
തൃശ്ശൂർ/എറണാകുളം/കണ്ണൂർ: തുടർച്ചയായി സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് വന്നതോടെ കൊവിഡ് ഭീതിയിൽ തെല്ലൊരാശ്വസം അനുഭവിക്കുകയാണ് സംസ്ഥാനം. കൊവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത പല ജില്ലകളിലും ഇപ്പോൾ സ്ഥിതിയേറെ മെച്ചപ്പെട്ടു.
തുടർച്ചയായി അഞ്ചാം ദിവസവും പുതിയ കൊവിഡ് കേസുകൾ ഇല്ലാത്തതിന്റെ ആശ്വാസത്തിലാണ് തൃശ്ശൂർ. ജില്ലയിൽ ഒൻപത് രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. പരിശോധനാഫലം നെഗറ്റീവ് ആയ രണ്ട് പേരെ ഡിസ്ചാർജ് ചെയ്യുന്ന കാര്യം മെഡിക്കൽ ബോർഡിന്റെ പരിഗണനയിലാണ്
15033 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുളളത്. ഇതിൽ ആശുപത്രിയിലുള്ളത് 37 പേർ. 340 പേരോട് പുതുതായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. നിരീക്ഷണ കാലഘട്ടം പൂർത്തിയാക്കിയ 28 പേരെ കൊറന്റയിനിൽ നിന്ന് ഒഴിവാക്കി.മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ പരിശോധനാ ഫലമാണ് തുടർച്ചയായ രണ്ടാം വട്ടവും നെഗറ്റീവായത്. ഇവരെ ഡിസ്ചാർജ്ജ് ചെയ്യുന്ന കാര്യത്തിൽ ഉടൻ അന്തിമ തീരുമാനമുണ്ടാകും.
19 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം ജില്ലയിൽ നിന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതു വരെ 844 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 816 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. ഇനി 28 സാമ്പിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്.
സംസ്ഥാനത്ത് കൊവിഡ് രോഗം ഭേദമായവരിൽ കൂടുതൽ പേരും കണ്ണൂർ ജില്ലയിൽ നിന്നാണ്. രോഗം സ്ഥിരീകരിച്ച അൻപത്തിയാറിൽ 28 പേരും ആശുപത്രി വിട്ടു. മികച്ച ചികിത്സയും പരിചരണവും കിട്ടിയതുകൊണ്ടാണ് രോഗം വേഗത്തിൽ ഭേദമായതെന്ന് ആശുപത്രി വിട്ടവർ പറഞ്ഞു
അഞ്ചരക്കണ്ടിയിൽ പതിനൊന്ന് ദിവസം മുമ്പ് പ്രവർത്തനം തുടങ്ങിയ സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രിയിൽ നിന്നും 9 പേരാണ് രോഗം ഭേദമായി വീടുകളിലെത്തിയത്. തലശ്ശേരി ജനറൽ ആശുപത്രിയിൽ നിന്ന് 9 പേരും പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് 8 പേരും ജില്ലാ ആശുപത്രിയിൽ നിന്ന് രണ്ട് പേരും രോഗം ഭേദമായി വീടുകളിലെത്തി.
പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് രോഗം ഭേദമായി മടങ്ങിയവരിൽ ഗർഭിണിയുമുണ്ട്. രണ്ട് തവണ സ്രവപരിശോധന നടത്തി ഫലം നെഗറ്റീവാണെന്ന് ഉറപ്പാക്കിയാണ് രോഗം ഭേദമായെന്ന് സ്ഥിരീകരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ ആശുപത്രി വിടുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
തുടർച്ചയായ രണ്ടാം ദിവസവും ജില്ലയിൽ കൊവിഡ് 19 രോഗം സ്ഥിരീകരിക്കാത്തതിന്റെ ആശ്വാസത്തിലാണ് എറണാകുളം നിവാസികൾ. കഴിഞ്ഞ ദിവസം ലഭിച്ച 41 സാന്പിളുകളുടെ ഫലം നെഗറ്റീവാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയിൽ 18 പേരാണ് കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇതിൽ അഞ്ച് പേർ വിദേശികളാണ്.
ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. പുതിയ കൊവിഡ് കേസുകൾ ജില്ലയിൽ സ്ഥിരീകരിക്കാത്തത് ആശ്വസകരമാണ്. 104 സാന്പിൾ പരിശോധന ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. 33 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിലുള്ളത്. 18 പേർ മെഡിക്കൽ കോളേജിലും, 4 പേർ ആലുവ ജില്ലാ ആശുപത്രിയിലും 2 പേർ കരുവേലിപ്പടി ഗവ. മഹാരാജാസ് ആശുപത്രിയിലും, 9 പേർ സ്വകാര്യ ആശുപത്രികളിലുമാണ്.
കഴിഞ്ഞ ദിവസം 2362 പേരോടാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടത്. ഇതിൽ 1520 പേർ 14 ദിവസത്തെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയവരാണ്. രോഗവ്യാപനം കൂടുതലുള്ള രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർക്ക് 28 ദിവസത്തെ നിരീക്ഷണം കർശനമാക്കിയതിനാലാണ് 1520 പേരോട് വീടുകളിൽ തന്നെ വീണ്ടും നിരീക്ഷണത്തിൽ തുടരുവാൻ നിർദേശിച്ചത്. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 3024 ആയി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam