'രോഗിയെ ഐസിയുവിലേക്ക് മാറ്റാന്‍ വൈകി'; പരിയാരത്ത് ആരോഗ്യപ്രവര്‍ത്തകരും കൊവിഡ് രോഗികളും തമ്മില്‍ തര്‍ക്കം

By Web TeamFirst Published Jun 9, 2021, 8:40 PM IST
Highlights

ഉദരസംബന്ധമായ അസുഖമുള്ള കൊവിഡ് രോഗി ജനറൽ വാർഡിൽ വച്ച്  ഇന്നലെ രാത്രി ഗുരുതരാവസ്ഥയിലായി ചോര ഛർദ്ദിച്ചു. ഐസിയുവിലേക്ക് മാറ്റാനായി ഡോക്ടർമാർ എത്താൻ വൈകിയെന്നാരോപിച്ച് രോഗിയെ കുടെയുള്ളവർ ഒരു വീൽചെയറിൽ കയറ്റി വാർഡിന് പുറത്ത് എത്തിച്ചു.

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ  കൊവിഡ് വാർഡിൽ രോഗികളും ആരോഗ്യ പ്രവർത്തകരും തമ്മിൽ രൂക്ഷമായ വാക്കുതർക്കം. ചോര ഛര്‍ദ്ദിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗിയെ ജനറൽ വാർഡിൽ നിന്നും ഐസിയുവിലേക്ക് മാറ്റാൻ വൈകിയത് രോഗികൾ ചോദ്യം ചെയ്തു. ബഹളത്തിന്‍റെ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഡോക്ടർ രോഗികൾ ആക്രമിക്കാൻ തുനിഞ്ഞെന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകി.

ഉദരസംബന്ധമായ അസുഖമുള്ള കൊവിഡ് രോഗി ജനറൽ വാർഡിൽ വച്ച്  ഇന്നലെ രാത്രി ഗുരുതരാവസ്ഥയിലായി ചോര ഛർദ്ദിക്കുകയായിരുന്നു. ഐസിയുവിലേക്ക് മാറ്റാനായി ഡോക്ടർമാർ എത്താൻ വൈകിയെന്നാരോപിച്ച് രോഗിയെ കുടെയുള്ളവർ ഒരു വീൽചെയറിൽ കയറ്റി വാർഡിന് പുറത്ത് എത്തിച്ചു. മതിയായ ശുശ്രൂഷ നൽകുന്നില്ലെന്ന് ആരോപിച്ച് ആരോഗ്യ പ്രവർത്തകരുമായി രോഗികൾ രൂക്ഷമായ വാക്കു തർക്കത്തിൽ ഏർപ്പെട്ടു.

രോഗികൾ ബഹളം വയ്ക്കുന്ന വീഡിയോ  ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ജൂനിയർ റെസിഡന്റ് ഡോക്ടർ ജോലിചെയ്യാൻ പറ്റാത്ത സാഹചര്യമാണെന്ന് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി. രോഗികൾ അസഭ്യം പറയുന്നു, ആക്രമിക്കാൻ ശ്രമിക്കുന്നു എന്നൊക്കെയാണ് ഡോക്ടർമാരുടെ ആരോപണം. എന്നാൽ തങ്ങളോട് ആരോഗ്യ പ്രവർത്തകരാണ് തട്ടിക്കയറിയതെന്ന് രോഗികളും തിരിച്ചടിക്കുന്നു.  ദൃശ്യം പകർത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഡോക്ടർക്കെതിരെ നടപടി വേണമെന്ന് രോഗികൾ കളക്ടർക്ക് പരാതി നൽകി. ആശുപത്രിയിൽ നടന്ന സംഭവങ്ങളെക്കുറിച്ച് ആരോഗ്യമന്ത്രിയും വിവരങ്ങൾ തേടിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!