കൊവിഡ് വ്യാപനം: സ്കൂളുകളിൽ നിരീക്ഷണം കർശനമാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം

By Web TeamFirst Published Feb 8, 2021, 4:08 PM IST
Highlights

മലപ്പുറത്തെ രണ്ട് സ്കൂളിൽ കൊവിഡ് വ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. പൊന്നാനി താലൂക്കില്‍ രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികളും അധ്യാപരുമടക്കം  262 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാലത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ നിരീക്ഷണം കർശനമാക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. സ്കൂളുകളില്‍ സാമൂഹിക അകലം ഉറപ്പാക്കാണമെന്ന് പ്രധാനാധ്യാപകർക്ക് നിർദേശം നൽകി. സ്കൂളുകളിലെ സ്ഥിതി സംബന്ധിച്ച് പ്രധാനാധ്യാപകർ എല്ലാ ദിവസവും ഡിഡിഇയ്ക്ക് വിശദ റിപ്പോർട്ട് നൽകണമെന്നും വിദ്യഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മലപ്പുറത്തെ മാറഞ്ചേരി, വന്നേരി സ്കൂളുകളിൽ അധ്യാപകരും വിദ്യാർത്ഥികളുമടക്കം 262 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. പുതിയ നടപടികളും നിയന്ത്രണങ്ങളും സംംബന്ധിച്ച് വിശദമായ സർക്കുലർ ഇറങ്ങും. മാറഞ്ചേരി ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ്സില്‍ പഠിക്കുന്ന 14 വയസ്സുള്ള ആണ്‍കുട്ടിക്ക് ഫെബ്രുവരി ഒന്നിനാണ് കൊവിഡ് പൊസിറ്റീവായത്. തൊട്ടടുത്ത ദിവസം സ്കൂളിലെ മൂന്ന് അധ്യാപകര്‍ക്ക് രോഗലക്ഷണമുണ്ടായി. ഇതേ തുടര്‍ന്ന് പ്രദേശത്ത് രോഗ ബാധ പടര്‍ന്നിട്ടുണ്ടോ എന്നറിയാൻ നടത്തിയ   പരിശോധനയിലാണ് 148 കുട്ടികളും 39 ജീവനക്കാര്‍ക്കും രോഗമുള്ളതായി സ്ഥിരീകരിച്ചത്. 

തൊട്ടടുത്ത വന്നേരി സ്കൂളിലെ ഒരു അധ്യാപകന് രോഗ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഈ സ്കൂളിലും പരിശോധന നടത്തി. ഇവിടെ 49 കുട്ടികളെ പരിശോധിച്ചപ്പോള്‍ 39 പേർ പോസിറ്റീവ് ആയി. 36 ജീവനക്കാരെ പരിശോധിച്ചപ്പോള്‍ മുഴുവൻ പേരും പോസിറ്റീവ് ആയി. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം പൊന്നാനിയില്‍  ചേര്‍ന്ന് മുൻകരുതല്‍ നടപടികള്‍ ആരോഗ്യ വകുപ്പ് തയ്യാറാക്കി. കൊവിഡ് ബാധിതരുമായി അടുത്ത സമ്പർക്കത്തിൽ വന്നവരെയെല്ലാം വരും ദിവസങ്ങളിൽ ആർ ടി പി സി ആർ പരിശോധനയ്ക്ക് വിധേയരാക്കും. 

click me!