
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ നടന്ന കൂട്ടപ്പരിശോധനയുടെ ഫലം വരുന്നതോടെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 25000നും മുകളില്‍ പോകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ്. ആശുപത്രികളില്‍ കൂടുതൽ കിടക്കകൾ സജ്ജമാക്കാനും സിഎഫ്എല്‍ടിസികള്‍ സജ്ജമാക്കാനും നിര്‍ദേശം നല്‍കി. കൂടുതല്‍ വാക്സീൻ എത്തിയതോടെ മാസ് വാക്സിനേഷൻ ക്യാംപുകള്‍ സജീവമായിട്ടുണ്ട്. രണ്ടാം ദിവസവും വ്യാപക പരിശോധനയാണ് നടത്തുന്നത്. ഇന്നത്തെ ലക്ഷ്യം 116164 പേരിലെ പരിശോധനയാണ്.
രോഗം പിടിപെടാൻ സാധ്യതയുള്ള ഹൈറിസ്ക് വിഭാഗങ്ങളിലെ പരിശോധനാ ഫലം ഇന്നുമുതല്‍ വന്ന് തുടങ്ങും. 65000 പേരെ വരെ പരിശോധിച്ചപ്പോൾ രോഗബാധിതരുടെ എണ്ണം 10000നും മേലെയായി . അങ്ങനെയെങ്കിൽ 133836 പേരുടെ പരിശോധനാഫലം 25000 നും മേലെ ആകുമെന്ന കണക്ക് കൂട്ടലിലാണ് ആരോഗ്യവകുപ്പ് . തീവ്രപരിചരണ വിഭാഗവും വെന്‍റിലേറ്ററുകളുമടക്കം കൂടുതല്‍ സൗകര്യങ്ങൾ കൊവിഡ് ചികില്‍സയ്ക്കായി മാറ്റും. കേരളത്തിലെ സാഹചര്യം കേന്ദ്രത്തേയും അറിയിച്ചിട്ടുണ്ട് .
ഇതിനിടെ കൂടുതല്‍ വാക്സീൻ എത്തിയതോടെ മാസ് വാക്സിനേഷൻ ക്യാംപുകൾ സജീവമായി. എന്നാല്‍ എത്തിയ വാക്സീന്‍റെ അളവ് കുറവായതിനാല്‍ കൂടുതല്‍ ക്യാംപുകള്‍ ഉണ്ടെങ്കിലും വളരെ കുറച്ച് വാക്സീൻ മാത്രമേ ഓരോ സ്ഥലത്തും ലഭ്യമാക്കിയിട്ടുള്ളു. ഇന്നലെ എത്തിയ രണ്ട് ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സീനില്‍ തിരുവനന്തപുരം ജില്ലയ്ക്ക് 30000 ഡോസ് വാക്സീൻ കിട്ടി . പത്തനംതിട്ട , കൊല്ലം , ആലപ്പുഴ ജില്ലകളിലായി 10000 വീതം ഡോസ് വാക്സീൻ നല്‍കി. എറണാകുളം , കോഴിക്കോട് മേഖലകള്‍ക്കായി 50000 വീതം ഡോസ് വാക്സീനും എത്തിച്ചിട്ടുണ്ട്. കരുതൽ ശേഖരമായി 40000 ഡോസ് വാക്സീൻ സംസ്ഥാനം സൂക്ഷിക്കും . അതിനിര്‍ണായകമായ രണ്ടാഴ്ചയ്ക്കുള്ളില്‍ പരമാവധി പേര്‍ക്ക് വാക്സീൻ നല്‍കി രോഗ പ്രതിരോധം ഉറപ്പാക്കുകയാണ് ലക്ഷ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam