വീടുകൾക്കുള്ളില്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വിദഗ്ധര്‍; മാസ്ക് അനിവാര്യം

By Web TeamFirst Published May 7, 2021, 7:14 AM IST
Highlights

സംസ്ഥാനം വീണ്ടും ലോക്ഡൗണിലേക്ക് കടക്കുകയാണ്. സമൂഹത്തിലെ വ്യാപനം വലിയ തോതില്‍ കുറയ്ക്കാനിത് സഹായിക്കും. എന്നാല്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടത് വീടുകള്‍ക്കുള്ളിലാണ് എന്നാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. 

തിരുവനന്തപുരം: ലോക്ഡൗണ്‍ വരുന്നതോടെ സമൂഹത്തിലെ രോഗ വ്യാപനം കുറയുമെങ്കിലും വീടുകൾക്കുള്ളില്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വിദഗ്ധര്‍. അല്ലെങ്കില്‍ രോഗ വ്യാപന കേന്ദ്രങ്ങളായി വീടുകൾ മാറുമെന്നാണ് മുന്നറിയിപ്പ്. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തിലേക്ക് എത്തുമെന്ന ശക്തമായ മുന്നറിയിപ്പ് വന്നതോടെയാണ് അടിയന്തര ലോക്ഡൗണിലേക്ക് സര്‍ക്കാര്‍ കടന്നത്. 

സംസ്ഥാനം വീണ്ടും ലോക്ഡൗണിലേക്ക് കടക്കുകയാണ്. സമൂഹത്തിലെ വ്യാപനം വലിയ തോതില്‍ കുറയ്ക്കാനിത് സഹായിക്കും. എന്നാല്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടത് വീടുകള്‍ക്കുള്ളിലാണ് എന്നാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. വീടുകള്‍ക്കുള്ളില്‍ രോഗ ബാധ ഉണ്ടാകാൻ ഇടയുള്ള സാഹചര്യം കുറയ്ക്കണം. വീടുകള്‍ക്കുള്ളിലും മാസ്ക് ധരിക്കുന്നത് രോഗബാധ നിയന്ത്രിക്കാൻ സഹായിക്കും. ഇനി അതായിരിക്കണം ലക്ഷ്യം.

പ്രതിദിന വര്‍ധന തുടര്‍ച്ചയായ രണ്ടാം ദിവസവും 40000ന് മേലാണ്. 29882 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഐസിയുകളില്‍ 2049 പേരും വെന്‍റിലേറ്ററുകളിൽ 807 പേരുമാണ് ചികിത്സയിലുള്ളത്. കിടത്തി ചികിത്സക്ക് കിടക്കകളില്ല. തീവ്രപരിചരണം നല്‍കാനാകാത്ത സ്ഥിതി. മരണ നിരക്കിലും ഉയര്‍ച്ചയാണ്. പലയിടത്തും ചെറിയ തോതിലെങ്കിലും ഓക്സിജൻ ക്ഷാമവുമുണ്ട്. നിറയ്ക്കുന്ന സിലിണ്ടറുകള്‍ മണിക്കൂറുകൾക്കുള്ളില്‍ തീരുന്നു. അടച്ചിടൽ അല്ലാതെ മറുവഴി ഇല്ലെന്ന് വ്യക്തം. ഇനി സ്വയം പ്രതിരോധം കൂടിയെടുത്താൽ രോഗ വ്യാപന തീവ്രത കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!