5980 പേർക്ക് കൂടി കൊവിഡ്, 5745 പേർക്ക് രോഗമുക്തി, കേരളത്തിൽ മാത്രം രോഗമെന്ന പ്രചരണം ശരിയല്ലെന്നും മുഖ്യമന്ത്രി

By Web TeamFirst Published Feb 10, 2021, 6:03 PM IST
Highlights

രോഗം ഉള്ളത് കേരളത്തിൽ മാത്രം എന്ന പ്രചാരണം നടക്കുന്നു. സർക്കാരിന്റെ കൊവിഡ് പ്രതിരോധത്തെ ഇടിച്ചു താഴ്ത്താൻ ലക്ഷ്യമിട്ടാണിതെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5980 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 18 പേരുടെ മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 64346 പേർ നിലവിൽ ചികിസത്സയിലുണ്ട്. 5457 പേർക്ക് ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. 41 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 5745 പേർ രോഗമുക്തി നേടി. 

ഒക്ടോബർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ ചികിത്സയിൽ ഉണ്ടായിരുന്നത് ജനുവരി 24 ന് ആണ്. ടെസ്റ്റുകളുടെ എണ്ണം കൂടിയെങ്കിലും ആനുപാതികമായി പോസിറ്റീവ് കേസുകളില്ല. ചികിത്സയിൽ ഉള്ള രോഗികളുടെ എണ്ണം കുറയുന്നുണ്ട്. 90,000 വരെ ടെസ്റ്റുകൾ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. പിസിആർ ടെസ്റ്റ് ജില്ലകളിൽ 45% വരെയായി ഉയർന്നു. പിസിആർ 75% ആയും മൊത്തം ടെസ്റ്റ് 1 ലക്ഷം ആയും ഉയർത്തും. ടെസ്റ്റ് സ്ട്രാറ്റജി പുതുക്കിയത് വിട്ടു പോകുന്ന കേസുകൾ കണ്ടെത്താൻ സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

"രോഗം വന്നു പോയ സ്ഥലങ്ങളിൽ കൂടുതൽ വിനാശകാരിയായി രോഗം വരാനുള്ള സാധ്യതയുണ്ട്. രോഗം ഉള്ളത് കേരളത്തിൽ മാത്രം എന്ന പ്രചാരണം നടക്കുന്നു. സർക്കാരിന്റെ കൊവിഡ് പ്രതിരോധത്തെ ഇടിച്ചു താഴ്ത്താൻ ലക്ഷ്യമിട്ടാണ് ഇത്. ഏറ്റവും കുറവ് രോഗവ്യാപനമുണ്ടായ ജില്ലകൾ ഐസിഎംആർ കേരളത്തിൽ പഠന വിധേയമാക്കിയ ജില്ലകളാണ്. താരതമ്യേനെ കുറവ് രോഗവ്യാപനമാണ് കേരളത്തിൽ. അത് തെളിയിക്കുന്ന പഠനമാണ് ഐസിഎംആർ മുന്നോട്ട് വെക്കുന്നത്. കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നുവെന്നത് മെച്ചപ്പെട്ട സംവിധാനമുണ്ടെന്നതിന്റെയും പ്രതിരോധ പ്രവർത്തനങ്ങളുടെ മികവിനെയുമാണ് കാണിക്കുന്നത്.

കൊവിഡിൽ കേരളം ശരിയായ ദിശയിലാണ്. രാജ്യത്ത് നാലിൽ ഒരാൾക്ക് രോഗം വന്നുപോയി. കേരളത്തിൽ 10 ൽ ഒരാൾക്ക് മാത്രമേ രോഗം വന്നുള്ളു. രോഗം പിടിപെടാനാൻ സാധ്യതയുള്ള കൂടുതൽ ആളുകൾ നമ്മുടെ സംസ്ഥാനത്ത് ഉണ്ടെന്നു കൂടിയാണ് അത് കാണിക്കുന്നത്. അതിനാൽ ജാഗ്രത കൈവിടരുത്. വാക്സിനേഷൻ ആരംഭിച്ചിട്ടുണ്ട്". മരണങ്ങൾ തടയാനും നാം മുൻ കരുതലെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

കൊവിഡ് രോഗികൾ- ജില്ല തിരിച്ചുള്ള കണക്ക് 

എറണാകുളം 811, കൊല്ലം 689, കോഴിക്കോട് 652, കോട്ടയം 575, പത്തനംതിട്ട 571, തൃശൂര്‍ 540, തിരുവനന്തപുരം 455, മലപ്പുറം 421, ആലപ്പുഴ 411, കണ്ണൂര്‍ 213, വയനാട് 201, പാലക്കാട് 191, ഇടുക്കി 179, കാസര്‍ഗോഡ് 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

 

click me!