കേരളത്തിന് തുണയായി നബാര്‍ഡ് വായ്പ; സുഭിക്ഷകേരളം പദ്ധതിക്ക് ഗുണകരമാകും

By Web TeamFirst Published May 16, 2020, 9:58 PM IST
Highlights

പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ വഴിയായിരിക്കും കൃഷിക്കാരിലേക്ക് വായ്പയെത്തുക. കേരള ബാങ്കിന് അനുവദിച്ച 1500 കോടിയില്‍ 990 കോടിരൂപ കൃഷി ഉല്പാദനത്തിനും ഫിഷറീസ്, മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തന മൂലധനത്തിനുമാണ്. 

തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് നബാര്‍ഡ് അനുവദിച്ച 2500 കോടി രൂപയുടെ വായ്പ ഏറ്റവും മികച്ച രീതിയില്‍ സമയബന്ധിതമായി വിനിയോഗിക്കുതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നീ മേഖലകളുടെ പുനരുജ്ജീവനത്തിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച 'സുഭിക്ഷകേരളം' പദ്ധതി വിജയിപ്പിക്കുതിന് നബാര്‍ഡ് വായ്പ ഉപയോഗിക്കാനും തീരുമാനമായി.

കേരളത്തിന് ആകെ വകയിരുത്തിയ 2500 കോടി രൂപയില്‍ 1500 കോടി രൂപ കേരള ബാങ്ക് വഴിയും 1000 കോടി രൂപ കേരള ഗ്രാമീണ ബാങ്ക് വഴിയും വായ്പയായി നല്‍കും. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ വഴിയായിരിക്കും കൃഷിക്കാരിലേക്ക് വായ്പയെത്തുക. കേരള ബാങ്കിന് അനുവദിച്ച 1500 കോടിയില്‍ 990 കോടിരൂപ കൃഷി ഉല്പാദനത്തിനും ഫിഷറീസ്, മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തന മൂലധനത്തിനുമാണ്.

ബാക്കി 510 കോടി രൂപ സ്വയം തൊഴില്‍, കൈത്തറി, കരകൗശലം, കാര്‍ഷികോല്പന്ന സംസ്‌കരണം, ചെറിയ കച്ചവടം മുതലായവയ്ക്ക് പ്രവര്‍ത്തന മൂലധനമായി നല്‍കും. കാര്‍ഷിക മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കുന്നതിന് പഴയ രീതികളില്‍ നിന്ന് മാറാന്‍ കേരളം തയ്യാറെടുക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ മന്ത്രിമാരായ ഇ.പി. ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, വി എസ് സുനില്‍ കുമാര്‍, കെ രാജു തുടങ്ങിയവര്‍ പങ്കെടുത്തു.

click me!