
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതൽ വീണ്ടും തുടങ്ങും. 350 രൂപയോളം വിലവരുന്ന 8 ഇനങ്ങളാണ് ഈ മാസത്തെ ഭക്ഷ്യക്കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓണക്കിറ്റിലെ ശർക്കരയും, പപ്പടത്തിന്‍റെയും ഗുണനിലവാരമില്ലായ്മ ചർച്ചയായതോടെ ഇക്കുറി സംസ്ഥാനത്തെ കമ്പനികളിൽ നിന്നാണ് സപ്ലൈക്കോ ഉത്പന്നങ്ങൾ സംഭരിച്ചത്. ഭക്ഷ്യകിറ്റിന്‍റെ സംസ്ഥാനതല വിതരണം ഇന്ന് മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യും.
ഓണക്കിറ്റിലെ ശർക്കരയിലും, പപ്പടത്തിലും കൈപൊള്ളിയ സപ്ലൈക്കോ ഇത്തവണ ഇരട്ടി ജാഗ്രതയിലാണ്. ഇതരസംസ്ഥാനത്ത് നിന്നുള്ള ഇടനിലക്കാരെ ഒഴിവാക്കി സംസ്ഥാനത്ത് പ്രവർത്തിക്കുന്ന കമ്പനികളിൽ നിന്നാണ് ടെണ്ടർ സ്വീകരിച്ചത്. 1 കിലോ പഞ്ചസാര, മുക്കാൽ കിലോ കടല,ഒരു കിലോ ആട്ട, വെളിച്ചെണ്ണ അര ലിറ്റർ, മുളക് 10 ഗ്രാം, ഉപ്പ് 1 കിലോ, മുക്കാൽ കിലോ ചെറുപയർ, കാൽ കിലോ സാമ്പാർ പരിപ്പ്. വിതരണത്തിനെത്തിക്കുന്ന തുണി സഞ്ചി ഉൾപ്പടെ 350 രൂപയോളമാണ് ഭക്ഷ്യകിറ്റിന് ചിലവ് വരുന്നത്.
റേഷൻ കാർഡ് മുൻഗണനാ ക്രമം അനുസരിച്ച് തുടങ്ങുന്ന വിതരണം അടുത്ത മാസം 15-ാം തീയതിക്കകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഓണക്കിറ്റിനായി 88 ലക്ഷം കിറ്റുകൾ സജ്ജമായെങ്കിലും 83.61 ലക്ഷം പേർ മാത്രമാണ് കിറ്റ് കൈപ്പറ്റിയത്. പരിശോധിച്ച 35 ലോഡ് ശർക്കരയും ഭക്ഷ്യയോഗ്യമല്ല എന്നായിരുന്നു പരിശോധന ഫലം. മുളക് പൊടിയിൽ അളവിലും കുറവായിരുന്നു. പപ്പടവും വേണ്ടത്ര ഗുണനിലവാരം പുലർത്തിയില്ല. 9 കമ്പനികൾക്കെതിരെ നടപടികൾ തുടങ്ങിയ സപ്ലൈക്കോ ഇവർ കാരണം കാണിക്കൽ നോട്ടീസിന് നൽകിയ മറുപടി പരിശോധിക്കുകയാണ്.
കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാൽ വരുന്ന 4 മാസം ഭക്ഷ്യകിറ്റ് വിതരണം തുടരാനാണ് സർക്കാർ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam