കോഴിക്കോട്ടെ ഫ്ലാറ്റിൽ കൊവിഡ് സ്ഥിരീകരിച്ച താമസക്കാരുടെ എണ്ണം 11 ആയി

By Web TeamFirst Published Jul 6, 2020, 9:11 PM IST
Highlights

നേരത്തെ ആത്മഹത്യ ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെ കൂടി കണക്കിലെടുത്താൽ ഫ്ലാറ്റിലെ 12 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 
 

കോഴിക്കോട്: നഗരത്തെ ആശങ്കയിലാഴ്ത്തി സ്വകാര്യ ഫ്ലാറ്റിലെ താമസക്കാർക്കിടയിലെ കൊവിഡ് ബാധ. കോഴിക്കോട് പിടി ഉഷ റോഡിലെ ക്രസൻ്റ് ഫ്ലാറ്റിലെ അഞ്ച് പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഫ്ലാറ്റിലെ താമസക്കാരായ ആറ് പേർക്ക് കൂടി കൊവിഡ് ബാധിച്ചിരുന്നു. നേരത്തെ ആത്മഹത്യ ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെ കൂടി കണക്കിലെടുത്താൽ ഫ്ലാറ്റിലെ 12 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 

ചെന്നൈയില്‍ നിന്നെത്തി ക്വാറന്‍റൈനില്‍ കഴിഞ്ഞ ആളില്‍ നിന്നാണ് ഈ ഫ്ലാറ്റിലെ താമസക്കാര്‍ക്ക് കൊവിഡ് പടര്‍ന്നതെന്നാണ് സംശയം. ഈ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനും വെള്ളയിൽ സ്വദേശിയുമായ കൃഷ്ണൻ ഒരാഴ്ച മുൻപ് ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ മൃതദേഹം പ്രോട്ടോക്കോൾ പ്രകാരം കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ആണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 

ഇതേ തുടർന്ന് ഇയാൾ ജോലി ചെയ്യുന്ന സ്വകാര്യ ഫ്ലാറ്റിലെ മുഴുവൻ താമസക്കാരേയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുകയായിരുന്നു. ഇതോടെയാണ് പതിനൊന്ന് പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കൃഷ്ണൻ്റെ വീട്ടുകാരുടേയും അയൽക്കാരുടേയും കൊവിഡ് പരിശോധന ഫലം നെഗറ്റീവായതിനാൽ ഇയാൾക്ക് ഫ്ലാറ്റിൽ നിന്നു തന്നെയാവാം കൊവിഡ് ബാധിച്ചത് എന്നാണ് പ്രാഥമിക നിഗമനം. 

കൃഷ്ണൻ്റെ വീട് സ്ഥിതി ചെയ്യുന്ന വാർഡും ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന വാർഡുമെല്ലാം നിലവിലെ കണ്ടൈൻമെൻ്റ് സോണാണ്. കൊവിഡ് ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ലന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഉറവിടം കണ്ടെത്താനായി മൂന്നംഗ സംഘത്തെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിയമിച്ചു.
 

click me!