Latest Videos

ശബരിമല നാളെ തുറക്കും: ദർശനത്തിന് കൊവിഡ് നെഗറ്റീവ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നിർബന്ധം

By Web TeamFirst Published Oct 15, 2020, 6:38 PM IST
Highlights

48 മണിക്കൂറിനകം ലഭിച്ച കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും മലകയറാൻ പ്രാപ്തരാണ് എന്ന് തെളിയിക്കുന്ന മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ദർശനത്തിനെത്തുന്ന ഭക്തർ കൊണ്ടു വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

തിരുവനന്തപുരം: തുലാമാസപൂജകൾക്കായി ശബരിമല ക്ഷേത്രം നാളെ തുറക്കും. സുഗമമായ ദർശനം ഉറപ്പാക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 

ഒരു എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ ഇതിനോടകം സന്നിധാനത്ത് വിന്യസിച്ചു കഴിഞ്ഞു. വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത 250  പേർക്കാണ് നാളെ സന്നിധാനത്ത് പ്രവേശനം അനുവദിക്കുക. ശബരിമലയിൽ എത്തുന്നതിന് 48 മണിക്കൂറിനകം ലഭിച്ച കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും മലകയറാൻ പ്രാപ്തരാണ് എന്ന് തെളിയിക്കുന്ന മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ദർശനത്തിനെത്തുന്ന ഭക്തർ കൊണ്ടു വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

കൊവിഡ് മുക്തി നേടിയ പലർക്കും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും മല കയറുമ്പോൾ അത്തരം പ്രശ്നങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ട് എന്നതിനാലാണ് ആരോഗ്യക്ഷമത തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൌണും കൊവിഡും മൂലം മാസങ്ങളായി ആളുകൾ വീടുകളിൽ തന്നെയിരിക്കുന്ന അവസ്ഥയുണ്ട്. അങ്ങനെയുള്ള ആളുകൾ പെട്ടെന്ന് മല കയറാൻ ചെല്ലുമ്പോൾ ശാരീരിക പ്രശ്നങ്ങളുണ്ടാവാനുള്ള സാധ്യതയും സർക്കാർ  പരിഗണിച്ചു. ഭക്തരുടെ സുരക്ഷ മുന്നിൽ കണ്ട് മാത്രമാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് സംവിധാനം സജ്ജമാക്കുന്നതെന്നും ഭക്തജനങ്ങൾ ഇതുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.  

പത്തിനും അറുപതിനും ഇടയിൽ പ്രായമുള്ളവർക്കാണ് ദർശനത്തിന് അനുമതി നൽകുന്നത്. വിർച്വൽ ക്യൂ ടിക്കറ്റിൽ നിർദേശിച്ച അതേസമയത്ത് തന്നെ നിലയ്ക്കലിൽ എത്താൻ ഭക്തർ ശ്രദ്ധിക്കണമെന്നും മാസ്കും സാനിറ്റൈസറും കൈയുറകളും എല്ലാവരും കൈയിൽ കരുതണമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

മല കയറുമ്പോൾ കൂട്ടം ചേർന്ന് സഞ്ചരിക്കാൻ പാടില്ലെന്നും നിശ്ചിത അകലം പാലിച്ചു വേണം മല കയറാനെന്നും മുഖ്യമന്ത്രി നിർദേശിച്ചു. വടശ്ശേരിക്കര, എരുമേലി എന്നീ വഴികളിലൂടെ മാത്രമേ ശബരിമലയിലേക്ക് പ്രവേശനം അനുവദിക്കൂ എന്നും മുഖ്യമന്ത്രി അറിയിച്ചു. എല്ലാവരും പൊലീസ് നിർദേശങ്ങൾ പാലിക്കണമെന്നും നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ആശുപത്രികൾ സജ്ജമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പമ്പ ത്രിവേണിയിൽ കുളിക്കാൻ ആരേയും അനുവദിക്കില്ലെന്നും എന്നാൽ ഭക്തർക്ക് കുളിക്കാനായി ഷവർ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 
 

click me!