
കൊല്ലം: തിരുവനന്തപുരത്ത് പരിശോധന ഫലത്തില്‍ വ്യത്യാസം വന്ന രണ്ടുപേർക്കും കൊവിഡ് നെഗറ്റീവ് എന്ന് സ്ഥിരീകരണം. ആലപ്പുഴയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുള്ള രണ്ട് പേർക്കും വൈറസ് ബാധ ഇല്ലെന്ന് കണ്ടെത്തിയത്.
തിരുവനന്തപുരം വഴുതക്കാട്ടെ രാജീവ് ഗാന്ധി ബയോടെക്നൊളജിയിൽ ആദ്യം നടത്തിയ പരിശോധനയിൽ പോസിറ്റീവ് ആയതിനെ തുടർന്നാണ് തിരുവനന്തപുരത്ത് രണ്ട് പേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. എന്നാൽ ഇവർക്ക് വൈറസ് ബാധയില്ലെന്ന് ആശുപത്രിയിലെ പരിശോധനയിൽ കണ്ടെത്തി. ഇതോടെയാണ് പരിശോധന സംബന്ധിച്ച് ആശയക്കുഴപ്പം തുടങ്ങിയത്.
പരിശോധന ഫലം സംബന്ധിച്ച് അവ്യക്തതകള്‍ ഉയര്‍ന്നതോടെ രണ്ടുപേരുടെയും സ്രവം ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. ഇവിടുത്തെ പരിശോധന ഫലവും നെഗറ്റീവായതോടെയാണ് ഇരുവർക്കും രോഗമില്ലെന്നു സ്ഥിരീകരിച്ചത്. ഫലത്തെ സംബന്ധിച്ചു അവ്യക്തകൾ ഉയർന്നതോടെ രാജീവ് ഗാന്ധി സെന്ററിൽ തന്നെ രണ്ടുപേരുടെയും ആദ്യമെടുത്ത സ്രവ സാമ്പിൾ വീണ്ടും പരിശോധിച്ചു. അപ്പോഴും ഫലം നെഗറ്റീവായി.
ഐസിഎംആർ നൽകിയ കിറ്റിൽ ആണ് ആദ്യം പരിശോധിച്ചതെന്നും അപ്പോഴാണ് പോസിറ്റീവ് ഫലം കിട്ടിയതെന്നും രണ്ടാമത് പരിശോധന നടത്തിയത് സംസ്ഥാന സർക്കാർ നൽകിയ കിറ്റിൽ ആണെന്നും ആണ് ആർജിസിബി അധികൃതരുടെ വിശദീകരണം. നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ള കന്യാകുമാരി സ്വദേശിക്ക് കരൾ രോഗം അടക്കം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
കൊവിഡ് ചികിത്സ മാനദണ്ഡങ്ങൾ അനുസരിച്ചു 48 മണിക്കൂറിലെ രണ്ടു ഫലങ്ങൾ കൂടി നോക്കിയ ശേഷം കൊവിഡ് മുക്തരാണെന്ന് ഇവരെ ഔദ്യോഗികമായി അറിയിക്കും. ഇതിനു ശേഷം മെഡിക്കൽ ബോർഡ് കൂടി ഇവരെ ഡിസ്ചാർജ് ചെയ്യുന്നതടക്കമുള്ള തുടർനടപടികൾ സ്വീകരിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam