വാജിവാഹനം തന്ത്രിക്ക് നൽകിയത് ഹൈക്കോടതിയുടെ അറിവോടെ എന്ന് വ്യക്തമായതോടെ എസ്ഐടി പ്രതിരോധത്തിൽ. കേസെടുക്കുന്ന കാര്യത്തിൽ അടക്കം തീരുമാനം കോടതിയുടെ അഭിപ്രായം അറിഞ്ഞ ശേഷം മാത്രമായിരിക്കും.
കൊച്ചി: വാജിവാഹനം തന്ത്രിക്ക് നൽകിയത് ഹൈക്കോടതിയുടെ അറിവോടെ എന്ന് വ്യക്തമായതോടെ എസ്ഐടി പ്രതിരോധത്തിൽ. കേസെടുക്കുന്ന കാര്യത്തിൽ അടക്കം തീരുമാനം കോടതിയുടെ അഭിപ്രായം അറിഞ്ഞ ശേഷം മാത്രമായിരിക്കും. അന്നത്തെ ബോർഡ് അംഗം അജയ് തറയിലിനെതിരായ നീക്കവും പ്രതിസന്ധിയിലാണ്. കൊടിമര നിർമാണത്തിലെ കമ്മീഷണർ റിപ്പോർട്ടിന് ഹൈക്കോടതി ദേവസ്വം ബഞ്ച് അംഗീകാരം നൽകിയതിന്റെ രേഖകളും പുറത്തുവന്നു.
തന്ത്രി കണ്ഠരര് രാജീവർക്ക് വാജിവാഹനം കൈമാറിയത് പാരമ്പര്യ വിധി പ്രകാരമെന്നും നടപടികൾ ഹൈക്കോടതിയുടെ അറിവോടെയെന്നുമാണ് അഡ്വക്കേറ്റ് കമ്മീഷണറുടെ റിപ്പോർട്ടില്‍ പറയുന്നത്. 2017 മാർച്ചിലാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. വാജിവാഹന കൈമാറ്റം അടക്കം എല്ലാം ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ടെന്നും കൊടിമര നിർമ്മാണ പ്രവൃത്തി മാതൃകാപരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു, അഡ്വക്കേറ്റ് കമ്മീഷണറുടെ പ്രവൃത്തിയെ പ്രശംസിച്ചു എന്നുൾപ്പെടെയുള്ള കാര്യങ്ങളാണ് റിപ്പോർട്ടില്‍ പറയുന്നത്. ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് വാജി വാഹനം കസ്റ്റഡിയിലെടുത്തത്. അഷ്ടദിക്ക്പാലകർ അടക്കം കൊടിമരത്തിലെ മറ്റു വസ്തുക്കൾ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയിരുന്നു. ഇത് തിരുവാഭരണം കമ്മീഷണറുടെയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെയും സാന്നിധ്യത്തിലാണ്. സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ സീൽ ചെയ്താണ് ഇവ മാറ്റിയതെന്നും കമ്മീഷണറുടെ റിപ്പോർട്ടില്‍ പറയുന്നു.


