Latest Videos

കണ്ണൂർ വിമാനത്താവളത്തിൽ സ്ഥിതി അതീവ ഗുരുതരം; ആറ് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ്

By Web TeamFirst Published Jun 26, 2020, 8:07 PM IST
Highlights

കണ്ണൂര്‍ സൈനിക ക്വാറന്‍റീനിലെ മൂന്ന് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കിടയിൽ കൊവിഡ് പടരുന്നു. ആറ് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 17 സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കാണ് കണ്ണൂരിൽ രോഗബാധ ഉണ്ടായത്. അവധി കഴിഞ്ഞ് തിരിച്ചെത്തിയ 16 പേർക്കാണ് രോഗം ബാധിച്ചത്. ഇവരിലൊരാൾക്ക് ഡ്യൂട്ടിക്ക് കയറിയതിന് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്.

കണ്ണൂര്‍ സൈനിക ക്വാറന്‍റീനിലെ മൂന്ന് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്നും അവധി കഴിഞ്ഞ് എത്തിയതായിരുന്നു ഇവർ. ഇതില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂർ വിമാനത്താവളത്തിൽ ജോലി ചെയ്ത 50 ലേറെ പേർ ക്വാറൻ്റീനിലാണ്. വിമാനത്താവളത്തിലെ സ്ഥിതി വിലയിരുത്താന്‍ സബ് കളക്ടർ എയർപോർട്ടിൽ യോഗം ചേരുകയാണ്. നിലവിൽ 157 പേരാണ് ജില്ലയില്‍ കൊവിഡ് ചികിത്സയിലുള്ളത്. ഇതുവരെ 125 പേരാണ് കൊവിഡ് ബാധിച്ച് കണ്ണൂരിൽ ചികിത്സയിലുള്ളത്. 

13 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 10 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. സൈനിക ക്വാറന്‍റീനിലെ ജീവനക്കാരില്‍ ഒരാള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ ഉണ്ടായത്. സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കും- ഡിഎസ്സി സെന്‍റര്‍ ജീവനക്കാര്‍ക്കും പുറമെ ചിറ്റാരിപ്പറമ്പ്, മാട്ടുല്‍, ചെമ്പിലോട്, കണ്ണൂര്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് ഒരോരുത്തര്‍ക്കും വീതമാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്.

click me!