
തിരുവനന്തപുരം: തലസ്ഥാനത്ത് കൂടുതല്‍ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. ആറ് വാര്‍ഡുകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ആറ്റുകാൽ ( 70-ാം വാർഡ് ), കുരിയാത്തി ( 73 -ാം വാർഡ് ), കളിപ്പാൻ കുളം ( 69 -ാം വാർഡ് ), മണക്കാട് ( 72 -ാം വാർഡ് ), ടാഗോർ റോഡ് തൃക്കണ്ണാപുരം ( 48 -ാം വാർഡ്), പുത്തൻപാലം വള്ളക്കടവ്( 88 -ാം വാർഡ്) എന്നിവയാണ് ജില്ലാ കളക്ടർ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ഇവിടെ ലോക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി പാലിക്കും. ചാല, നെടുംകാട്, കാലടി, കമലേശ്വരം, അമ്പലത്തറ എന്നിവിടങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ട മേഖലകളായി കണക്കാക്കും.
തിരുവനന്തപുരത്ത് ഉറവിടം അറിയാത്ത കേസുകളുടെ എണ്ണം ഉയരുകയാണ്. ഉറവിടം അറിയാത്ത രണ്ട് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ തലസ്ഥാനത്ത് സോത്രസ്സ് അറിയാത്ത വൈറസ് ബാധിതരുടെ എണ്ണം 15 ആയി. ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ വിഎസ്എസ്‍സിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. മണക്കാട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന 12 പേരെ നിരീക്ഷണത്തിലാക്കിയത്. ഇദ്ദേഹം ജോലി ചെയ്തിരുന്ന വിഭാഗം അണുവിമുക്തമാക്കും. മണക്കാട് സ്വദേശിയാണെങ്കിലും ഇദ്ദേഹം വി എസ് എസ് സി ക്വാട്ടേഴ്സിലാണ് താമസിക്കുന്നത്.
വലിയശാലയിലെ ഭാര്യവീട്ടിൽ നിന്നാണ് ഇയാള്‍ ആശുപത്രിയിലേക്ക് പോയത്. അതിനാൽ രണ്ട് സ്ഥലങ്ങളും നിരീക്ഷണത്തിലാക്കി. വിഎസ്‍എസിയിലെ മുൻ ഉദ്യോഗസ്ഥനായ വള്ളക്കടവ് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇദ്ദേഹം കുളത്തൂരിലെ ബന്ധുവീട്ടിൽ 23 ന് നടന്ന വിവാഹചടങ്ങിൽ പങ്കെടുത്തിരുന്നു. ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ എല്ലാവരോടും കോറന്റനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. സമ്പർക്കത്തിലൂടെയുള്ള മൂന്ന് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മണക്കാട് മേഖല അതീവ ജാഗ്രതയിലായി.
അതേസമയം, നേരത്തെ കൊവിഡ് സ്ഥിരീകരിച്ച മണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവറിൽ നിന്ന് മൂന്ന് പേർക്ക് കൂടി രോഗം പിടിപെട്ടു. ഇയാളുടെ മൂന്ന് ബന്ധുക്കൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഓട്ടോ ഡ്രൈവറിൽ നിന്ന് രോഗം കിട്ടിയവരുടെ എണ്ണം ആറായി. ഓട്ടോ ഡ്രൈവർ സഞ്ചരിച്ച പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച 869 സാമ്പിളുകളുടെ ഫലം കൂടി കിട്ടാനുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന് പോകുന്നവരുടെ എണ്ണം കൂടുതലായതിനാൽ തിരുവനന്തപുരത്ത് അതീവ ശ്രദ്ധ വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. അതിനാൽ ജില്ലയിലെ പരിശോധനകളുടെ എണ്ണം കുത്തനെ കൂട്ടാനാണ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam