7 മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും;10, പ്ലസ്ടു ക്ലാസിലെ കുട്ടികള്‍ സ്കൂളിലെത്തും

By Web TeamFirst Published Jan 1, 2021, 6:26 AM IST
Highlights

കൊവിഡും ലോക്ക്ഡൗണും മൂലം 286 ദിവസമായി അടച്ചിട്ടിരുന്ന സംസ്ഥാനത്തെ സ്കൂളുകളാണ് ഇന്ന് ഭാഗികമായി പ്രവര്‍ത്തനം തുടങ്ങുന്നത്. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവര്‍ത്തനം. 

തിരുവനന്തപുരം: ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും. പത്താം ക്ലാസ്, പ്ലസ്ടു ക്ലാസുകളിലെ കുട്ടികളാണ് കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്കൂളിലെത്തുന്നത്. കൊവിഡ് പ്രതിസന്ധിക്കിടയിലും പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണത്തില്‍ ഇക്കുറി വന്‍ വര്‍ദ്ധനവുണ്ട്. ഒന്നേമുക്കാല്‍ ലക്ഷം കുട്ടികളാണ് പൊതുവിദ്യാലയങ്ങളില്‍ പുതുതായെത്തിയത്.

കൊവിഡും ലോക്ക്ഡൗണും മൂലം 286 ദിവസമായി അടച്ചിട്ടിരുന്ന സംസ്ഥാനത്തെ സ്കൂളുകളാണ് ഇന്ന് ഭാഗികമായി പ്രവര്‍ത്തനം തുടങ്ങുന്നത്. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവര്‍ത്തനം. വായും മൂക്കും മൂടുന്ന രീതിയില്‍ മാസ്ക് ധരിച്ച് മാത്രമേ സ്കൂളിലെത്താവൂ. പരമാവധി കുട്ടികള്‍ സാനിറ്റൈസറുമായി എത്തണമെന്നാണ് നിര്‍ദ്ദേശം. സാമൂഹിക അകലം പാലിച്ച് ഒരു കുട്ടി ഒരു ബെഞ്ചില്‍ ഇരിക്കുന്ന രീതിയിലാണ് ക്രമീകരണം. പത്താം ക്ലാസിലെയും പ്ലസ്ടുവിലെയും 50 ശതമാനം കുട്ടികള്‍ മാത്രമെ സ്കൂളിലെത്താവൂ എന്നാണ് നിര്‍ദ്ദേശമെങ്കിലും കൂടുതല്‍ പേര്‍ എത്തുമെന്നാണ് സ്കൂളധികൃതരുടെ കണക്കുകൂട്ടല്‍.

അതേസമയം, കൊവിഡ് പ്രസിസന്ധിക്കിടയിലും പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കൂടുതലായെത്തിയത് നേട്ടമായി. ഒന്നാം ക്ലാസില്‍ മാത്രം 8170 കുട്ടികള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൂടുതലായി പ്രവേശനം നേടിയതായാണ് കണക്ക്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ചേര്‍ന്നത് അഞ്ചാം ക്ലാസില്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 43789 കുട്ടികള്‍ അധികം. അതേസമയം അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ പുതുതായി ചേര്‍ന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായതായും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

click me!