതെ വെളുത്ത തുണിയിൽ അലക്ഷ്യമായി പൊതി‍ഞ്ഞു നൽകിയെന്നാണ് സന്നദ്ധപ്രവർത്തകരായി എത്തിയ എഐവൈഎഫ് പ്രവർത്തകർ ആരോപിച്ചത്. ഒരു മണിക്കൂർ നേരത്തെ പ്രതിഷേധത്തിന് ശേഷമാണ് ആശുപത്രി അധികൃതർ മൃതദേഹം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നൽകിയത്. സംഭവത്തിൽ ആശുപത്രി അധികൃതർ നിഷേധാത്മക സമീപനമാണ് സ്വീകരിച്ചതെന്നും ഇതിനെതിരെ ജില്ലാ മെഡിക്കൽ ഓഫീസർക്കും ആരോഗ്യ. മന്ത്രിക്കും പരാതി നൽകുമെന്ന് ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു. 

എന്നാൽ, ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചിരുന്നു. മൃതദേഹം  പ്രോട്ടോക്കോൾ പ്രകാരം പൊതിയാനായി അടുത്തുള്ള കെട്ടിടത്തിലേക്ക് മാറ്റാൻ ആശുപത്രിയിലെ ആംബുലൻസാണെന്ന് കരുതിയാണ് വാഹനത്തിൽ കയറ്റിയതെന്നായിരുന്നു വിശദീകരണം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!