Covid Fraud : കൊവിഡ് കാലത്ത് എസിയും ഫ്രിഡ്ജും വാങ്ങിയതിലും വന്‍ വെട്ടിപ്പ്; വിവരാവകാശ രേഖകള്‍ പുറത്ത്

By Web TeamFirst Published Dec 16, 2021, 11:50 AM IST
Highlights

പൊതുവിപണിയില്‍ നിന്ന് രണ്ട് ടണ്‍ എസിക്ക് 47,000 രൂപ വിലയുള്ളപ്പോൾ കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വാങ്ങിയത് 59,000 രൂപയ്ക്കാണ്.

തിരുവനന്തപുരം: കൊവിഡിൻ്റെ ആദ്യകാലത്ത് സര്‍ക്കാര്‍ നൂറുകണക്കിന് എസിയും ഫ്രിഡ്ജും വാങ്ങിയതിലും വന്‍ വെട്ടിപ്പ് നടത്തിയതിന് തെളിവുകള്‍ പുറത്ത്. പൊതുവിപണിയില്‍ നിന്ന് രണ്ട് ടണ്‍ എസിക്ക് 47,000 രൂപ വിലയുള്ളപ്പോൾ കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വാങ്ങിയത് 59,000 രൂപയ്ക്കാണ്. 45,000 രൂപ വരെ കൊടുത്ത് വാങ്ങുന്ന 450 ലിറ്റര്‍ ഫ്രി‍ഡ്ജിന് സര്‍ക്കാര്‍ നൂറിലേറെ എണ്ണം വാങ്ങുമ്പോള്‍ പോലും കൊടുത്തത് 55,000 രൂപയാണ്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം കൊവിഡ് കൊള്ള തുടരുന്നു.

കേരളത്തില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതലാണ് സര്‍ക്കാര്‍ കൊവിഡ് പര്‍ച്ചേസ് തുടങ്ങുന്നത്. ആഗസ്റ്റ് വരെയുള്ള വിവരാവകാശ രേഖകള്‍ പരിശോധിക്കുമ്പോള്‍ തന്നെ നൂറിലധികം ഫ്രിഡ്ജുകളും നിരവധി എസികളും വാങ്ങി. ഇവയെല്ലാം സര്‍ക്കാര്‍ വാങ്ങിയ വിലയും പൊതുവിപണയിലെ വിലയും നോക്കിയാല്‍ തന്നെ പര്‍ച്ചേസിന്‍റെ മറവില്‍ നടന്ന വെട്ടിപ്പിന്‍റെ ആഴം മനസിലാക്കാം.

2020 മാര്‍ച്ച് 28 ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ രണ്ട് ടണ്ണിന്‍റെ പത്ത് എസികള്‍ വാങ്ങി. വിവരാവകാശം കിട്ടിയ രേഖയില്‍ ഏത് എസിയാണെന്ന് പറഞ്ഞിട്ടില്ല. രണ്ട് ടണ്‍ എസി എന്ന് മാത്രമാണ് രേഖപ്പെടുത്തിയത്. 58900 രൂപയ്ക്കാണ് സര്‍ക്കാര്‍ എസി വാങ്ങിയത്. വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച എസിയുടെ വില നോക്കുകയാണെങ്കിൽ പോലും സര്‍ക്കാര്‍ പര്‍ച്ചേസ് ചെയ്തതിലും 11000 രൂപ കുറവാണ്. 2020 ജൂലായ് 30-ാം തീയ്യതി 450 ലിറ്ററിന്‍റെ 77 ഫ്രിഡ്ജുകള്‍ വാങ്ങി. വില 55,000 രൂപ. ഇതിലും കമ്പനി ഏതെന്ന് പറയിട്ടില്ല. വിപണിയില്‍ ലഭ്യമായതില്‍ ഏറ്റവും മികച്ച ഫ്രിഡ്ജിന്റെ വില നോക്കിയാൽ അതിലും കുറവ് കാണാം. 45000 വരെ പോകും വിപണിയിലെ ഏറ്റവും മികച്ച ഫ്രിഡ്ജിന്. സര്‍ക്കാര്‍ പര്‍ച്ചേസ് ചെയ്തതില്‍ പതിനായിരം രൂപ കുറച്ച് കിട്ടുമെന്ന് വ്യക്തം. 100 ലേറെ ഫ്രിഡ്ജും എസിയും ഒക്കെ ഒന്നിച്ച് വാങ്ങുകയാണെങ്കില് വില ഇനിയും കുറയും.

click me!