
വയനാട്: വയനാട്ടിലെ രോഗികളുടെ സമ്പർക്ക വിവരങ്ങൾ കണ്ടെത്താനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും വിപുലമായ പദ്ധതിയുമായി പൊലീസ്. ചില രോഗികൾ സമ്പർക്കവിവരങ്ങൾ മറച്ചുവയ്ക്കുന്നത് വലിയ വെല്ലുവിളിയാകുന്ന സാഹചര്യത്തിലാണ് നടപടി. ഇത്തരം രോഗികളെ പറ്റിയുള്ള വിവരങ്ങൾ കണ്ടെത്താന്‍ എസ്പിയുടെ നേതൃത്വത്തില്‍ വിവിധ ടീമുകളായി തിരിഞ്ഞ് ഇന്ന് മുതല്‍ പ്രത്യേക പരിശോധനകൾ നടത്തും.
ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ള ചില രോഗികൾ സുപ്രധാന സമ്പർക്ക വിവരങ്ങൾ മറച്ചുവയ്ക്കുന്നുവെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിഗമനം. ഈ സാഹചര്യത്തിലാണ് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ രണ്ട് ഡിവൈഎസ്പിമാരും ഒരു വനിതാ ഉദ്യോഗസ്ഥയുമടങ്ങുന്ന പ്രത്യേക സംഘം രോഗികളെ ചോദ്യം ചെയ്യാന്‍ തയാറെടുക്കുന്നത്. പിപിഇ കിറ്റ് ധരിച്ചാണ് ചോദ്യം ചെയ്യുക. ഇത് കൂടാതെ ജില്ലയിലെ ഒരോ രോഗിയുടെയും സഞ്ചാര പാത പൊലീസും തയാറാക്കും. ഇതുവഴി ആരോഗ്യ വകുപ്പിന് ലഭിക്കാത്ത സമ്പർക്ക വിവരങ്ങൾകൂടി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവർ സമ്പർക്ക വിലക്ക് പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനും പ്രത്യേക വിഭാഗം പ്രവർത്തിക്കും. രോഗിയുടെ ബന്ധുക്കളെയും കൂട്ടുകാരെയുമടക്കം തുടർച്ചയായി നിരീക്ഷിക്കാനും രഹസ്യാന്വേഷണ സേനാംഗങ്ങളെയടക്കം ഉൾപ്പെടുത്തിയുള്ള പ്രത്യേക സംഘം ഇന്ന് മുതല്‍ പ്രവർത്തിക്കും. കണ്ടെയിന്‍മെന്‍റ് സോണില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ അവശ്യസാധനങ്ങൾ എത്തിച്ചുനല്‍കാനും പ്രത്യേക വാട്സ് ആപ്പ് നമ്പർ വഴി സംവിധാനമൊരുക്കും. പതിവുപോലെ അതിർത്തിയിലടക്കം ശക്തമായ പരിശോധന തുടരുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam