കാസർകോട്: കേരള കർണാടക അതിർത്തിയിൽ മെഡിക്കൽ സംഘം എത്തി. ഇരു സംസ്ഥാനങ്ങളും മെഡിക്കൽ സംഘത്തെ നിയമിച്ചിട്ടുണ്ട്. ഇവർ അനുമതി നൽകുന്ന രോഗികൾക്ക് മാത്രമേ കേരളത്തിൽ നിന്ന് മംഗളൂരുവിലെത്തി ചികിത്സ തേടാനാകൂ.
കേരളത്തിലേക്കുള്ള അതിർത്തി കർണാടക അടച്ച വിഷയത്തിൽ സംസ്ഥാനങ്ങൾ തമ്മിൽ ധാരണയായെന്ന് കേന്ദ്രസർക്കാർ ഇന്നലെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇരു സംസ്ഥാനങ്ങളും മെഡിക്കൽ സംഘത്തെ നിയോഗിച്ചത്. കേരള സംഘത്തിൽ നാല് ഡോക്ടർമാരും മറ്റ ്ജീവനക്കാരുമാണുള്ളത്. കർണാടക സംഘത്തിൽ രണ്ട് ഡോക്ടർമാരാണുള്ളത്.
രോഗികളെയും കൊണ്ടുള്ള വാഹനങ്ങൾ തലപ്പാടിയിലൂടെ കടത്തിവിടും. ഇതുമായി ബന്ധപ്പെട്ട് പ്രോട്ടോക്കോൾ തയ്യാറായതായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ഇതിന്ർറെ അടിസ്ഥാനത്തിൽ കേസ് സുപ്രീംകോടതി തീര്‍പ്പാക്കി. കേന്ദ്ര സര്‍ക്കാരിന്‍റെ വാദം മാത്രം കേട്ടായിരുന്നു സുപ്രീംകോടതി തീരുമാനം.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറിമാർ എന്നിവർ യോഗം ചേർന്നുവെന്നും യോഗത്തിൽ പ്രശ്‌നപരിഹാരമായെന്നും സോളിസിറ്റർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. വിഷയത്തിൽ ധാരണയായ സാഹചര്യത്തിൽ ഹർജി അപ്രസക്തമായെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് ഹൈക്കോടതി ഉത്തരവിന് എതിരായ കർണാടകയുടെ ഹർജി തീർപ്പാക്കുകയായിരുന്നു.
അതേസമയം ഹൈക്കോടതി വിധിക്കെതിരെ ഹര്‍ജി നൽകിയ കര്‍ണാടകത്തേയോ, കര്‍ണാടകത്തിനെതിരെ സത്യവാംങ്മൂലം നൽകിയ കേരളത്തേയോ, മറ്റ് ഹര്‍ജിക്കാരായ കേരള ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ, രാജ്മോഹൻ ഉണ്ണിത്താൻ
എന്നിവരുടെയോ വാദം സുപ്രീംകോടതി കേട്ടില്ല.ദേശീയ പാത അടക്കാൻ കര്‍ണാടകത്തിന് ഏകപക്ഷീയമായി തീരുമാനിക്കാനാകില്ല എന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് കര്‍ണാടകം സുപ്രീംകോടതിയിലെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam