കോട്ടയം ചന്ത വൃത്തിയാക്കാനായി തുറന്നുകൊടുത്തു; തിങ്കളാഴ്ച മുതൽ പ്രവർത്തനം അനുവദിക്കാൻ ആലോചന

By Web TeamFirst Published May 2, 2020, 4:35 PM IST
Highlights

ചന്തയിലെ ചുമട്ടുതൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കഴിഞ്ഞ 23നാണ് കോട്ടയം ചന്ത പൂർണ്ണമായും അടച്ചിട്ടത്. മൊത്ത വ്യാപാരികൾക്കും ചെറുകിട കച്ചവടക്കാർക്കും കടകളിലുണ്ടായിരുന്ന സാധനങ്ങൾ മാറ്റുന്നതിനും സാവകാശം കിട്ടിയില്ല. 

കോട്ടയം: ചുമട്ടു തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ അടച്ചിട്ട കോട്ടയം ചന്ത, വൃത്തിയാക്കാനായി തുറന്നു കൊടുത്തു.രണ്ട് മണിക്കൂർ നേരത്തേക്കാണ് ചന്തയിലെ കടകൾ തുറക്കാൻ അനുവാദം നൽകിയത്.

ചന്തയിലെ ചുമട്ടുതൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കഴിഞ്ഞ 23നാണ് കോട്ടയം ചന്ത പൂർണ്ണമായും അടച്ചിട്ടത്. മൊത്ത വ്യാപാരികൾക്കും ചെറുകിട കച്ചവടക്കാർക്കും കടകളിലുണ്ടായിരുന്ന സാധനങ്ങൾ മാറ്റുന്നതിനും സാവകാശം കിട്ടിയില്ല. പഴം പച്ചക്കറി വ്യാപാരികളെയാണ് അടച്ചിടൽ ഏറെ പ്രതികൂലമായി ബാധിച്ചത്. മിക്ക കടകളിലുമുണ്ടായിരുന്ന പച്ചക്കറികളും പഴങ്ങളും നശിച്ചു.

വൃത്തിയാക്കാനും കേടായവ മാറ്റാനും കടകൾ തുറക്കാൻ അനുവദിക്കണമെന്ന കച്ചവടക്കാരുടെ ആവശ്യത്തെ തുടർന്നാണ് രണ്ട് മണിക്കൂർ നേരത്തേക്ക് ജില്ലാ ഭരണകൂടം ചന്ത തുറന്നു നൽകിയത്. കോട്ടയം തഹസീൽദാറുടെ നേതൃത്വത്തിൽ പൊലീസിന്റെ കർശന നിയന്ത്രണത്തിലായിരുന്നു കടകൾ തുറന്നത്. ചന്തയ്ക്കുള്ളിൽ മറ്റാർക്കും രോഗം സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ തിങ്കളാഴ്ചയോടെ വ്യാപാര സ്ഥാപനങ്ങൾ തുറക്കാനാവുമോ എന്ന ആലോചന ജില്ലാഭരണകൂടം നടത്തുന്നുണ്ട്. കഴിഞ്ഞ നാല് ദിവസമായി ജില്ലയിൽ കൊവിഡ് പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

Read Also: രാജസ്ഥാനിലെ കോട്ടയിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ കേരളത്തിലേക്ക് മടങ്ങി...

 

click me!