ലേബർ റൂമിലേക്ക് മാറ്റിയില്ലെന്ന് പരാതി; കൊവിഡ് ബാധിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചെന്ന് ബന്ധുകള്‍

By Web TeamFirst Published Jun 9, 2021, 1:04 PM IST
Highlights

നഴ്സുമാരെ വിവരമറിയിച്ചിട്ടും തിരിഞ്ഞു നോക്കിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി. പാലക്കാട് ജില്ലാ മാതൃശിശു ആശുപത്രിയിലാണ് സംഭവം. 

പാലക്കാട്: പാലക്കാട് ജില്ലാ മാതൃശിശു ആശുപത്രിയിൽ കൊവിഡ് ബാധിതയായ ആദിവാസി യുവതിയ്ക്ക് പ്രസവ പരിരക്ഷ കിട്ടാത്തതിനെ തുടർന്ന് നവജാത ശിശു മരിച്ചു. പ്രസവ വേദന എടുത്തിട്ടും ഇവരെ ലേബർ റൂമിലേയ്ക്ക് മാറ്റാത്തതിനാൽ യുവതി കട്ടിലിൽ കിടന്ന് പ്രസവിയ്ക്കുകയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ ഒരു പിഴവും സംഭവിച്ചിട്ടില്ലെന്നും ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞ് മരിച്ചിരുന്നുവെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു.

ചൊവ്വാഴ്ച വൈകീട്ടാണ് അട്ടപ്പാടി പാലൂർ ഊരിലെ വെള്ളിങ്കിരിയുടെ ഭാര്യ മാരിയത്താളിനെ പാലക്കാട് മാതൃ - ശിശു ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കുന്നത്. ഇന്ന് രാവിലെ ആറ് മുതൽ ഇവർക്ക് പ്രസവ വേദന അനുഭവപ്പെട്ടെങ്കിലും ലേബർ റൂമിലേയ്ക്ക് മാറ്റിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി. നടപടിയില്ലാത്തതിനെ തുടർന്ന് അട്ടപ്പാടിയിലുള്ളവരെ പരാതി അറിയിച്ചു. ഇതിന് നഴ്സുമാർ വഴക്കിട്ടതായും ഇവർ പറയുന്നു. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയ്ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം ഉയർന്നിട്ടുള്ളത്. 

എന്നാൽ, ആദിവാസി യുവതിക്ക് വേണ്ട പരിചരണം  നൽകിയെന്നു ആശുപത്രി അധികൃതർ വിശദീകരിച്ചു. ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞിന് ചലനം ഉണ്ടായിരുന്നില്ല. ലേബർ ബെഡിൽ വെച്ച് തന്നെയാണ് യുവതി പ്രസവിച്ചതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!